പി കെ രാജശേഖരന്റെ ‘കഥാന്തരങ്ങള്‍, താരാബായ് ശിന്ദെയുടെ സ്ത്രീപുരുഷ തുലനം എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെ അഞ്ചാം ദിവസമായ ആഗസ്റ്റ് 4ന് വൈകിട്ടാണ് പുസ്lകങ്ങള്‍ പ്രകാശിപ്പിക്കുന്നത്. സുനില്‍ പി ഇളയിടം, സിസ്റ്റര്‍ ജെസ്മി, പി എഫ് മാത്യൂസ്, പി കെ രാജശേഖരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പി കെ രാജശേഖരന്റെ കഥാപഠനങ്ങളുടെ സമാഹാരമാണ് ‘കഥാന്തരങ്ങള്‍’. പുരുഷാധിപത്യത്തിനെതിരെ 1882 ല്‍ പ്രസിദ്ധീകരിച്ച താരാബായ് ശിന്ദെയുടെ പുസ്തകമാണ് ‘സ്ത്രീപുരുഷ തുലനം’.
ജൂലൈ 30 ന് ആരംഭിച്ച പുസ്തകമേളയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 350 ലേറെ പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. പെന്‍ഗ്വിന്റാന്‍ഡം ഹൗസ്, ഹാപ്പര്‍കോളിന്‍സ്, ഒക്‌സ്‌ഫോഡ് യൂണിവേഴ്സ്റ്റി പ്രസ് തുടങ്ങി പ്രമുഖപ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. എല്ലാദിവസവും വൈകീട്ട് 5.30 ന് പുസ്തകപ്രകാശനങ്ങളും സാംസ്‌കാരിക പരിപാടികളും നടക്കുന്നുണ്ട്.
സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ ‘സമുദ്രത്തിലേക്കു മാത്രമല്ല’, കെ. ജയകുമാര്‍ എഴുതിയ ‘നില്പുമരങ്ങള്‍’, കുരീപ്പുഴ ശ്രീകുമാറിന്റെ ‘ഉപ്പ‘, സെബാസ്റ്റ്യന്‍ എഴുതിയ ‘അറ്റുപോകാത്തവര്‍’, ബാലചന്ദ്രന്‍ചുള്ളിക്കാടിന്റെ അറുപതുകവിതകളുടെ സമാഹാരമായ ‘രക്തകിന്നരം‘, എന്‍.എസ്. മാധവന്‍ എഡിറ്റ് ചെയ്ത ‘കേരളം 60 മലയാള കഥകള്‍’, ബെന്യാമിന്റെ എന്റെ പ്രിയപ്പെട്ട കഥകള്‍, വി. മുസഫര്‍ അഹമ്മദ് എഴുതിയ’ മരിച്ചവരുടെ നോട്ടുപുസ്തകം എന്നീ പുസ്തകങ്ങള്‍ ഇതിനോടകം പ്രകാശിപ്പിച്ചുകഴിഞ്ഞു.
മേള കാണുന്നതിനും പുസ്തകപ്രകാശനങ്ങളില്‍ പങ്കെടുക്കുന്നതിനുമായി നിരവധി വായനക്കാരാണ് എത്തുന്നത്. ആഗസ്റ്റ് 15ന് പുസ്തകോത്സവം സമാപിക്കും.