ഒരു ആകാശയാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ആയയുടെ ഉള്ളുലയുന്ന കദനമാണ് സുഭാഷ് ചന്ദ്രനെ ബ്ലഡി മേരി എന്ന കഥയിലേക്ക് എത്തിച്ചത്.നിരാലംബരാക്കപ്പെട്ട ലോകത്തെ മുഴുവന്‍ സ്ത്രീകളുടെയും ഉള്ളില്‍ മുളപൊട്ടുന്ന കാരുണ്യത്തെ ആണ്‍തരിയായി ക്രിസ്തുവായി സങ്കല്പിച്ച് എഴുതിയപ്പോള്‍ പിറന്നത് മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥകളില്‍ ഒന്നായിരുന്നു. പ്രമേയത്തിന്റെ വലുപ്പം കൊണ്ട് ബ്ലഡി മേരി അല്പം ‘വലിയ ചെറുകഥ’യായിപ്പോയി. വലിയ കഥകളുടെ ഗണത്തില്‍ ബ്ലഡി മേരി മാത്രമല്ല ഉള്ളത്. ഹ്യൂമന്‍ റിസോഴ്‌സസ് ഒന്നരമണിക്കൂര്‍ എന്നീ കഥകളുമുണ്ട്. ഈ മൂന്ന് കഥകള്‍ ഉള്‍പ്പെടപത്തി 2013ല്‍ ബ്ലഡി മേരി എന്ന പേരില്‍ പുസ്തകവും പുറത്തിറക്കിയിരുന്നു.
ബ്ലഡി മേരി എന്ന നീണ്ടകഥയുടെ പിറവിയെക്കുറിച്ച് സുഭാഷ് ചന്ദ്രന് പറയാനുള്ളത്;
അഞ്ചാറുകൊല്ലം മുമ്പ്, ഹ്രസ്വമായ ഒരു വിദേശയാത്ര കഴിഞ്ഞ് മടക്കത്തിനായി മസ്‌ക്കറ്റിലെ റൂയി വിമാനത്താവളത്തില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്നു ഞാന്‍. താവളത്തിനകത്തെ ശീതീകരിച്ച ശാന്തതയിലിരിക്കുമ്പോഴും മനസ്സ് അസ്വസ്ഥമാകുന്നതിന്റെ പൊരുള്‍ എനിക്കു വൈകാതെ വെളിപ്പെട്ടു: മസ്‌ക്കറ്റിലും പരിസരങ്ങളിലും വീശിയടിക്കാന്‍ പോകുന്ന ഒരു ഉഗ്ര വാതത്തെക്കുറിച്ച് തലേന്ന് ഒമാന്‍ ടിവിയില്‍ അറിയിപ്പുണ്ടായിരുന്നു. വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ഗര്‍ഭലക്ഷണങ്ങള്‍ വിഭാവനം ചെയ്യുന്ന ഒരു അശുഭാപ്തിക്കാരന് ചില്ലുഭിത്തിക്കപ്പുറത്തുള്ള മൈതാനത്തിലെ വിമാനങ്ങള്‍, അക്വേറിയത്തില്‍ മലച്ചുപൊന്തിയ കൂറ്റന്‍മത്സ്യങ്ങളായി തോന്നുന്നതില്‍ കുറ്റമില്ല.
ബട്ടണമര്‍ത്തി നിശ്ശബ്ദമാക്കിയ ഒരു ചലച്ചിത്രംപോലെ കണ്ണാടിച്ചുമരിനപ്പുറം പൊടിയും കാറ്റും നടത്തുന്ന തേര്‍വാഴ്ച മത്സ്യങ്ങളെ ചൂഴ്ന്നുകലങ്ങുന്ന ക്ഷുഭിതജലമായി തോന്നിക്കൊണ്ടിരിക്കേ, കസേരകളുടെ നിരകള്‍ക്കപ്പുറത്തുനിന്ന് പര്‍ദ്ദയിട്ട ഒരു സ്ത്രീ മുന്നോട്ടാഞ്ഞ് എന്നെ വിളിച്ചു: ‘കോഴിക്കോട്ടേക്കുള്ള വണ്ടിയിലാണോ?’ ആ ശബ്ദത്തിലെ ദയനീയതയ്ക്ക് ആവരണമുണ്ടായിരുന്നില്ല. അതെയെന്നു പറഞ്ഞപ്പോള്‍ സഹയാത്രികനെ കിട്ടിയ സന്തോഷത്തോടെ അവര്‍ അടുത്തേക്കുവന്ന് തൊട്ടടുത്ത കസേരയില്‍ ഇരുന്നിട്ട് വീണ്ടും ചോദിച്ചു: ‘ലീവിനു പോണേണാ?’ ഭാഷയില്‍ തെളിഞ്ഞ ദേശഭേദം എനിക്കു രുചിച്ചു. കോഴിക്കോട്ടെ സ്ഥിരവാസംകൊണ്ട് ഞാന്‍ മറന്നേ തുടങ്ങിയിരുന്ന കൊച്ചിഭാഷ! ‘എറണാകുളത്ത് എവിടെയാണ്?’ ഞാന്‍ ചോദിച്ചു. ‘എടവനക്കാട്’ അവര്‍ പറഞ്ഞു. എന്റെ ഭാര്യവീടും അവിടെത്തന്നെയാണെന്നു പറഞ്ഞപ്പോള്‍ അവര്‍ ചിരബന്ധുവിനെപ്പോലെ തെളിഞ്ഞു ചിരിച്ചു. പിന്നെ വിമാനത്തില്‍ കയറാനുള്ള ആഹ്വാനം വരുംമുമ്പുള്ള ആ കൂട്ടിരുപ്പില്‍ അവള്‍ തന്റെ ദുഃഖകഥ വിവരിച്ചു: മലയാളികളുടെ വീട്ടില്‍ ആയയായി വന്നതും മൂന്നുമാസത്തിനുള്ളില്‍ വയ്യാതായി കിടപ്പിലായതും ഇപ്പോള്‍ ഗത്യന്തരമില്ലാതെ മടങ്ങുന്നതുമായിരുന്നു കഥാസാരം. മുഷിഞ്ഞ ഒരു കൊച്ചു ബാഗു മാത്രമായിരുന്നു അവളുടെ കൈയിലുണ്ടായിരുന്നത്. വീട്ടുസഹായത്തിന് തന്നെ ആയയായി കൊണ്ടുവന്നവര്‍ക്ക് ഒടുവില്‍ താന്‍തന്നെ ഒരു ബാധ്യതയായിത്തീര്‍ന്നതുകൊണ്ട് മടക്കി അയയ്ക്കപ്പെട്ടവള്‍. റിട്ടയേഡ്ഹര്‍ട്ട്.
വിളറിയും വരണ്ടും കാണപ്പെട്ട അവരുടെ കൈവിരലുകള്‍ നോക്കി ഞാന്‍ ചോദിച്ചു: ‘എന്തായിരുന്നു അസുഖം?’ കുറച്ചുനേരത്തെ മൗനത്തിനുശേഷം അവള്‍ ദുഃഖത്തിന്റെ സഹയാത്രികനോടു തോന്നുന്ന അടുപ്പത്തോടെ പറഞ്ഞു: ‘ചോരപോക്കായ്‌ര്ന്ന്!’ അപരാധിയെപ്പോലെ അവള്‍ മുഖം കുനിച്ചിരുന്നു. ആശ്വസിപ്പിക്കാന്‍ മാര്‍ഗമില്ലാതെ ഞാന്‍ നുണ പറഞ്ഞു: ‘വിഷമിക്കേണ്ട. ഞാനും ഇവിടെ ജോലി തേടിവന്നതാണ്. മഞ്ഞപ്പിത്തം വന്നതുകൊണ്ട് ഞാനും മടങ്ങുകയാണ്.’ എന്റെ നുണയ്ക്കുമീതെ അവള്‍ക്കായി ഒരു കെട്ടുകഥ തീര്‍ക്കേണ്ടതുണ്ടായിരുന്നു. കഥാന്ത്യത്തില്‍, വീട്ടിലേക്കോ നാട്ടിലേക്കോ വിശേഷിച്ച് ഒന്നും കൊണ്ടുപോകാനില്ലാത്ത മറ്റൊരഗതിയായി ഞാനും അവള്‍ക്കു കൂട്ടുചേര്‍ന്നു.
കെട്ടുകഥകള്‍ ചിലപ്പോഴെങ്കിലും ചിലരുടെ ദുഃഖങ്ങള്‍ക്ക് അയവുണ്ടാക്കുന്നത് ഞാന്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇവള്‍ക്കും കുറച്ചെങ്കിലും ആശ്വാസം കിട്ടിയിരിക്കണം. അന്നേരം ഒരുപാട് ദൃഷ്ടാന്തകഥകള്‍ പറഞ്ഞ മറ്റൊരു പച്ചമനുഷ്യന്‍ എന്റെ ഉള്ളിലേക്കുവന്നു. എന്റെയും അവളുടെയും മതത്തില്‍പ്പെടാത്ത ഒരു പച്ചമനുഷ്യന്‍. എത്ര വേദനകളുള്ളവനും അവന്റെ ക്രൂശിതരൂപത്തിനുമുന്നില്‍ നില്‍ക്കുമ്പോള്‍ ഒരത്താണി കണ്ടെത്തിയതുപോലെ ആശ്വസിക്കുന്നു. നമ്മേക്കാള്‍ ദുഃഖിക്കുന്ന മറ്റൊരാളെ കാണുമ്പോള്‍ ഉള്ളില്‍ അജ്ഞാതമായ ഒരാനന്ദം സംസ്‌കൃതചിത്തര്‍ എന്നു സ്വയം വിചാരിക്കുന്നവര്‍ക്കുപോലും മുളപൊട്ടുന്നുണ്ടോ?
മൂന്നരമണിക്കൂര്‍ നീണ്ട ആകാശയാത്രയില്‍ ഞാന്‍ അവനുമായി, ആകാശത്തിന്റെ എക്കാലത്തേയും മഹാനായ പുത്രനായ ക്രിസ്തുവുമായി ഇക്കാര്യം ഹൃദയ സംവാദം ചെയ്തു.
നിരാലംബരാക്കപ്പെട്ട ലോകത്തെ മുഴുവന്‍ സ്ത്രീകളുടെയും ഉള്ളില്‍ ആണ്‍തരിയായി മുളപൊട്ടുന്ന കാരുണ്യമേ, നിന്റെ പേരാണ് ക്രിസ്തു! അവനെക്കുറിച്ച് എഴുതിയില്ലെങ്കില്‍ ഒരെഴുത്തുകാരന്‍ എന്നനിലയില്‍ ഞാന്‍ അപൂര്‍ണനായിരിക്കും എന്ന തോന്നലില്‍നിന്നാണ് ബ്ലഡി മേരിക്ക് ബീജാവാപം നടന്നത്. ആസ്വദിക്കാന്‍ മാത്രമുള്ള ഒരു വിഭവമായി ഞങ്ങള്‍ ചെറിയ ആണുങ്ങള്‍ ലോകത്തിലെ മുഴുവന്‍ മേരിമാരേയും മേശപ്പുറത്തേക്കു വരുത്തി നുണയാന്‍ തുടങ്ങുമ്പോള്‍ നീ അവള്‍ക്കുള്ളില്‍ കാരുണ്യമായി ഉരുവംകൊള്ളുന്നു! വിമാനത്തില്‍, ആകാശത്തിന്റെ അത്യുന്നതിയില്‍, അവനോട് അത്രയും അടുത്തുവച്ചല്ലാതെ മറ്റെപ്പോഴാണ് അതിനു തെളിയേണ്ടത്?
ആയയുടെ ദുഃഖവുമായി എന്റെ അരികില്‍ വന്ന ആ അജ്ഞാത സഹോദരിക്കും അത്തരം ആയിരമായിരം അലകളുടെ ഗര്‍ഭപാത്രത്തില്‍ സ്വയംഭൂവായി ഉരുവം കൊള്ളുന്ന അവനും വേണ്ടി ഈ കഥാപുസ്തകം ഇപ്പോള്‍ സമര്‍പ്പിക്കട്ടെ. ഇതില്‍ ബ്ലഡി മേരി‘ കൂടാതെ രണ്ടു കഥകള്‍ കൂടിയുണ്ട്. ഈ മൂന്നു കഥകളുടെയും പൊതുസ്വഭാവം അവ ദൈര്‍ഘ്യമുള്ള കഥകളാണ് എന്നതത്രെ. അധ്യായങ്ങളായി തിരിച്ച് എഴുതപ്പെട്ട വലിയ കഥകള്‍. ചെറിയ കഥയാക്കി ഒതുക്കുവാനാകാത്ത ചില വലിയ പ്രമേയങ്ങളാണ് അവയുടെ ജീവന്‍. സമയവും സ്വാസ്ഥ്യവുമുണ്ടായിരുന്നെങ്കില്‍ നോവലുകളായിത്തന്നെ വിടര്‍ത്തിയെടുക്കാമായിരുന്ന ഇവയെ ചെറുകഥയോടുള്ള ‘വഴിവിട്ട’ അടുപ്പം കൊണ്ടുമാത്രമാണ് ഈ വിധത്തില്‍ കുറുക്കിയെടുത്തതെന്ന് പറഞ്ഞുകൊള്ളട്ടെ.