കഴിഞ്ഞ 45 വര്‍ഷങ്ങളായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന മുഖമാണ് ജനാര്‍ദ്ദനന്റേത്. പ്രൊഡക്ഷന്‍ മാനേജരായി ചലച്ചിത്ര ജീവിതം ആരംഭിച്ച് ചെറുവേഷങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ അദ്ദേഹം വില്ലന്‍, സഹനടന്‍, സ്വഭാവ നടന്‍ തുടങ്ങിയ നാഴികക്കല്ലുകള്‍ താണ്ടി സ്വാഭാവിക നര്‍മ്മത്തിലൂടെ മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു. എഴുത്തുകാരനോ വലിയ വായനക്കാരനോ അല്ലാത്ത അദ്ദേഹം ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകളുടെ ഊഷ്മളതയാല്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഇന്നലെയുടെ ഇന്ന്. വൈക്കത്ത് ഉല്ലല എന്ന ഗ്രാമത്തില്‍ സാഹിത്യകാരനായ പറവൂര്‍ കെ ഗോപാലപിള്ളയുടെയും ഗൗരിയമ്മയുടെയും ഇളയ മകനായി ജനിച്ച ജനാര്‍ദ്ദനന്‍ പലയിടത്തായി അലഞ്ഞ് യാദൃച്ഛികമായാണ് ചലച്ചിത്ര മേഖലയില്‍ എത്തിച്ചേര്‍ന്നത്. ചലച്ചിത്രലോകത്തെയും പുറത്തെയും സൗഹൃദങ്ങളിലൂടെയും കുടുംബജീവിതത്തിന്റെ വിവിധഘട്ടങ്ങളിലൂടെ കടന്നുപോയതും ജനാര്‍ദ്ദനന്‍ സ്വന്തംവാക്കുകളിലൂടെ വിവരിക്കുന്നു.
വാക്കുകളുടെ ഊഷ്മളതയാല്‍ ഹൃദ്യമായ ഈ ഓര്‍മ്മക്കുറിപ്പുകളെക്കുറിച്ച് തിരുവനന്തപുരം എം.ജി.കോളേജ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എഴുതിയ പഠനവും പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. ഡി സി ബുക്‌സ് ലിറ്റ്മസ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച ഇന്നലെയുടെ ഇന്ന് 2015 ലാണ് പുറത്തിറക്കിയത്.
ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എഴുതിയ കുറിപ്പില്‍ നിന്ന് ഒരുഭാഗം;
പച്ചമനുഷ്യന്റെ ജീവിതം പറയുന്ന പുസ്തകം
ജീവിതത്തെ അത്രയൊന്നും ഗൗരവപ്പെട്ട ഒന്നായി സമീപിച്ചിട്ടില്ലാത്ത ഒരു മനുഷ്യനെയാണ് ‘ഇന്നലെയുടെ ഇന്ന്’ എന്ന പുസ്തകത്തില്‍ നമുക്ക് പരിചയപ്പെടാനാവുക. കാലം അതിന്റെ പ്രവാഹകേളിയില്‍ കലങ്ങിമറിഞ്ഞ് പൂര്‍വ്വനിശ്ചിതമായ തീരുമാനങ്ങളെ നടപ്പിലാക്കുന്നതുപോലെ ഗ്രന്ഥകാരനായ ജനാര്‍ദ്ദനന്റെ ജീവിതത്തെയും കരുപ്പിടിപ്പിച്ചു. മുമ്പില്‍ വന്ന അവസരങ്ങളെ വരുന്നതുപോലെ വരട്ടെ എന്നമട്ടില്‍ സ്വാഗതം ചെയ്യുകയും ആത്മാര്‍ത്ഥയോടെയും കൃത്യനിഷ്ഠയോടെയും ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്യുന്നവര്‍ ശാന്തിയും സമാധാനവും പുലര്‍ത്തി ജീവിതം തൃപ്തിയോടെ അനുഭവിച്ചു തീര്‍ക്കാറുണ്ട്. ജനാര്‍ദ്ദനന്‍ തന്റെ ജീവിതകഥയെഴുതുന്ന പുസ്തകമായ ‘ഇന്നലെയുടെ ഇന്ന്‘ വായിക്കുമ്പോഴും ഇങ്ങനെയൊരു തിരിച്ചറിവിലാണ് നാം എത്തുന്നത്. വികാരവത്തായ ഒരു ജനപ്രിയനോവല്‍ വായിക്കുന്ന സുഖത്തോടെ ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഈ കൃതി ഗ്രന്ഥകാരന്റെ പരസഹായം കൂടാതെ സ്വന്തം കൈപ്പടയില്‍ എഴുതിയതാണെന്ന് വിശ്വസിക്കാന്‍ തോന്നുകയില്ല. അത്രമാത്രം വാക്കിലുള്ള കൈയൊതുക്കം പ്രകടമാണ്.
നാലഞ്ച് ദശകങ്ങള്‍ മലയാള സിനിമയില്‍ ജീവിച്ചുതീര്‍ത്ത അനുഭവംതന്നെ ഒന്നോരണ്ടോ സ്‌ഫോടനാത്മകമായ പുസ്തകങ്ങള്‍ക്കുണ്ടാവും. പക്ഷേ, അതൊന്നും അതിന്റെ ചുഴികളും മലരികളും വിവരിച്ചദ്ദേഹം ആത്മകഥയില്‍ വെളിപ്പെടുത്തുന്നില്ല. അതദ്ദേഹത്തിന്റെ ലക്ഷ്യമല്ല. ജനാര്‍ദ്ദനന്‍ പറയുന്നു: ‘നേര്‍ക്കാഴ്ചയില്‍ അനുഭവിച്ചറിഞ്ഞ കാര്യങ്ങള്‍ താനെഴുതിപ്പിടിപ്പിച്ചാല്‍ അതെല്ലാം പലരുടെ മനസ്സിലും ദുഃഖഭാരമുണ്ടാക്കുന്നതില്‍ കവിഞ്ഞ് ഒന്നുംതന്നെ’ തനിക്ക് നേടാനൊക്കുകയില്ലെന്ന് അദ്ദേഹത്തിനറിയാം. ഈ പുസ്തകം തന്റെ ജീവിതയാത്രയുടെ ഊടുംപാവും തീര്‍ത്ത സിനിമയോടൊപ്പമുള്ള പകിട്ടുള്ള സഞ്ചാരം ഇഴകളാക്കി നിര്‍ത്തിക്കൊണ്ടുള്ളതാണ്. മലയാള സിനിമയുടെ വളര്‍ച്ചയുടെ അരനൂറ്റാണ്ടിന്റെ ചരിത്രം ഇതളുകളായി ഈ പുസ്തകത്തില്‍ വിരിയുന്നത് ജനാര്‍ദ്ദനന്റെ വ്യക്തിഗതാനുഭവങ്ങളോടൊപ്പം നാം വായിച്ചറിയുന്നു. അഞ്ചുദശകങ്ങള്‍ക്കുള്ളില്‍ വ്യക്തികളും സംഭവങ്ങളും സമൂഹത്തിലും സിനിമയിലുമുള്‍പ്പെടെ സൃഷ്ടിച്ച പരിവര്‍ത്തനങ്ങളും പരാമര്‍ശിക്കപ്പെടുന്നു. ഗ്രാമങ്ങളും നഗരങ്ങളും അതിന്റെ ആവാസവ്യവസ്ഥയും മാറിമറിഞ്ഞത് നിരീക്ഷണ വിധേയമാക്കുന്നു. എഴുത്തുകാരന്റെ ജീവിതസന്ദര്‍ഭങ്ങള്‍ക്കൊപ്പം ഇഴചേര്‍ന്നാണ് അതൊക്കെ കടന്നുവരുന്നത്. അദ്ദേഹം എഴുതുകയാണ്, ‘ഗ്രാമത്തിന്റെ മുഖം മാറിമാറി വന്നു. കക്ഷിരാഷ്ട്രീയത്തിന്റെ പ്രേരണ–കൃഷിഭൂമി, കര്‍ഷകനെന്ന നല്ലൊരു മുദ്രാവാക്യം. വിദ്യാഭ്യാസം വിരളമായിരുന്ന ആ കാലത്ത് എല്ലാം തെറ്റിദ്ധാരണകളായി മാറി. കൃഷിഭൂമിയുടെ ഉടമകളോട് കര്‍ഷകന് പകയായി. കാലാന്തരത്തില്‍ കൃഷിഭൂമി തരിശായി. കൃഷിയില്ലാത്ത നെല്‍പ്പാടങ്ങള്‍ ഭര്‍ത്തൃമതിയാവാന്‍ പറ്റാത്ത തരുണിയെപ്പോലെ ദുഃഖിതയായി കിടന്നു. കളകളും ആഫ്രിക്കന്‍ പായലും അവളുടെ ചാരിത്ര്യം അപഹരിച്ചു.’ തന്റെ ബാല്യകാലത്തെക്കുറിച്ചുള്ള സ്മരണകളില്‍ കേരളീയ സാമൂഹ്യജീവിതത്തിന്റെ അകപ്പൊരുള്‍ അടങ്ങിയിരിപ്പുണ്ട്. അത് ആവാഹിക്കാന്‍ കഴിയുന്ന ഹൃദ്യമായ ഭാഷയാണ് ഈ കൃതിയുടെ മേന്മകളിലൊന്ന്. ആസ്വാദനമായി ജീവിതത്തെ കണ്ട ആഖ്യാതാവിന്റെ അന്തഃസത്തയെ വെളിവാക്കാന്‍ ഉതകുന്നതുമാണ് ചടുലമായ ആവിഷ്‌കരണ രീതി.
പില്‍ക്കാല ജീവിതം ഇന്ന് കാണുന്നജനാര്‍ദ്ദനനെ നിര്‍മ്മിച്ചെടുത്ത കണ്ടുമുട്ടലുകളും കൂട്ടായ്മകളുംകൊണ്ട് നിറഞ്ഞതാണ്. സിനിമയിലേക്കുള്ള വഴി തുറന്നിട്ട മലയാള നാടിന്റെ എസ്.കെ. നായരുമായുണ്ടായ ഹൃദയബന്ധവും മദ്രാസിലുള്ള ജീവിതവും അവിടെ പരിചയപ്പെടുന്ന വ്യത്യസ്തരായ വ്യക്തികളും അവരോടൊപ്പമുള്ള സംഭവങ്ങളും ഈ കൃതിയില്‍ ഓര്‍ത്തെടുക്കുന്നു. ഈ പുസ്തകത്തിലെ പല കണ്ടുമുട്ടലുകളുടെ വിവരണങ്ങള്‍ക്കും ജീവനുണ്ട്. എസ്.കെ. നായരെ ആദ്യം പരിചയപ്പെടുന്ന സന്ദര്‍ഭം ഒരുദാഹരണം. അദ്ദേഹം പറയുന്നു, കഴിച്ച റമ്മിന്റെ വീര്യമോ ആ സമയത്ത് എന്നിലുണ്ടായ എന്തു വികാരമോ എന്നെനിക്കറിയില്ല, ഒരു ചീന്തു കടലാസുതരാന്‍ ഞാന്‍ അയാളോടു പറഞ്ഞു. ആ കടലാസില്‍ ഞാന്‍ ഒരു കുറിപ്പുമെഴുതി. ‘റ്റു, മി. എസ്.കെ. നായര്‍, വൈക്കത്തുനിന്നും വേറൊരു നായര്‍ പുറത്തു നില്ക്കുന്നു. ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ട്. സസ്‌നേഹം ജനാര്‍ദ്ദനന്‍.’ ഉദ്ദേശ്യം ഫലിച്ചു. എസ്.കെ. നായര്‍ വന്നു കണ്ടു. അതൊരു വലിയ ബന്ധത്തിന്റെ തുടക്കമാവുകയും ചെയ്തു.
ഉദയാ കുഞ്ചാക്കോയുമായുള്ള കണ്ടുമുട്ടലും ചൈതന്യമുള്ള സൗഹൃദസംഗമമായാണ് അനുഭവപ്പെടുന്നത്. ‘ആ വലിയ മനുഷ്യനെ കാണാന്‍ ഞാന്‍തന്നെ മാത്യുവിന്റെ കൂടെ താഴേക്കു പോയി. ശുഭ്രവസ്ത്രധാരിയായ, ഐശ്വര്യമുള്ള അദ്ദേഹമെന്നോട് അടുത്തുള്ള കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ഞാനിരുന്നു. എടോ, ഇത് മുസ്ലീംസിന്റെ സ്ഥലമല്ലേ, എനിക്ക് അവരുടെ ഒരു മസാലച്ചായ വേണം. ഞാനുടനെതന്നെ ലൈറ്റ് ഓഫ് ഇന്ത്യ എന്ന പറ്റുകടയില്‍ നല്ലൊരു ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തു. ചായ കുടിച്ച് സംതൃപ്തനായതായി തോന്നി. എടാ മാത്യുവേ, അതങ്ങോട്ട് കൊടുക്ക്. മൂന്നുനാല് പേപ്പറുകള്‍ മാത്യു തന്നു. മൂന്നു ചിത്രങ്ങളുടെ ഡേറ്റായിരുന്നു അത്. അവിടുത്തെ സ്ഥിതിഗതികളറിയാതെ എല്ലാറ്റിലുംകൂടി സൈന്‍ ചെയ്തു കൊടുക്കുവാന്‍ എനിക്ക് മടിയായിരുന്നു. അവിടെ എ, ബി, സി, ഡി യെന്നല്ലാം ചില കാറ്റഗറിയുണ്ടെന്നെല്ലാം കേട്ടിട്ടുണ്ട്.’ ഇതില്‍ ഏതിലാണ് ഞാന്‍ ഉള്‍പ്പെടുന്നതെന്ന് അറിയാന്‍ താത്പര്യമുണ്ട്. ജനാര്‍ദ്ദനന്റെ സംശയം. അതൊക്കെ ഞങ്ങളുടെ വിരോധികള്‍ പറഞ്ഞുണ്ടാക്കുന്നതല്ലേ. ഏതായാലും ഒരു പടം വന്നഭിനയിക്കൂ എന്ന് ചാക്കോച്ചന്റെ മറുപടി. ഇങ്ങനെയായിരുന്നു ആദ്യ സമാഗമം. ജനാര്‍ദ്ദനന്‍ എന്തെഴുതുമ്പോഴും സജീവമായ രംഗബോധം കണ്‍വെട്ടത്തിലെന്നവണ്ണം വായനക്കാര്‍ക്ക് ലഭിക്കുന്നു. എഴുത്തു ശീലമല്ലാത്ത ഒരു അഭിനയകലാകാരന് നോവല്‍പോലെ ഹൃദ്യമായ ഇത്തരം വിവരണങ്ങള്‍ എങ്ങനെ സൃഷ്ടിക്കാന്‍ കഴിയുന്നു. ദൃശ്യകലാമര്‍മ്മജ്ഞത ജന്മദത്തമാണ്. അത് ജനാര്‍ദ്ദനിലുണ്ട്. എഴുതുമ്പോള്‍ ആ സിദ്ധി പുറത്തുവരുന്നതാണ്. കൗതുകകരമായ മറ്റൊരു കാര്യം പിതൃദത്തമായ പാരമ്പര്യത്തില്‍നിന്നു വരുന്നതായിരിക്കും അദ്ദേഹത്തിന് എഴുത്തിന്റെ കല. വിദ്യാധിരാജ ചട്ടമ്പി സ്വാമികളെക്കുറിച്ച് ആധികാരികവും പ്രശസ്തവുമായ ജീവചരിത്രം ശ്രീ. ജനാര്‍ദ്ദനന്റെ അച്ഛനായ പറവൂര്‍ ഗോപാലപിള്ള എഴുതിയിട്ടുണ്ട്. കുടുംബ ജീവിതസ്വസ്ഥതയ്ക്കായി സാഹിത്യജീവിതം അരികിലേക്കൊതുക്കുകയും കാര്‍ഷികവൃത്തി മുഖ്യമായി സ്വീകരിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. പിതാവില്‍ വിളയിപ്പിച്ചെടുക്കാനാവാതെപോയ സിദ്ധി മകനില്‍ ആവിഷ്‌കാരം കണ്ടെത്തുന്നതുകൊണ്ടാകാം ജീവിതത്തിന്റെ തത്ത്വചിന്തപോലെ ആത്മകഥയെഴുതാന്‍ ജനാര്‍ദ്ദനന് കഴിയുന്നത്. ലാളനയേല്ക്കാതെ കിടന്ന സര്‍ഗ്ഗപാരമ്പര്യം കാട്ടുചെടിപോലെ സ്വയം വളര്‍ന്നു പുഷ്പിക്കുകയായിരുന്നു.
കുടുംബചരിത്രം തൊട്ട് തന്റെ വര്‍ത്തമാനകാലം വരെ ജനാര്‍ദ്ദനന്‍ ‘ഇന്നലെയുടെ ഇന്ന്’ എന്ന പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട്. കുടുംബപുരാണവും ബാല്യകാലജീവിതവും വിവരിക്കുന്നിടത്ത് ഭാഷ ഗൂഢമായൊരു ചിരിയോടെയാണ് രചന നിര്‍വ്വഹിക്കുന്നത്. അമ്മാവനായ വൈക്കം ഗോപാലന്‍നായരുടെ പ്രണയനഷ്ടങ്ങളും ഒടുവില്‍ രണ്ട് പെണ്‍മക്കളുള്ള വീട്ടുടമയെ കെട്ടാന്‍ മതംമാറി ക്രിസ്ത്യാനിയാകുന്നതും പേരുമാറ്റി ജോര്‍ജ്ജ് കെ. നായര്‍ ആകുന്നതും അത് കുടുംബത്തിലുണ്ടാക്കുന്ന പൊല്ലാപ്പുകളും ഒരു കല്പിത കഥ പോലെയാണ് ആഖ്യാനം ചെയ്യുന്നത്.