പുസ്തകലോകത്തെ പുതുപ്രവണതകള്‍ പരിചയപ്പെടുത്തിക്കൊണ്ട് കൊച്ചി മറൈന്‍ഡ്രൈവില്‍ ആരംഭിച്ച 25-ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേള ശ്രദ്ധേയമാകുന്നു. ജൂലൈ 30 ന് ആരംഭിച്ച പുസ്തകമേളയും അതിനോടനുബന്ധിച്ചുള്ള സാംസ്‌കാരികോത്സവും കാണാന്‍ ആള്‍ത്തിരക്കേറുകയാണ്. വായന മരിക്കുന്നു എന്ന് പരിതപ്പിക്കുമ്പോഴും അങ്ങനെയല്ല, വായനയെയും പുസ്തകങ്ങളെയും പ്രോത്സാഹിപ്പിക്കുന്നവരും വായിക്കുന്നവരും ഏറിവരികയാണ് എന്ന് തെളിയിക്കുകയാണ് പുസ്തകമേളയിലെ ജനപങ്കാളിത്തം. പുതിയതലമുറയിലെ ചെറുപ്പക്കാരാണ് പുസ്തകങ്ങളിലേക്ക് ഏറെ ആകര്‍ഷിക്കപ്പെടുന്നുത്.
ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍, അക്കാദമിക്, മാനേജ്‌മെന്റ് തുടങ്ങി എല്ലാമേഖലയിലെയും പുസ്തകങ്ങള്‍ക്കും മേളയില്‍ ആവശ്യക്കാര്‍ ഏറെയാണ്.
അരുന്ധതി റോയിയുടെ ദി മിനിസ്റ്റ്ട്രി ഓഫ് അറ്റ് മോസ്റ്റ് ഹാപ്പിനെസ്, അമിഷ് ത്രിപാഠിയുടെ സീത, അരിവിന്ദ് അഡിഗയുടെ വൈറ്റ് ടൈഗര്‍ തുടങ്ങിയവയാണ് കൂടുതല്‍ വിറ്റുപോകുന്ന നോവലുകള്‍. നോണ്‍ഫിക്ഷന്‍ പുസ്തങ്ങളില്‍ മുന്നില്‍ നിന്‍ക്കുന്നത് ശശി തരൂരിന്റെ ഇറ ഓഫ് ഡാര്‍ക്ക്‌നെസ്, മനു സി പിള്ളയുടെ ഐവറി ത്രോണ്‍ എന്നിവയാണ്.
എന്നാല്‍ മലയാളത്തില്‍ കഥകളുടെ കാലമാണിത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, ഉണ്ണി ആറിന്റെ കഥകള്‍, സുഭാഷ് ചന്ദ്രന്റെ കഥകള്‍, സക്കറിയയുടെ തേന്‍, എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, കെ ആര്‍ മീരയുടെ കഥകള്‍ തുടങ്ങിയവയാണ് നന്നായി വിറ്റുപോകുന്നത്. നോവലുകളില്‍ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്നിവയും ഓര്‍മ്മക്കുറിപ്പുകളില്‍ ,ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകളും മുന്നില്‍ നില്‍ക്കുന്നു.
ഡോ ജി മാധവന്‍നായരുടെ അഗ്‌നിപരീക്ഷകളാണ് പുസ്തകമേളയിലെ ബെസ്റ്റ് സെല്ലര്‍. വരുംകാലങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയുള്ള പുസ്തകമാണിത്. മലയാള കഥ 60 കഥകള്‍, മലയാളത്തിന്റെ മാമ്പഴക്കാലം, പൂണൂലും കൊന്തയും, കേരളചരിത്രത്തിലെ 10 കള്ളക്കഥകള്‍, തോറ്റചരിത്രം കേട്ടിട്ടില്ല, കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍ സ്ത്രീ മുന്നേറ്റങ്ങള്‍ തുടങ്ങി ഐക്യകേരളപ്പിറവിയുടെ അറുപതാം വര്‍ഷത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് പുറത്തിറക്കിയ പുസ്തകപരമ്പരയും മേളയില്‍ വായനക്കാരുടെ ശ്രദ്ധനേടുന്നുണ്ട്.
കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ പ്രസാധകരുടെയും പുസ്തകങ്ങള്‍ ഡി സി ബുക്‌സ് മേളയില്‍ ഒരുക്കിയിട്ടുണ്ട്. പെന്‍ഗ്വിന്റാന്‍ഡം ഹൗസ്, ഓക്‌സ് ഫര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്, ഹാഷെറ്റ്, ഹാപ്പര്‍ കോളിന്‍സ് തുടങ്ങി നിരവധി പ്രസാധകര്‍ മേളയില്‍ അണി നിരക്കുന്നു. കൂടാതെ കുട്ടികള്‍ക്കായി പ്രത്യേകം സ്റ്റാളുകളും, മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
ആഗസ്റ്റ് 15 വരെയാണ് പുസ്തകമേള.