മലയാളത്തിലെ നോവല്‍സങ്കല്പങ്ങളെയും സിനിമാസങ്കല്‍പങ്ങളെയും മാറ്റിമറിച്ച പി പത്മരാജന്റെ ‘തൂവാനത്തുമ്പികള്‍ക്ക് മുപ്പത് വയസ്സ്. മലയാളിയുടെ രതിപ്രണയസങ്കല്‍പങ്ങളെ മാറ്റിമാറിച്ച ഈ സിനിമ 1987 ലാണ് റിലീസായത്. ഇറങ്ങിയ സമയത്ത് അത്രകണ്ട് ഹിറ്റായില്ലെങ്കിലും പിന്നീട് പ്രേക്ഷകശ്രദ്ധനേടിയെടുക്കുകയായിരുന്നു ഈ ചലച്ചിത്രം.
തന്റെ തന്നെ നോവലായ ഉദകപ്പോളയെ ആസ്പദമാക്കിയാണ് പത്മരാജന്‍
തൂവാനത്തുമ്പികള്‍ എന്ന ചലച്ചിത്രകാവ്യത്തിന് തിരക്കഥ രചിച്ചത്. മോഹന്‍ ലാല്‍,സോമന്‍,ജഗതി,പാര്‍വതി,സുമലത തുടങ്ങിയ വന്‍നിര താരങ്ങളാല്‍ സമൃദ്ധമാണ് തൂവാനത്തുമ്പികള്‍. ശ്രീകുമാരന്‍ തമ്പി രചിച്ച ഗാനങ്ങള്‍ക്ക് പെരുമ്പാവൂര്‍. ജി.രവീന്ദ്രനാഥാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജോണ്‍സന്റെ പശ്ചാത്തല സംഗീതം. പ്രണയത്തിന്റെ ചൂടും രതിയുടെ അഗ്‌നിയുമാണ് തൂവാനത്തുമ്പികള്‍. പ്രണയിക്കുന്നവര്‍ പരസ്പരം സ്വന്തമാകാതിരിക്കുകയും പ്രണയിക്കാത്തവര്‍ സ്വന്തമാകുകയും ചെയ്യുന്ന മനുഷ്യവിധിയുടെ ചിലപ്പോള്‍ സംഭവിക്കുന്ന വൈരുദ്ധ്യമാണ് സിനിമയുടെ കേന്ദ്രബിന്ദു.
ജയകൃഷ്ണന്‍ എന്ന മോഹന്‍ ലാല്‍ പ്രണയിക്കുന്ന ക്ലാര എന്ന സുമലത ഒടുവില്‍ സാധാരണ സംഭവിക്കും പോലെ വിവിധ പ്രശ്‌നങ്ങളാല്‍ അയാളെ വിട്ടുപോകുന്നു. ആ വിരഹത്തിനിടയില്‍ എല്ലാം അറിഞ്ഞുകൊണ്ട് രാധ എന്ന പാര്‍വതി ജയകൃഷ്ണനായി കാത്തിരിക്കുകയും അവള്‍ക്ക് അയാള്‍ സ്വന്തമാകുകയും ചെയ്യുന്നു. പ്രണയത്തിന്റെയും കാമത്തിന്റെയും ചൂടു പകര്‍ന്നു തന്ന ക്ലാരയെ ജയകൃഷ്ണനു മറക്കാനാവുന്നില്ല. ഒടുവില്‍ ഭര്‍ത്താവ് മോനി ജോസഫും കുട്ടിയുമായി ജയകൃഷ്ണനെ കണ്ട് ഒരിക്കല്‍ക്കൂടി യാത്രപറയാന്‍ വന്ന ക്ലാരയില്‍ നിന്നും എന്നന്നേയ്ക്കുമായി രാധയിലേക്കു മടങ്ങിപ്പോകുകയാണ് ജയകൃഷ്ണന്‍.
പ്രണയവും കാമവും എന്നും കൃത്രിമമായി അവതരിപ്പിക്കപ്പെടുന്ന മലയാള സിനിമയില്‍ ഇതുരണ്ടും സ്വാഭാവികതയോടെ കൈകാര്യം ചെയ്യുന്നുണ്ട് പത്മരാജന്‍. സഭ്യതയുടെ അതിര്‍ത്തികടക്കാതെയാണ് ഇതിന്റെ നിര്‍വഹണം. മലയാളത്തിലെ എക്കാലത്തേയും മികവുറ്റ പ്രണയ സിനിമയാണ് തൂവാനത്തുമ്പികള്‍. പ്രണയത്തിന്റെയും രതിയുടേയും ചിഹ്നമായി കൊഴുത്ത മഴയും വിരഹമായി വെയിലും ഇഴപിരിയുന്നുണ്ട് ചിത്രത്തില്‍.
അതേസമയം, ഉദകപ്പോള എന്ന നോവല്‍, ചലച്ചിത്രത്തെ അപേക്ഷിച്ച് കൂടുതല്‍ ഇരുണ്ടതാണെന്നു പറയാം. ഉദകപ്പോളയില്‍ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ജയകൃഷ്ണന്‍ എന്ന ഒറ്റ കഥാപാത്രമായി ഇതില്‍ പത്മരാജന്‍ സംയോജിപ്പിച്ചിരിക്കുന്നത്. നാട്ടിന്‍പുറത്തുകാരന്റെയും പട്ടണത്തിലെ ജീവിതം ആസ്വദിക്കുന്ന യുവാവിന്റെയും ദ്വന്ദ്വവ്യക്തിത്വങ്ങള്‍ ജയകൃഷ്ണന്‍ എന്ന കഥാപാത്രം പ്രതിഫലിപ്പിക്കുന്നു. ജയകൃഷ്ണന്‍എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കൈയില്‍ ഭദ്രമായിരുന്നു. മാഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലെ ജയകൃഷ്ണന്‍. മാത്രമല്ല, ഈ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം, മോഹന്‍ലാലിന്റെ അഭിനയം എന്നിവ വളരെ പ്രശംസ പിടിച്ചുപറ്റി. കാരിക്കകത്ത് ഉണ്ണിമേനോന്‍ എന്ന തന്റെ സുഹൃത്തിന്റെ ജീവിതത്തെ ഏറെക്കുറെ ആസ്പദമാക്കിയാണ് പത്മരാജന്‍ ഈ ചിത്രത്തിന്റെ കഥ ചമചിച്ചിരിക്കുന്നത്.
സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങളില്‍ വരെ ഉള്‍പ്പെടുത്തിയിട്ടുള്ള തൂവാനത്തുമ്പികളുടെ തിരക്കഥ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.