ഡോ. ദീപാസ്വരന്റെ കവിതകള്‍ കാര്‍മേഘാവൃതമായ ആകാശത്തേയ്ക്ക് മുഖമുയര്‍ത്തി നില്‍ക്കുന്നവയാണെന്നാണ് പ്രശസ്തകവി കുരീപ്പുഴ ശ്രീകുമാര്‍ അഭിപ്രായപ്പെടുന്നത്. ജലസമൃദ്ധവും സൗന്ദര്യസമ്പുഷ്ടവുമായ, ഏഴഴകിന്റെ കറുപ്പുള്ള ആകാശത്തില്‍ പ്രതിഫലിക്കുന്നത് ആഴക്കടലും കാനനവും നീലത്താമരയും ശംഖുപുഷ്പങ്ങളുമാണെന്ന് അദ്ദേഹം പറയുന്നു.
അരിച്ചരിച്ചു കയറുന്ന വേദനയായി അനുഭവപ്പെടുന്ന ദീപാസ്വരന്റെ കവിതകള്‍ സമാഹരിച്ച പുസ്തകമാണ് കടലെറിഞ്ഞ ശംഖുകള്‍. വേദനയുടെ അഗ്നിസാന്നിധ്യം തരുന്ന കവിതകള്‍ക്കൊപ്പം പ്രതിഷേധത്തിന്റെ മഷിയില്‍ വിരല്‍ തൊട്ടെഴുതിയ കവിതകളും ഈ സമാഹാരത്തിലുണ്ട്. സമീപകാലത്തുണ്ടായ സംഭവങ്ങള്‍ സൃഷ്ടിച്ച നടുക്കങ്ങളാണ് അവയില്‍ പ്രതിഫലിക്കുന്നത്.
സിറിയയിലെ അയ്‌ലന്‍ കുര്‍ദ്ദിയുടെ ദുരന്തമാണ് അമ്മച്ചൂട് എന്ന കവിതയ്ക്ക് പ്രേരണയായിരിക്കുന്നത്. രണ്ടാനമ്മയുടെ ക്രൂരതയ്ക്കിരയായ ഷെഫീക്കിന്റെ ചിത്രങ്ങള്‍ മാ നിഷാദാ എന്ന കവിതയ്ക്ക് വഴി തെളിച്ചു. പുരുഷാധിപത്യത്തിന്റെ എതിര്‍പക്ഷത്തുനിന്ന് പ്രതിഷേധിക്കുകയും ടി.വി സീരിയലുകള്‍ സൃഷ്ടിക്കുന്ന അപചയത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് കടലെറിഞ്ഞ ശംഖുകള്‍ എന്ന സമാഹാരം.
കൊല്ലം മയ്യനാട്, വെള്ളമണല്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോട്ടണി അധ്യാപികയായ ഡോ. ദീപാസ്വരന്‍ വിവിധ കവിതാമത്സരങ്ങളില്‍ സമ്മാനാര്‍ഹയായിട്ടുണ്ട്. വാല്‍മീകി ഗുരുദക്ഷിണ പുരസ്‌കാരവും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
The post കടലെറിഞ്ഞ ശംഖുകള്‍ appeared first on DC Books.