Image may be NSFW.
Clik here to view.ഊറാമ്പുലിക്കുപ്പായക്കാരന്‍ പയ്യന്‍ ചോദിച്ചാല്‍ പറയേണ്ട ഉത്തരം ശ്രീധരന്‍ മനസ്സില്‍ ഒരുക്കിവച്ചു; അതിരാണിപ്പാടത്തിന്റെ പുതിയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ-പഴയ കൗതുക വസ്തുക്കള്‍ തേടിനടക്കുന്ന ഒരു പരദേശിയാണു ഞാന്‍..!
അപകര്‍ഷതാ ബോധവും, കണക്കിനോടുള്ള ഭയവും, കുസൃതിയും, അച്ഛനോടുള്ള ഭക്തിയും, ചില്ലറ തല്ലുകൊള്ളിത്തരങ്ങളും, അല്പം സാഹിത്യത്തിന്റെ അസുഖവുമെല്ലാമുള്ള ഒരു ശ്രീധരന്‍ എല്ലാ മലയാളിയുടെ ഉള്ളിലും ഒളിച്ചിരിപ്പുണ്ടാകും. കഴിഞ്ഞ ഏതാനം ദശകങ്ങളില്‍ ജനിച്ച മലയാളിക്ക് മനസ്സിനോട് അടുത്ത് നില്‍ക്കുന്ന നായകകഥാപാത്രമാണ് ശ്രീധരന്‍. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ വായിച്ചപ്പോള്‍ അതിലെ ദാസനോട് തോന്നിയ പ്രണയമല്ല ഒരു ദേശത്തിന്റെ കഥയിലെ ശ്രീധരനോട് തോന്നുന്നത്. മറിച്ച് ഒരു തരം ഏകതാ ബോധമാണ്. ഈ ഏകതാ ബോധമായിരിക്കണം ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ ഇത്രയും ഹൃദ്യമാക്കി തീര്‍ത്തത്.
ശ്രീധരന്‍ മാത്രമല്ല സത്യവും ധര്‍മ്മവും ജീവിതശാസ്ത്രമാക്കിയ കൃഷ്ണന്‍ മാസ്റ്റര്‍ , തലമുറകളായി ഐശ്വര്യത്തിലും പ്രതാപത്തിലും വര്‍ത്തിച്ച കേളഞ്ചേരി തറവാടിനെ നശിപ്പിക്കുകയും സ്വയം നശിക്കുകയും ചെയ്ത കുഞ്ഞിക്കേളുമേലാന്‍ , കോരന്‍ ബടഌ , കുളൂസ് പറങ്ങോടന്‍ , പെരിക്കാലന്‍ അയ്യപ്പന്‍ , ആധാരം ആണ്ടി, ശകുനിക്കമ്പൗണ്ടര്‍ , മീശക്കണാരന്‍ , കൂനന്‍ വേലു, ഞണ്ടുഗോവിന്ദന്‍ , തടിച്ചി കുങ്കിയമ്മ, വെള്ളക്കൂറ കുഞ്ഞിരാമന്‍ , കുടക്കാല്‍ ബാലന്‍ അങ്ങനെ എത്രയെത്രെ കഥാപാത്രങ്ങളാണ് മലയാളിയുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത്.
മലയാളിക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ലാത്ത ഒരു നോവലാണ് ഒരു ദേശത്തിന്റെ കഥ. സഞ്ചാര സാഹിത്യകാരനായ എസ് കെ പൊറ്റക്കാട്ടിന്റെ മാസ്റ്റര്‍ പീസ് എന്ന് പറയാവുന്ന നോവലാണിത്. ശ്രീധരന്റെ കഥ എന്നതിലുപരിയായി അതിരാണിപ്പാടത്തെ നൂറുകണക്കിന് ആള്‍ക്കാരുടെ ജീവിത കഥകൂടിയാണീ നോവല്‍ പറയുന്നത്. മലബാറിന്റെ ഹൃദയത്തില്‍ മായാത്ത മുറിവുകള്‍ ഉണ്ടാക്കിയ മാപ്പിള ലഹളയെക്കുറിച്ചും, സ്വാതന്ത്ര്യ സമരത്തിന്റെ അവസാന ഘട്ടത്തെക്കുറിച്ചുമെല്ലാം ഈ നോവലില്‍ പരാമര്‍ശമുണ്ട്. ആ വകയില്‍ ഇതൊരു ചരിത്ര നോവല്‍ ആണെന്ന് പറയാം.
Image may be NSFW.
Clik here to view.കാലങ്ങള്‍ക്ക് ശേഷം ജനിച്ചു വളര്‍ന്ന അതിരാണിപ്പാടം എന്ന ഗ്രാമം സന്ദര്‍ശിക്കാനായി എത്തുന്ന ശ്രീധരനിലൂടെയാണ് കഥ വികസിക്കുന്നത്. പുതിയകാലത്തിന്റെ വിത്തുകള്‍ വീണുമുളച്ച ഗ്രാമം തന്നെയും തനിക്ക് പ്രിയപ്പെട്ടതൊക്കെയും മായിച്ചുകളഞ്ഞ പച്ചപ്പിനേയും വീടുകളെയും മനുഷ്യരേയും ശ്രീധരന്‍ ഓര്‍ത്തെടുക്കുന്നു. അതീവ ഹൃദ്യമായ രചനാരീതിയും അവതരണഭംഗിയുമുള്ള ഈ നോവല്‍, എഴുത്തുകാരന്റെ ആത്മകഥാംശങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് കരുതപ്പെടുന്നു.
ഒരു ദേശത്തിന്റെയും അവിടെ ജീവിച്ച തലമുറയുടെയും ഹൃദയത്തുടിപ്പുകള്‍ വശ്യസുന്ദരമായി ഇതള്‍ വിരിഞ്ഞപ്പോള്‍ ഒരു ദേശത്തിന്റെ കഥ അതിരാണിപ്പാടത്തിന്റെ മാത്രം കഥയല്ലാതായി. ലോകത്തേത് ദേശത്തു ചെന്നാലും ഈ കഥാപാത്രങ്ങളെ മറ്റൊരു പേരില്‍ വേറൊരു ഭാഷ സംസാരിക്കാവുന്നരായി കണ്ടെത്താം. അതുകൊണ്ടുതന്നെ വലിയ സ്വീകാര്യതയാണ് ഈ നോവലിന് വായനക്കാര്‍ നല്‍കിയതും ഇപ്പോഴും നല്‍കി വരുന്നതും.
ഒരു ദേശത്തിന്റെ കഥ 1971ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ജ്ഞാനപീഠപുരസ്‌കാരവും കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡും സ്വന്തമാക്കിയ 1996 ല്‍ ആണ് ഡി സി ബുക്‌സ് ആദ്യമായി നോവല്‍ പ്രസിദ്ധീകരിക്കുന്നത്. വായനക്കാര്‍ ഇന്നും ആവേശത്തോടെ സ്വീകരിക്കുന്ന പുസ്തകത്തിന്റെ 31-ാമത്
ഡി സി പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.