ശുദ്ധസംഗീതത്തിന്റെ താളവും ഈരടികളും കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നവരാണ് ഏറെ ആളുകളും. മനസ്സിനെ മടുപ്പിക്കുന്ന വേദനയിലും, ആഹ്ലാദതിമിര്‍പ്പില്‍ മനസ്സ് തുള്ളിച്ചാടുമ്പോഴും, പ്രണയത്തിന്റെയും വിരഹവേദനയുടെയും അപാരസുഖം നുണയുമ്പോഴുമെല്ലാം നമ്മള്‍ അതിനനുസരിച്ച പാട്ടുകള്‍ കേള്‍ക്കാറുണ്ട്. ഇങ്ങനെ മലയാളിയുടെ സംഗീതാസ്വാദനത്തിന് ഓരോരോ കാരണങ്ങളാണ്. അത് മറ്റൊന്നും കൊണ്ടല്ല, വൈകാരിക മുഹൂര്‍ത്തങ്ങളെ തൊട്ടുണര്‍ത്തുന്ന..അത്രയ്ക്ക് സ്വാധീനിച്ച ഗാനങ്ങളാണ് നമ്മുടെ സംഗീതലോകത്തുള്ളത്. മനസ്സില്‍ മധുരമൂറുന്ന പാട്ടുകളുടെ ഒരു വസന്തകാലം നമുക്ക് സമ്മാനിച്ച് മണ്മറഞ്ഞ സംഗീതപ്രതിഭകള്‍ ഒരുപാടുണ്ട് നമ്മുടെ സിനിമാലോകത്ത്.
സലില്‍ ചൗധരി, ബോംബെ രവി, ദേവരാജന്‍. എം.ബി.ശ്രീനിവാസന്‍, ബാബുരാജ് തുടങ്ങി രവീന്ദ്രന്‍, ജോണ്‍സണ്‍, എം.ജി.രാധാകൃഷ്ണന്‍ വരെ ആ പട്ടിക നീളുന്നു. ഇവരില്‍ പലരും അകാലത്തില്‍, പാടാന്‍ ഒരുപാട് ബാക്കിവെച്ച് കടന്നുപോയവരാണ്. പാടാത്ത പാട്ടുകള്‍ക്ക് മാധുര്യമേറുന്നതുപോലെ, ഇവരുടെ ഓര്‍മ്മകള്‍ക്കും സുഗന്ധമേറെയാണ്. ആ ഓര്‍മ്മകള്‍ പാട്ടിന്റെ വഴിയിലൂടെ ഇവര്‍ക്കൊപ്പം നടന്ന പ്രിയകവി ഒ.എന്‍.വിയുടേതാകുമ്പോള്‍ അതിന് ചാരുതയേറെയാണ്.
മലയാളിയുടെ ഹൃദയത്തെ തൊട്ടുണര്‍ത്തിയ, നിത്യജീവിതത്തെ സ്വാധീനിച്ച ഒരായിരം ഗാനങ്ങള്‍ സമ്മാനിച്ച നമ്മുടെയെല്ലാം സ്വാകാര്യ അഹങ്കാരമായ കവി ഒ.എന്‍.വി.കുറുപ്പാണ് ലോകത്തിനു മുന്നില്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തി വിടചൊല്ലിപ്പിരിഞ്ഞ സംഗീത സംവിധായകരെ അനുസ്മരിക്കുന്നത്. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന പുസ്തകത്തിലൂടെ തന്റെ പ്രിയപ്പെട്ട ഗാനരചനകളെ ഈണത്തില്‍ ചിറകിലേറ്റിഘോഷിച്ച വിശ്രുത ചലച്ചിത്രസംഗീതകാരന്മാരോടൊപ്പം നിവര്‍ത്തിച്ച പാട്ടുകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഒഎൻവി പങ്കിടുന്നത്. ഒഎൻവി രചനയ്ക്ക് ആദ്യമായി സംഗീതം പകര്‍ന്ന ജി ദേവരാജനില്‍ തുടങ്ങി എ.ടി ഉമ്മര്‍, എം.ജി.രാധാകൃഷ്ണന്‍ വരെയുള്ളവരുമായി പങ്കിട്ട ജന്മാന്തരസൗഹൃദത്തിന്റെ സുന്ദരമായ നിമിഷങ്ങളാണ് അദ്ദേഹം ഈ പുസ്തകത്തില്‍ വരച്ചിട്ടിരിക്കുന്നത്.
ആകാശവാണിക്കു വേണ്ടി പാട്ടെഴുതിയതും, കെപിഎസിക്കുവേണ്ടി നാടകഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തിയതും പിന്നീട് ചലച്ചിത്രസംഗീതലോകത്തേക്ക് കടന്നുവന്നതും അതിനു വഴിതെളിച്ച സാഹചര്യങ്ങളും അതിനിടയാക്കിയ സൗഹൃദങ്ങളും എല്ലാം ഒഎന്‍വി അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന ഓര്‍മ്മ പുസ്തകത്തില്‍ കുറിച്ചിട്ടിരിക്കുന്നു. കൂട്ടത്തില്‍ അന്ന് രൂപപ്പെടുത്തിയെടുത്ത നാടകചലച്ചിത്രഗാനങ്ങളും ചേര്‍ത്തിരിക്കുന്നു.
ആയിരക്കണക്കിന് ഗാനങ്ങള്‍ സമ്മാനിച്ച് നിത്യതയിലേക്ക് മടങ്ങിയ ഒഎൻവിയുടെ എണ്‍പത്തിനാലാം പിറന്നാള്‍ ദിനത്തിലാണ് ഈ ഓര്‍മ്മപ്പുസ്തകം ആദ്യമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത് എന്ന പ്രത്യേകതയുമുണ്ടിതിന്. കൂടാതെ നമ്മെ വിട്ടുപിരിഞ്ഞ വിഖ്യാതരായ സംഗീത സംവിധായകരുമായി ചേര്‍ന്ന് ഒ.എന്‍.വി സൃഷ്ടിച്ച കാവ്യലോകം വെളിപ്പെടുത്തുന്നതിനൊപ്പം മലയാളത്തെ അനുഭൂതികളുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ആ വരികളും ആസ്വദിക്കാനുള്ള അവസരം അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ഒരുക്കുന്നു. ഒഎൻവി എന്ന കാവ്യ സൂര്യനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മക്കളുടെയും ചെറുമക്കളുടെയും ഓര്‍മ്മക്കുറിപ്പുകളും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.