ചിന്തകനും പ്രഭാഷകനുമായ രവിചന്ദ്രന്‍ സി, കാര്‍ഷിക ശാസ്ത്രജ്ഞനും, കേരള കാര്‍ഷിക സര്‍വ്വകലാശാല കോളജില്‍ പ്രൊഫസറുമായ ഡോ.കെ എം ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകമാണ് കാര്‍ട്ടറുടെ കഴുകന്‍; സമ്പൂര്‍ണ്ണ ജൈവകൃഷി സാധ്യതയും സാധുതയും . ഒരിടയ്ക്ക് കേരളത്തില്‍ മുറവിളിക്കൂട്ടിയ ജൈവകൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയമായ വെളിപ്പെടുത്തലുകളും ഗവേഷണഫലങ്ങളുമാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്.
കാര്‍ട്ടറുടെ കഴുകന്‍ എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍നിന്നും;
കൃഷി മനുഷ്യനാഗരികതയുടെ മാത്രമല്ല, അതിജീവനത്തിന്റെകൂടി ചിഹ്നമാണ്. കൃഷിരംഗത്ത് സംഭവിക്കുന്ന വീഴ്ച ഏതൊരു സമൂഹത്തിന്റെയും നിലതെറ്റിക്കുമെന്നത് അനിഷേധ്യമായ വസ്തുതയാണ് ശാസ്ത്ര സാങ്കേതികരംഗത്തെ ഉജ്ജ്വലമുന്നേറ്റം കൊണ്ട് ഇരുപതാം നൂറ്റാണ്ടിനെ അമ്പരപ്പിച്ച രാജ്യമാണ് സോവിയറ്റ്‌യൂണിയന്‍. മതത്തെമയക്കിയിട്ട 75 വര്‍ഷങ്ങളില്‍ അവര്‍കൈവരിച്ച നേട്ടങ്ങളില്‍ പലതും സമാനതകളില്ലാത്തതായിരുന്നു. പക്ഷേ, ശാസ്ത്രത്തെ പ്രത്യയശാസ്ത്രം വിഴുങ്ങിയപ്പോള്‍ സോവിയറ്റ്‌സമൂഹം അതിനു കനത്ത വിലനല്‍കേണ്ടി വന്നു. ജോസഫ്സ്റ്റാലിന്റെ കാലത്ത് ജനിതകശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗര്‍മെന്‍ഡലിനെ തള്ളിപ്പറഞ്ഞ സോവിയറ്റ്‌സര്‍ക്കാര്‍ ജനിതകശാസ്ത്രം കടശാസ്ത്രമാണെന്ന നിലപാടാണ് സ്വീകരിച്ചത്. മാര്‍ക്‌സിന് ഡാര്‍വിനോടുണ്ടായിരുന്ന കടുത്ത ആരാധനയുംസ്റ്റാലിന് സയന്‍സിനെക്കുറിച്ചുള്ള വികലധാരണയുമായിരുന്നു ഈ നിരാസത്തിന്റെ മുഖ്യകാരണം. സ്റ്റാലിന്‍ ജനിതകശാസ്ത്രത്തെ സോവിയറ്റ് പാഠ്യപദ്ധതിയില്‍നിന്നുതന്നെ പറിച്ചുകളഞ്ഞു. ജനിതകപാരമ്പര്യശാസ്ത്ര സംബന്ധിയായഗ്രന്ഥങ്ങള്‍ ശേഖരിച്ച് കൂട്ടത്തോടെകത്തിച്ചു. മാര്‍ക്‌സിസ്റ്റ് അനുകൂലശാസ്ത്രമെന്നും മാര്‍ക്‌സിസ്റ്റ് വിരുദ്ധശാസ്ത്രമെന്നുമുള്ള കൃത്രിമദ്വന്ദ്വം നിര്‍മ്മിക്കപ്പെട്ടതോടെ സോവിയറ്റ്‌യൂണിയനില്‍ ജനിതകശാസ്ത്രവും കൃഷിഗവേഷണവും കുഴഞ്ഞുവീണു.
ലോകമെങ്ങും ഹരിതവിപ്ലവത്തിന്റെ ഗുണപ്രഭാവം അലയടിച്ചപ്പോള്‍ സോവിയറ്റ് റഷ്യയില്‍ പട്ടിണി ഇരമ്പിയാര്‍ത്തു. ഈ തെറ്റു തിരുത്തപ്പെടുന്നത് സ്റ്റാലിന്റെ പിന്‍ഗാമിയായിരുന്ന നികിത ക്രൂഷ്‌ചേവിന്റെ കാലത്താണ്. ഇന്നും ജനിതകശാസ്ത്രത്തില്‍ മറ്റു വികസിതരാജ്യങ്ങളെ അപേക്ഷിച്ച് പിന്നില്‍നില്‍ക്കുന്ന രാജ്യമാണ് റഷ്യ. ശാസ്ത്രത്തെ കഥകളെറിഞ്ഞ് തോല്‍പ്പിക്കാന്‍ പ്രയാസമില്ല. ജനങ്ങള്‍ക്കിഷ്ടപ്പെടുന്ന കഥകള്‍ പറയണമെന്നുമാത്രം. പക്ഷേ, മിക്കപ്പോഴും ദുരന്തപര്യവസായിയായ ഒരു ഹാസ്യനാടകത്തിന്റെ തിരക്കഥയാണത്. കേരളസമൂഹത്തില്‍ പടര്‍ന്നു പന്തലിക്കുന്നശാസ്ത്രവിരുദ്ധതയുടെയും പ്രത്യയശാസ്ത്ര കോപ്രായങ്ങളുടെയും വീന ദൃഷ്ടാന്തമാണ് ഇവിടെ വേരുറയ്ക്കുന്ന ‘ജൈവകൃഷിവിഭ്രാന്തി’. ഭരണാധികാരികള്‍ മുതല്‍ പൂര്‍വ്വാശ്രമത്തില്‍ ഒരു മണ്‍വെട്ടി പോലുംകൈകൊണ്ടുപിടിക്കാത്ത സിനിമാദൈവങ്ങള്‍വരെ ജൈവകൃഷിയുടെആരാധകരാണ്. വേരടയുന്ന രാഷ്ട്രീയശക്തികള്‍ മുഖംമിനുക്കലിന്റെ ഭാഗമായി ഈ വിഭ്രാന്തി ഏറ്റെടുക്കുന്നു. മുട്ടുവേദനമുതല്‍ കാന്‍സര്‍വരെയുള്ള സര്‍വപ്രശ്‌നങ്ങള്‍ക്കുംപരിഹാരമായി ജൈവകൃഷി വാഴ്ത്തപ്പെടുകയാണ്. നിരവധി സാധ്യതകള്‍ അവതരിപ്പിക്കുമ്പോഴും കാന്‍സര്‍ വരാനുള്ള കൃത്യമായ കാരണങ്ങള്‍ സയന്‍സ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, കീടനാശിനികള്‍കാരണമാണ് കാന്‍സര്‍ ഉണ്ടാ
കുന്നതെന്ന് ജൈവകൃഷിവാദികള്‍ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞു. കേരളം 2016ല്‍’സമ്പൂര്‍ണ്ണ ജൈവകൃഷി’യിലേക്കുനീങ്ങുമെന്ന സര്‍ക്കാര്‍പ്രഖ്യാപനം ഇക്കൂട്ടര്‍ അധികാരകേന്ദ്രങ്ങളെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്.
ജൈവകൃഷിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് ഒരുപുണ്യപ്രവൃത്തിയാണെന്ന് പ്രസംഗിച്ച ഭരണാധികാരികള്‍ ഇവിടെയുണ്ടായിരുന്നു ഇപ്പോഴും സ്ഥിതി ഭിന്നമല്ല. ഈ രംഗത്ത് പണംമുടക്കിയിട്ടുള്ള വിപണിശക്തികളും എന്‍.ജി.ഒ.കളും വലിയൊരു കൊയ്ത്ത് പ്രതീക്ഷിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ‘ജൈവകൃഷി’ എന്നാല്‍ എന്ത് എന്നതു സംബന്ധിച്ച് കൃത്യമായ നിര്‍വചനമൊന്നുമില്ലെങ്കിലും രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിക്കാത്ത ‘പ്രകൃതിസൗഹാര്‍ദ്ദകൃഷി’ എന്നതാണ് പൊതുസങ്കല്പം. പകൃതിയുടെമേല്‍ മനുഷ്യന്‍ അവനുവേണ്ടി നടത്തുന്ന ഒരിടപെടല്‍ തന്നെയാണ് കൃഷി. സ്ഥിരമായ ഭക്ഷണലഭ്യത ഉറപ്പാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ധാന്യസസ്യാദികള്‍ പ്രതേ്യക സലങ്ങളില്‍ ആസൂത്രിതമായി നട്ടുവളര്‍ത്തുന്ന പ്രക്രിയയാണ് അത്. അവിടെ സ്വാഭാവികമായി വളരേണ്ട സസ്യങ്ങളെ മുഴുവന്‍ തുരത്തിയാണ് കൃഷി വിജയിപ്പിക്കുന്നത്. കൃഷിതന്നെ ‘പ്രകൃതിവിരുദ്ധ’മാണെന്നിരിക്കെ ‘പ്രകൃതിസൗഹാര്‍ദ്ദ കൃഷി’ എന്ന പദപ്രയോഗം കൗതുകം ജനിപ്പിക്കുന്ന ഒന്നാണ്. മണ്ണിലെ പോഷകശോഷണത്തിനും പ്രത്യേകയിനം കീടങ്ങളുടെ വര്‍ദ്ധനവിനും ഹേതുവായേക്കാവുന്ന ഈ പ്രവര്‍ത്തനം നമ്മുടെ സ്വാര്‍ത്ഥതാ പ്രഖ്യാപനം കൂടിയാണ്. അന്യജീവികള്‍ക്കോ അന്യസസ്യങ്ങള്‍ക്കോ തന്റെ വിളയുടെമേല്‍ അവകാശമില്ലെന്നും മനുഷ്യന്‍ പ്രഖ്യാപിക്കുമ്പോഴാണ് നെല്ലും പുല്ലും ഉണ്ടാകുന്നത്. പ്രകൃതിക്ക് കളയും വിളയും തമ്മില്‍ വ്യത്യാസമില്ലെന്നോര്‍ക്കുക. ഒരു കാര്യം ശരിയാണ്, കഠിനാദ്ധ്വാനവും കൃഷിയും അലര്‍ജിയായിമാറിയ ഒരു സമൂഹത്തില്‍, ഉള്ളകൃഷികൂടി നശിപ്പിച്ചിട്ട് ജൈവകൃഷിപോലുള്ള ഫാഷന്‍ പരേഡുകള്‍ നടത്തുന്നതുകൊണ്ട് വലിയ നഷ്ടമൊന്നും ഉടനടി സംഭവിക്കാനില്ല.
പണിയെല്ലാം അന്യസംസ്ഥാനക്കാരെ ഏല്പിച്ച് ആഹാരത്തിനായി അന്യസംസ്ഥാന ലോറികള്‍ കാത്തിരിക്കുന്ന മലയാളിക്ക് വീട്ടുമുറ്റത്തും ടെറസ്സിലും കൃഷിയിറക്കി ഫോട്ടോപിടിച്ചു വിഷവിരുദ്ധനും പ്രകൃതിസ്‌നേഹിയുമായി സ്വയം അടയാളെപ്പടുത്താനും പ്രയാസമില്ല. ‘വെറുതേ ഇരിക്കാതെ എന്തെങ്കിലും കൃഷി ചെയ്യുന്നുവല്ലോ’എന്ന ആശ്വാസവും അവിടെയുണ്ട്. അതേസമയം സമ്പൂര്‍ണ്ണ ജൈവകൃഷിയിലേക്ക് കേരള സംസ്ഥാനത്തെ തിരിച്ചുകൊണ്ടപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെ ചരിത്രപരമായ വിഡ്ഢിത്തം എന്നു മാത്രമല്ല, കുറ്റകരമായ വീഴ്ച എന്നുകൂടിവിളിക്കേണ്ടിവരും. ശാസ്ത്രീയകൃഷിയുടെ ദുഷ്ഫലങ്ങള്‍ക്കെതിരേയുള്ള ബദല്‍ എന്ന നിലയിലാണ് പലരും ജൈവകൃഷിയെക്കുറിച്ച് ആവേശം കൊള്ളുന്നത്. പ്രായോഗികതയും പ്രഹരശേഷിയുമുള്ള ഒരു ബദല്‍രൂപമായി ജൈവകൃഷിയെ കാണാനാവുമോ? രാസവളം, കീടനാശിനികള്‍, ജലസേചനം, ഉയര്‍ന്ന ഉത്പാദനശേഷിയുള്ള വിത്തുകള്‍, യന്ത്ര-സാങ്കേതിക വിദ്യയുടെ ഉപയോഗം, കാര്‍ഷിക സബ്‌സിഡി… തുടങ്ങി സാങ്കേതികവും സാമൂഹികവുമായ ഒട്ടനവധി ഘടകങ്ങളുടെ സംഘടിതമായ പ്രയോഗത്തിലൂടെയാണ് ഏതാനും ദശകങ്ങള്‍ക്കു മുമ്പ് നാം നമ്മുടെ കൃഷിയുടെ ഉത്പാദനക്ഷമതയും നിലവാരവും വര്‍ദ്ധിപ്പിച്ചത്.
കാലാന്തരത്തില്‍ രാസവളവും കീടനാശിനിയും അമിതമായി ഉപയോഗിച്ചതുമൂലം ചില ദൂഷ്യഫലങ്ങളുണ്ടായിട്ടുണ്ട്. മൂന്നാം ലോകരാജ്യങ്ങള്‍ കയറ്റുമതിചെയ്ത തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയില്‍ കാണപ്പെട്ട കീടനാശിനി അവശിഷ്ടങ്ങളെക്കുറിച്ച് വികസിതരാജ്യങ്ങള്‍ ഉയര്‍ത്തിയ ആശങ്കകളും നിര്‍ണ്ണായകമായി. ‘ജൈവകൃഷി’-‘രാസകൃഷി’ എന്നിങ്ങനെയുളള തരംതിരിവ് യാഥാര്‍ത്ഥ്യവിരുദ്ധമാണെന്ന നിലപാടാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്. ജൈവവും രാസവും ഫലത്തില്‍ ഒന്നുതന്നെ. എങ്കിലും പൊതുധാരണമറിച്ചായതിനാല്‍ ഈ വാക്കുകള്‍ ഉപയോഗിക്കാതിരിക്കാനാവില്ല. ‘ജൈവ’വളങ്ങളും ‘ജൈവ’കീടനാശിനി നിയന്ത്രണങ്ങളും ശാസ്ത്രീയ കൃഷിരീതി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. ‘ജൈവ’കൃഷിചെയ്യാന്‍ സാധിക്കുന്ന ചില മേഖലകളുണ്ട് ജൈവോത്പന്നങ്ങള്‍ വ്യത്യസ്തവും ശ്രേഷ്ഠവുമാണെന്ന് വിലയിരുത്തുന്നവര്‍ക്ക് വിതരണം ചെയ്യാനായി ജൈവകൃഷി ചെയ്യാം. ജൈവകൃഷി ഉത്പന്നങ്ങളുടെ കയറ്റുമതിസാധ്യത ചൂഷണംചെയ്യാനും ജൈവകൃഷി ചെയ്യാം. അങ്ങനെ നോക്കിയാലും, പൊങ്ങച്ചക്കൃഷിക്ക് അപ്പുറമുള്ള സാധ്യതകളൊന്നും അവിടെയില്ല. സംസ്ഥാനം മുഴുവന്‍ സമ്പൂര്‍ണ്ണ ജൈവകൃഷിയിലേക്ക് എന്നനിലപാട് അശാസ്ത്രീയവും സംസ്ഥാനത്തിന് ഹാനികരവുമാണ്.
കൃഷിയില്‍ ‘ജൈവ’-‘രാസ’ഘടകങ്ങള്‍ക്ക് പങ്കുണ്ടെന്നതില്‍ തര്‍ക്കമില്ല. വിളവ് മെച്ചപ്പെടുത്തുന്നതില്‍ മണ്ണിന്റെ ‘ജൈവാംശം’ നിര്‍ണ്ണായകമാണ്. പക്ഷേ, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതു താത്പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സമ്പൂര്‍ണ്ണ ജൈവകൃഷിയിലേക്ക് പോകുന്നത് പിന്നാക്കംപായല്‍ ആണെന്നു മാത്രമല്ല, അറിഞ്ഞുകൊണ്ട് ദുരന്തം ക്ഷണിച്ചുവരുത്തുന്നതിന് സമാനമായിരിക്കും. ഉത്പാദനം കുറവാണെന്നതും കൃഷിച്ചെലവ് കൂടുതലാണെന്നതും മാത്രമല്ല ഇന്നു നാം വിഭാവനംചെയ്യുന്ന ജൈവകൃഷിയുടെ ന്യൂനതകള്‍. ആധുനിക മനുഷ്യന്റെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന ഒരുപിടി പിന്തിരിപ്പന്‍ ആശയങ്ങളും അതിലുണ്ട്. ഉചിതമായ അനുപാതത്തില്‍ ജൈവ-രാസവളങ്ങള്‍ സമ്മിശ്രമായി ഉപയോഗിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ കൃഷിരീതികളാണ് നാം പിന്തുടരേണ്ടത്. അതിനായി ഉത്തമ കൃഷിശീലങ്ങള്‍ സ്വായത്തമാക്കണം. ഒന്നോ രണ്ടോ തലമുറയ്ക്കുവേണ്ടിയല്ല മറിച്ച് വരാനിരിക്കുന്ന ആയിരക്കണക്കിനു തലമുറകളെ തീറ്റിപ്പോറ്റാന്‍ പര്യാപ്തമായ സുസ്ഥിരവും ശാസ്ത്രീയവുമായ കൃഷിരീതികളാണാവശ്യം. ജൈവവ്യവസ്ഥയ്ക്ക് ഏറെയൊന്നും പരിക്കേല്‍പ്പിക്കാത്ത, സംയോജിത കീടനിയന്ത്രണ രീതികളും ശരിയായ അളവിലുള്ള രാസ-ജൈവ വളങ്ങളും ഉന്നത സാങ്കേതികവിദ്യയും അവിടെ അനിവാര്യമാകുന്നുണ്ട്. താരം കൃഷി ചെയ്യുമ്പോഴല്ല മറിച്ച് കൃഷി താരമാകുമ്പോഴാണ് സമൂഹം പരിരക്ഷിക്കപ്പെടുന്നതെന്ന തിരിച്ചറിവുണ്ടാകണം..!