കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ചുമത്തിയിരുന്ന എല്ലാ പരോക്ഷ നികുതികെളയും ഒഴിവാക്കിക്കൊണ്ട് ദേശീയതലത്തില്‍ നടപ്പിലാക്കുന്ന മൂല്യാധിഷ്ഠിത നികുതി സമ്പ്രദായമാണ് ചരക്കുസേവനനികുതി അഥവാ ജിഎസ്ടി (ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ്ടാക്‌സ്). പലതരത്തിലുള്ള നികുതികള്‍ ആവര്‍ത്തിക്കുന്നതും അന്തിമമായി ഉപഭോക്താക്കള്‍ അവയ്‌ക്കെല്ലാം പണം നല്‍കുന്നതും ഒഴിവാക്കുന്നു എന്നതാണ് ജിഎസ്ടിയുടെ ഏറ്റവും നല്ല വശം. വര്‍ഷങ്ങളായുള്ള ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷവും ഘട്ടംഘട്ടമായുള്ള പല നികുതിപരിഷ്‌കരണത്തിനും ശേഷമാണ് ജിഎസ്ടി അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ഈ ജൂലൈ 1 മുതല്‍ നടപ്പിലാക്കിയത്. ജിഎസ്ടി നടപ്പിലായി ഒരു മാസം കഴിഞ്ഞുവെങ്കിലും അവയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പുസ്തകങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് വില്പന നികുതികള്‍ ചുമത്തുന്നില്ല എന്നതിനാല്‍ പുസ്തകങ്ങള്‍ക്ക് നേരിട്ട് ജിഎസ്ടി ബാധകമാകുന്നില്ല. 1952-നു മുമ്പ് അച്ചടിച്ച പുസ്തകങ്ങള്‍ക്കും വില്പന നികുതി ബാധകമായിരുന്നു. എന്നാല്‍ ഡി സി കിഴക്കെമുറിയുടെ ശ്രമഫലമായി ഇന്ത്യയില്‍ ആദ്യം തിരു-കൊച്ചിയില്‍ പുസ്തകങ്ങളെ നികുതിയില്‍നിന്നും ഒഴിവാക്കി. ഇത് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം ഇതില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയൊട്ടാകെ ഇത്തരമൊരു പരിഷ്‌കാരം കൊണ്ടുവരണമെന്നും ദേശീയവികസന സമിതിയില്‍ നിര്‍ദേശിക്കുകയും അങ്ങനെ ദേശീയതലത്തില്‍ത്തന്നെ പുസ്തകങ്ങളെ വില്പനനികുതിയില്‍നിന്നും ഒഴിവാക്കുകയുമായിരുന്നു ചെയ്തത്.
ചരക്കുസേവനനികുതിയെക്കുറിച്ചുള്ള എല്ലാവിവരങ്ങളും അടങ്ങിയ പുസ്തകമാണ് ജിഎസ്ടി അറിയേണ്ടതെല്ലാം. ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് നിലവില്‍വന്ന ചരക്കുസേവന നികുതി അഥവാ GSTയെക്കുറിച്ച് പൊതുജനങ്ങള്‍ക്കും ചെറുകിടസംരംഭകര്‍ക്കുമുള്ള ആശങ്കകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ആരൊക്കെയാണ് GST അടയ്‌ക്കേണ്ടത്? ഓഹരി ഇടപാടുകള്‍ക്ക്GST ഉണ്ടോ?GST നികുതി ഇല്ലാത്തവ ഏതൊക്കെയാണ്? വിനോദ നികുതി, ആഡംബര നികുതി എന്നിവ GSTയില്‍ ലയിക്കുമോ? GSTയുടെ നേട്ടങ്ങള്‍ എന്തൊക്കെയാണ്? സാധാരണക്കാര്‍ക്ക് GST എങ്ങനെ പ്രയോജനപ്പെടുത്താം? ബിസിനസ് ആവശ്യങ്ങള്‍ക്കല്ലാത്ത വില്‍ക്കലിന് GST നല്‍കേണ്ടതുണ്ടോ?…തുടങ്ങി സംശയങ്ങള്‍ ഇനിയും ബാക്കി.
GSTയെ സംബന്ധിച്ചുള്ള സര്‍വ്വ സംശയങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് GST അറിയേണ്ടതെല്ലാം. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷനില്‍ അദ്ധ്യാപകനുമായ ജോസ് സെബാസ്റ്റ്യന്‍
ആണ് പുസ്തകം രചിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് എളുപ്പം മനസ്സിലാക്കാനാവുംവിധം ലളിതവും സുഗ്രഹവുമായ ശൈലിയിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.