മാലതി ഹൊള്ള..!
‘ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് ഒരു പക്ഷിയെപ്പോലെ നിര്‍ഭയമായി എനിക്കു പറക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍,’ എന്നാഗ്രഹിക്കുന്ന, ഒരു ചക്രക്കസേരയിലുന്നു ലോകത്തെയാകെ വിസ്മയിപ്പിച്ച സ്‌പോര്‍ട്‌സ് താരം.
മാലതി ഹൊള്ള തന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ചെലവാക്കിയിട്ടുള്ളത് ഈ ചക്രക്കസേരയില്‍ ഇരുന്നായിരിക്കാം. പക്ഷേ, അത്യുഗ്രമായ മനഃശക്തിയുള്ള ഒരു സ്ത്രീയാണ് അവര്‍. അത് അവരെ ലോകത്തിന്റെ വിദൂരമൂലകളില്‍പോലും എത്തിച്ചിട്ടുണ്ട്, വിവിധ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പാരാലിംപിക്‌സ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍ വെല്‍ത്ത് ഗെയിംസ്, വേള്‍ഡ് മാസ്‌റ്റേഴ്‌സ്ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട്. അവിടെനിന്നെല്ലാംകൂടി, കേള്‍ക്കുന്നവരില്‍ സംഭ്രമം ഉളവാക്കുവിധം അവര്‍ 300-ല്‍പരം മെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്! ആരെയും മോഹിപ്പിക്കുന്ന അര്‍ജ്ജുന, പത്മശ്രീ പുരസ്‌കാരങ്ങളുടെ വിശിഷ്ടജേതാവുകൂടിയാണ് അവര്‍. കായികകലാരംഗത്ത് അവര്‍ അറിയപ്പെടുന്നത് ‘ചാംപ്യന്മാരില്‍ ചാംപ്യന്‍’ എന്നാണ്.
ഓര്‍മ്മവച്ചനാള്‍ മുതല്‍ ചക്രക്കസേരയില്‍ കഴിച്ചുകൂട്ടിയ…മാലതി ഹൊള്ള തന്റെ പ്രചോദനാത്മകമായ ജിവിതകഥ പങ്കുവയ്ക്കുകയാണ് സുധമോനോന്‍, വി ആര്‍ ഫിറോസ് എന്നിവര്‍ തയ്യാറാക്കിയ കൈയൊപ്പ് എന്ന പുസ്തകത്തിലൂടെ…
മാലതിയുടെ ജീവിതകഥയില്‍നിന്നൊരു ഭാഗം;
ഞാന്‍ വന്നതുപോലയുള്ള ഒരു സാഹചര്യത്തില്‍നിന്നു വന്ന്, ശാരീരികമായി കഴിവുള്ള ആളുകള്‍ക്കുപോലും സാധിക്കാത്ത നേട്ടങ്ങള്‍ കൊയ്‌തെടുത്ത എന്റെ ജീവിതയാത്ര ഒരു കണ്ടുപിടുത്തത്തിന്റേത് ആയിരുന്നു. ഞാന്‍ ഈ നിമിഷത്തിനുവേണ്ടി ജീവിക്കുന്നു, അംഗീകരിക്കുന്നതിന്റെ ശ്രേഷ്ഠത എനിക്കറിയാം. ഞാന്‍ ഒരിക്കലും മുറുമുറുക്കില്ല, കുണ്ഠിതപ്പെടില്ല, അതേച്ചൊല്ലി ഒച്ചവയ്ക്കുകയും ചെയ്യില്ല. ജീവിതം എനിക്ക് ഒരു മനോഹരമായ അനുഭവമോ നിമിഷമോ നല്‍കുന്നുണ്ടെങ്കില്‍ ഞാന്‍ അതില്‍ നനഞ്ഞുകുതിരും, അത് ആഘോഷിക്കും, കാരണം അത് എന്നെ സന്തുഷ്ടയാക്കും. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ ഞാന്‍ എന്റെ ജീവിതത്തില്‍നിന്ന് ദുഃഖം എന്ന വികാരം ഒഴിവാക്കി. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ പ്രണയത്തിലായിരുന്നു, വിവാഹിതയാകുന്നതിന് നിശ്ചയിക്കുകയും ചെയ്തിരുന്നു. പക്ഷേ, പെട്ടെന്ന് ഒരു ദിവസം ആ ബന്ധം അവസാനിച്ചു, കാരണം അംഗപരിമിതി നേരിടുന്ന ഒരു വ്യക്തിയെ വിവാഹം കഴിക്കുന്നതിന് അയാള്‍ ആഗ്രഹിച്ചില്ല. അതിനുശേഷം ഞാന്‍ വളരെ ഇരുളടഞ്ഞ ഒരു ദശയിലൂടെ കടന്നുപോയി, എനിക്ക് മാത്രം എന്തുകൊണ്ട് മറ്റുള്ളവരെപ്പോലെ ജീവിക്കുന്നതിന് കഴിയുന്നില്ല എന്നു ചോദ്യം ചെയ്തുകൊണ്ട്. ഞാന്‍ എന്റെ മാതാപിതാക്കളെ ശപിച്ചു, ലോകത്തെയും ബ്രഹ്മാണ്ഡത്തെത്തന്നെയും ശപിച്ചു. ഒരു വിവാഹജീവിതം ഞാന്‍ ആഗ്രഹിച്ചു. എനിക്ക് എന്റെ സ്വന്തം കുഞ്ഞുങ്ങള്‍ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. സര്‍വ്വശക്തനായ ദൈവം എന്തുകൊണ്ട് ഇത്ര ക്രൂരമായി എന്നില്‍നിന്ന് അതെല്ലാം എടുത്തുകളഞ്ഞു എന്ന് എനിക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. പക്ഷേ, അവര്‍ പറയുമ്പോലെ ഓരോ ഇരുണ്ട മേഘത്തിനും പിന്നില്‍ ഒരു രജതരേഖ ഉണ്ടാകും. എന്റെ ജീവിതത്തിന്റെ പ്രണയം എന്നെ നിരാകരിച്ചതിന്റെ കൃത്യം അടുത്ത ആഴ്ചയില്‍തന്നെ, ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനുള്ള അവസരം എനിക്കു ദൈവം നല്‍കി. മത്സരത്തിനായി എനിക്ക് ബംഗളുരു വിട്ട് മറ്റൊരു നഗരത്തിലേക്കു പോകേണ്ടതുണ്ടായിരുന്നു.
തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ ഹൃദയത്തകര്‍ച്ച മറക്കുന്നതിനായി ദൈവം എനിക്കൊരു മനോഹരമായ അവസരം നല്‍കുകയായിരുന്നു എന്ന് എനിക്കു മനസ്സിലാകുന്നുണ്ട്. എന്റെ മുഴുവന്‍ ദിവസങ്ങളും ഞാന്‍ പരിശീലനമൈതാനങ്ങളില്‍തന്നെ കഴിച്ചുകൂട്ടി. എന്നെത്തന്നെ വെളിവാക്കുന്നതിനൊന്നും ആയിരുന്നില്ല അത്. മറിച്ച്, നിരാസത്തിന്റെയും വഞ്ചനയുടെയും വേദന മറക്കുന്നതിനുവേണ്ടി ആയിരുന്നു. ഞാന്‍ ദേശീയനിരയിലുള്ള ഒരു ചാംപ്യന്‍ അത്‌ലറ്റ് ആയി. പക്ഷേ, ഞാന്‍ എന്റെ വേദനകളില്‍ ദഹിക്കുകയായിരുന്നു. ഇത്ര മോശമായ രീതിയില്‍ ദൈവം എന്നെ ശിക്ഷിക്കത്തക്കവിധം ഞാന്‍ എന്തു തെറ്റാണു ചെയ്തതെന്ന് ഞാന്‍ അത്ഭുതപ്പെട്ടുകൊണ്ടേയിരുന്നു. പക്ഷേ, ജീവിതത്തിന്റെ മഹാത്ഭുതത്തിലേക്ക് ഒന്നു നോക്കൂ. എന്റെ ജീവിതത്തിലെ ഒരു അതിഭയങ്കര തിരിച്ചടിക്കുശേഷം, ഞാന്‍ ഒരു അഭിമാനാര്‍ഹമായ പരിപാടിയില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു, സ്വര്‍ണ്ണമെഡല്‍ നേടുകയും ചെയ്തു. ആ മെഡല്‍ എന്റെ ക്ലേശങ്ങളെയും, കഠിനതരപരിശീലനത്തിന്റെ മണിക്കൂറുകളെയും നീതീകരിച്ചു. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം പുരസ്‌കാരത്തിന്റെ ഏറ്റവും വിലയേറിയ ഭാഗം, എനിക്ക് എന്റെ ഹൃദയവേദനയെ അതിജീവിക്കുവാന്‍ കഴിഞ്ഞു എന്നതാണ്. മഹാത്ഭുതകരമെന്നു പറയട്ടെ, അത് അദൃശ്യമായിത്തീര്‍ന്നു. ഇന്ന് എനിക്ക് അയാളുമായുണ്ടായിരുന്ന ബന്ധത്തെ ഒരു സ്പഷ്ടമായ വെളിച്ചത്തില്‍ കാണുവാന്‍ കഴിയുന്നുണ്ട്. അയാള്‍ ഇന്ന് സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നു, രണ്ടു കുട്ടികളുടെ അച്ഛനുമാണ്.
എന്റെ ജീവിതകഥയിലെ വെറും ഒരു അദ്ധ്യായം മാത്രമാണ് എന്റെ പരാജയപ്പെട്ടുപോയ പ്രണയബന്ധം. സംഭവിച്ചുപോയതിനെക്കുറിച്ചോ ഞാന്‍ ആഗ്രഹിച്ച രീതിയില്‍ അതു പര്യവസാനിക്കാത്തതിനെ ക്കുറിച്ചോ എനിക്ക് ഇപ്പോള്‍ യാതൊരു തരത്തിലുള്ള പശ്ചാത്താപവും ഇല്ല. ഞാന്‍ അയാളെ വിവാഹം ചെയ്തിരുന്നുവെങ്കില്‍ സ്വാര്‍ത്ഥതാപൂര്‍വ്വം ഞങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളെ മാത്രം പരിചരിച്ചുകൊണ്ട് എന്റെ ജീവിതം വീട്ടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെടുമായിരുന്നു. ഇന്ന് ഞാന്‍ ഇരുപതു കുട്ടികളുടെ അമ്മയാണ്, അവര്‍ക്കു ഞാന്‍ ജന്മം നല്‍കിയിട്ടില്ലെങ്കില്‍കൂടി. ഇനി വരാനിരിക്കുന്ന വര്‍ഷങ്ങളില്‍, കൂടുതല്‍ മക്കളുടെകുറഞ്ഞത് ഒരു നൂറു പേരുടെ എങ്കിലുംഅമ്മയായിത്തീരുന്നതിന് ഞാന്‍ ആഗ്രഹിക്കുന്നു. അത് വെറുമൊരു ബാലിശമായ സ്വപ്‌നമായിരിക്കാം. പക്ഷേ, അത് എന്റെ സ്വപ്‌നമാണ്, വിവേകപൂര്‍ണ്ണമായ സ്വപ്‌നങ്ങള്‍ മാത്രമേ കാണുവാന്‍ പാടുള്ളൂ എന്ന് ആര്‍ക്കും എന്നോടു പറയാനാവില്ല.
അംഗപരിമിതിയുള്ള കുട്ടിയായി ജനിച്ചത് ദൈവം എനിക്കു നല്‍കിയ വരപ്രസാദമാണെന്ന് ഞാന്‍ കണക്കാക്കുന്നു. മറ്റേതൊരു ആളെയുംപോലെ, ഒരു സാധാരണ വ്യക്തിയെപ്പോലെ ആയിരുന്നു ഞാന്‍ ജനിച്ചിരുന്നതെങ്കില്‍, ഞാന്‍ തികച്ചും സാധാരണമായി ഒരു ജീവിതം നയിക്കുമായിരുന്നു, തിന്ന്, കുടിച്ച്, ഉറങ്ങി, സ്വന്തം ആവശ്യങ്ങള്‍ക്കു ചുറ്റും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ജീവിതം. നമ്മള്‍ ഒരു ജീവിതമേ ജീവിക്കുന്നുള്ളൂ, എന്റെ മനസ്സുപ്രകാരം രാജാവായി ജീവിക്കുന്നതിലും നല്ലത് ഒരു സഹായിയായി ജീവിക്കുന്നതാണ്! എന്റെ യാത്ര ഞാന്‍ തുടങ്ങിയേടത്തുനിന്ന് ഇന്നു ഞാന്‍ വളരെ ദൂരം വന്നിരിക്കുന്നു. പക്ഷേ, ഞാന്‍ തീരെ അതൃപ്തയായൊരു ജീവിയാണ്. കാരണം ഇനിയും ചെയ്തു തീര്‍ക്കുന്നതിനായി വളരെയധികം കാര്യങ്ങള്‍ അവശേഷിച്ചിട്ടുണ്ട്. ഒരു അംഗപരിമിതിയുള്ള വ്യക്തി എന്ന നിലയ്ക്കുള്ള എന്റെ ഓരോ ദിവസത്തെ ജീവിതവും ഒരു പോരാട്ടമാണ്. പക്ഷേ, ആ പോരാട്ടത്തിന്റെ ഓരോ നിമിഷവും എന്നെ ജീവിതത്തെക്കുറിച്ചു പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. എനിക്കു പൂര്‍ണ്ണതൃപ്തിയും സന്തോഷവും തോന്നുന്ന ദിവസം എന്റെ ജീവിതത്തിന്റെ അവസാനദിവസം ആയിരിക്കണം. എന്റെ ഏറ്റവും ഉത്തമമായ അവസ്ഥ ഇനിയും വരാനിരിക്കുന്നതേയുള്ളൂ…