ഏതു കൃതിയും അപൂര്‍ണ്ണമാണെന്നും വായനയിലൂടെ നിരന്തരം നവീകരിക്കപ്പെട്ട് അത് പൂര്‍ണ്ണത നേടിക്കൊണ്ടിരിക്കുകയാണെന്നും പറയാറുണ്ട്. അര്‍ത്ഥത്തെ വായനയിലൂടെ പൊലിപ്പിച്ചെടുക്കുക. എഴുത്തുകാരന്‍ ചെയ്യാത്തത് വായനക്കാരന്‍ പൂരിപ്പിക്കുക. പറ്റുമെങ്കില്‍ എഴുതാപ്പുറവും വായിക്കുക…
യുവകവി ലതീഷ് മോഹന്റെ ക്ഷ വലിക്കുന്ന കുതിരകള്‍ എന്ന കവിതാസമാഹാരം വായനക്കാര്‍ക്കു മുന്നില്‍ തുറന്നിടുന്നത് വായനയിലൂടെ കവിത നവീകരിക്കപ്പെടാനുള്ള സാധ്യതകളാണ്. കവിത വായിക്കുകയോ വ്യാഖ്യാനിക്കുകയോ അല്ല വേണ്ടതെന്നും ‘ബാധിക്കാന്‍’ ക്ഷമാപൂര്‍വ്വം അനുവദിക്കുകയാണ് വേണ്ടതെന്നും ‘ക്ഷ വലിക്കുന്ന കുതിരകള്‍’ എന്ന പുസ്തകം ശുപാര്‍ശ ചെയ്യുന്നു.
അരണവാല്‍ മോതിരം, മരണാനന്തരം ദിവാകരന്‍ നീറുകളുടെ കൊട്ടാരത്തില്‍, ശശിധരനും ഞാനും തമ്മിലില്ലാത്തത്, രണ്ടു കണ്ണുകള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടി, അസ്വസ്ഥത: ഒരു മഴക്കാലവിനോദം, ചിലന്തികള്‍ വില്പനയ്ക്ക് തുടങ്ങി 41 കവിതകളാണ് ക്ഷ വലിക്കുന്ന കുതിരകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കല്പറ്റ നാരായണന്‍, സനില്‍ വി എന്നിവരുടെ പഠനങ്ങളും പുസ്തകത്തില്‍ ഉണ്ട്.
ഏഴുവര്‍ഷം പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത ലതീഷ് മോഹന്‍ ബാക്‌യാ(ര്‍)ഡ് സിവിലൈസേഷന്‍ (ബി സി) എന്ന കലാകാര കൂട്ടായ്മയുടെ സ്ഥാപക സെക്രട്ടറിയാണ്. എം.ജി, കണ്ണൂര്‍ സര്‍വ്വകലാശാലകളുടെ ബിരുദാനന്തര പാഠ്യപദ്ധതികളില്‍ അദ്ദേഹത്തിന്റെ കവിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പള്‍പ്പ് ഫിക്ഷന്‍, ചെവികള്‍/ചെമ്പരത്തികള്‍ തുടങ്ങിയവയാണ് മറ്റ് കവിതാസമാഹാരങ്ങള്‍. ഇംഗ്ലിഷ് കവിതകളും പ്രസിദ്ധീകരിച്ചിട്ടുള്ള ലതീഷ് ഇപ്പോള്‍ ഡല്‍ഹി ഐ.ഐ.ടിയില്‍ തത്ത്വചിന്തയില്‍ ഗവേഷണം ചെയ്യുന്നു.
The post ക്ഷ വലിക്കുന്ന കുതിരകള്‍ appeared first on DC Books.