മലയാളത്തിലെ പുതിയ എഴുത്തുകാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് നടത്തിയ നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയത് സോണിയ റഫീക്കിന്റെ ഹെര്‍ബേറിയം എന്ന നോവലാണ്. മണലാരണ്യത്തിന്റെ ഗൃഹസമുച്ചയങ്ങളിലെ ഇത്തിരിപ്പച്ചയില്‍നിന്നും പ്രകൃതിയുടെ മടിത്തട്ടിലേക്കെത്തുന്ന ഒരു കുട്ടിയുടെ ജൈവിക ഭാവനയാണ് ഹെര്‍ബേറിയത്തിന്റെ കാതല്‍.
മലയാള സാഹിത്യത്തിലേക്ക് പുതിയ ഭാവനാസൃഷ്ടിയുമായി കടന്നുവന്ന സോണിയാ റഫീക്കുമായി ഡി സി ബുക്‌സ് എഡിറ്റര്‍ ശ്രീദേവി നടത്തിയ അഭിമുഖം വായിക്കാം..
- മത്സരത്തില്‍ ഒന്നാമതെത്തിയതോടെ ‘ഹെര്‍ബേറിയം’ വായിക്കുവാന്‍ കേരളത്തിലെ വായനാസമൂഹം കാത്തിരിക്കുകയാണ്. നോവലിലേയ്ക്കുള്ള വഴി എങ്ങനെയായിരുന്നു?
വര്‍ഷങ്ങളായി എന്റെയുള്ളില്‍ ഞാന്‍ വഹിച്ചുകൊണ്ടുനടന്നിരുന്നൊരു ഫ്യൂവല്‍ ടാങ്ക് ആവും ഹെര്‍ബേറിയം. ചില നേരങ്ങളില്‍ കുറിച്ചുവച്ച ചില ചെറു ശകലങ്ങള്‍ എവിടെ ഉള്‍ക്കൊള്ളിക്കണമെന്നറിയാതെ ഒക്കെയും ഞാന്‍ ഈ ഫ്യൂവല്‍ ടാങ്കിനുള്ളിലേക്ക് നിറച്ചുകൊണ്ടിരുന്നു. എനിക്കറിയാം അതൊരു ചെറുകഥയല്ലെന്ന്, നോവല്ലെയോ ലേഖനമോ അല്ലേയല്ല. എന്തു തരം പദാര്‍ത്ഥമാണുള്ളില്‍ രൂപംകൊള്ളുന്നതെന്ന ജിജ്ഞാസ വകവയ്ക്കാതെ ഊറി വരുന്ന ഇന്ധനം ഒട്ടുമങ്ങ് ചോര്‍ന്നുപോകാതെ ഞാന്‍ എന്റെ ഫ്യൂവല്‍ ടാങ്കില്‍ നിറച്ചുകൊണ്ടേയിരുന്നു. അങ്ങിനങ്ങിനെ, ഹെര്‍ബേറിയം മെല്ലെ മെല്ലെ രൂപപ്പെടുകയായിരുന്നു.
- നോവല്‍ മുന്നോട്ട് വച്ച വിഷയം വിധികര്‍ത്താക്കള്‍ പറഞ്ഞ സവിശേഷതകളിലൊന്നാണ്..
പരിസ്ഥിതി, കാലാവസ്ഥ, ആവാസവ്യവസ്ഥ തുടങ്ങിയ വിഷയങ്ങളെ ഏത് വീക്ഷണകോണിലൂടെ നോക്കിയാലും അങ്ങേയറ്റം നിരാശാജനകമായ ബിംബങ്ങള്‍ മാത്രമാവും മുന്നിലേക്ക് ഉന്തി നില്ക്കുക. ആ നോട്ടം ശാസ്ത്രത്തിന്റെ സൂക്ഷ്മദര്‍ശിനിക്കുഴലിലൂടെയോ സമൂഹത്തിന്റെ തുറന്ന കണ്ണുകളിലൂടെയോ ആയ്‌ക്കൊള്ളട്ടെ; കാഴ്ച്ചകള്‍ നിശ്ചയമായും ശോചനീയം തന്നെയല്ലേ? ഭാവിയില്‍ അതിന്റെ ഭവിഷ്യത്തുകള്‍ താങ്ങാനാവുംവണ്ണം ദൃഡമാകേണ്ടുന്ന കുഞ്ഞിക്കൈകളെ നാം തൊട്ടും തലോടിയും താലോലിച്ചുകൊണ്ട് നമ്മുടെ അകത്തളങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതേയുള്ളൂ. കുഞ്ഞുങ്ങളാണവര്‍, കൊച്ചു കുഞ്ഞുങ്ങള്‍! അതിദയനീയമായ ഒരു അവസ്ഥയെ ആ കുഞ്ഞുമക്കള്‍ക്ക് പറഞ്ഞുകൊടുക്കണമെങ്കില്‍, ‘പ്രകൃതി’ എന്ന വാക്കിന്റെ പ്രഭാവത്തെ മാന്ത്രികന്റെ തൊപ്പിക്കുള്ളില്‍ നിന്ന് ഞൊടിയിടയില്‍ തലപൊക്കുന്ന ഒരു മുയല്ക്കുഞ്ഞിന്റെ മുഖത്തെ നിഷ്‌കളങ്കത പോലെ അവര്‍ക്ക് അനുഭവപ്പെടുത്തണം. ഹെര്‍ബേറിയത്തിലെ ടിപ്പുവിനും, അമ്മാളുവിനും, അങ്കു ആമയ്ക്കും അതിനുള്ള കെല്പ്പുണ്ടാവും എന്നാണ് എന്റെ പ്രത്യാശ.
- എഴുത്തിന്റെ വഴിയില്‍ എത്തിപ്പെട്ടതിനെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്…
എഴുത്തില്‍ തീര്‍ച്ചയായും പ്രവാസത്തിന് വളരെ പ്രധാനമായൊരു പങ്കുണ്ട്. എന്റെ ചിന്തകളെയും വീക്ഷണങ്ങളെയും ഈ പരദേശവാസം എന്നത് വളരെ വിശാലമായൊരു ക്യാന്‍വാസിലേക്കാണ് പകര്‍ത്തിവച്ചത്. സ്വന്തമെന്ന് കരുതുന്ന ഇടങ്ങളില്‍ നിന്നെല്ലാമുള്ള വിട്ടുനില്പ്പ് ജനിപ്പിക്കുന്ന ഒരു തരം അനിശ്ചിതത്വം, അതിനെ അതിജീവിക്കുവാന്‍ മിനഞ്ഞെടുക്കുന്ന പല തന്ത്രങ്ങളില്‍ ഒന്ന് മാത്രമാവാം ഒരു പ്രവാസിക്ക് ‘എഴുത്ത്’ എന്നത്. എന്നാല്‍ ആ തന്ത്രം ആത്മപ്രകാശനത്തിനുള്ളൊരു മാര്‍ഗ്ഗം മാത്രമായി ചുരുങ്ങുമ്പോള്‍ അതില്‍ വിരസത കടന്നുകൂടുന്നു. പക്ഷെ കൊച്ചുകുട്ടികളുടെ കണ്ണിലൂടെ കാര്യങ്ങള്‍ നോക്കിക്കാണുവാന്‍ ശ്രമിച്ചാല്‍ ഒരിക്കലും മുന്വിധികള്‍ നമ്മെ ഭരിക്കില്ലെന്ന് തോന്നുന്നു. ഏത് കഥയും ആദ്യം മകനെ പറഞ്ഞു കേള്‍പ്പിച്ചിട്ടാണ് ഞാന്‍ എഴുതാന്‍ മുതിരാറ്. അവരാണ് നാളെയുടെ അക്ഷരങ്ങള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു; അവര്‍ ആവണം!
- പുരസ്‌കാരലബ്ധിക്കുശേഷം രചനയെ ഇപ്പോള്‍ എങ്ങനെ വിലയിരുത്തുന്നു..
ഹെര്‍ബേറിയത്തിന് ഡി സി ബുക്ക്‌സ് നല്കിയ ഈ അംഗീകാരം, ഏറെ വിശ്വാസ്യതയുള്ള ഒരു ഹസ്തത്താല്‍ എനിക്ക് നല്കപ്പെട്ട “A pat on my back‑’’ ആയി ഞാന്‍ കണക്കാക്കുന്നു. ‘ഇനിയും മുന്നേറുക’ എന്നുള്ളൊരു സൂത്രവാക്യം അതില്‍ നിന്ന് കണ്ടെടുക്കാന്‍ എനിക്കാവുന്നു.
- കഥകയെഴുത്തില്‍നിന്നും നോവലിലേയ്ക്കുള്ള ദൂരത്തേക്കുറിച്ച്….
കഥകള്‍ എനിക്ക് സാഹസികതകളാണ്. എന്നെ ഭ്രമിപ്പിക്കുന്ന സാഹസികതകള്‍. അവിടെ നിന്ന് നോവലിലേക്കുള്ള പോക്ക് വളരെ രസകരമായിരുന്നു, ഹെര്‍ബേറിയത്തിന്റെ വിഷയത്തിന്റെയും കഥാപാത്രങ്ങളുടെയും പ്രത്യേകതയാണോ എന്നറിയില്ല, ഭയങ്കര രസമായിരുന്നു ഹെര്‍ബേറിയമെഴുത്ത്. എഴുത്തുകാലം ഉടനീളം ഒരു പ്രത്യേക പ്രസരിപ്പും ഊര്‍ജ്ജവും എന്നോടൊപ്പമുണ്ടായിരുന്നു. എന്റെ കിടക്കയിലും, എഴുത്തുമേശയിലും, അടുക്കള സ്ലാബിലുമെല്ലാം ടിപ്പുവും അമ്മാളുവും അങ്കു ആമയും കുത്തിമറിഞ്ഞു. ഞങ്ങള്‍ നല്ല കൂട്ടുകാരായി മാറി. നോവല്‍ അവാര്‍ഡ് വാങ്ങി വീട്ടിലെത്തിയപ്പൊഴും അവര്‍ അവിടെ തന്നെയുണ്ട്, പുസ്തകം ഇറങ്ങിക്കഴിഞ്ഞ് വായനക്കാര്‍ വന്ന് അവരെ ഇറക്കിക്കൊണ്ടു പോകും വരെ അവര്‍ ഇവിടൊക്കെ തന്നെ കാണുമെന്ന് തോന്നുന്നു.
- ഇനിയുള്ള എഴുത്തുകള്‍..?
കുട്ടികളുടെ വിനോദ മാര്‍ഗ്ഗങ്ങള്‍ ടെക്‌നോളജിയെ ചുറ്റിപറ്റി നില്ക്കുന്ന ഈ കാലഘട്ടത്തില്‍ എന്തും ഏതും അവര്‍ ദൃശ്യഭാഷയിലൂടെയാണ് ഉള്‍ക്കൊള്ളുന്നത്. വാക്കുകളെക്കാള്‍ വിശ്വാസ്യത ദൃശ്യങ്ങള്‍ക്കാകുമ്പോള്‍, അക്ഷരങ്ങളിലേക്കും ദൃശ്യങ്ങള്‍ കടത്തിവിടുന്ന തന്ത്രം കൂടി എഴുത്തുകാരന്‍ അഭ്യസിക്കേണ്ടിയിരിക്കുന്നു. വരും തലമുറ വായിക്കാന്‍ ഇഷ്ടപ്പെടുന്ന കഥകള്‍ എഴുതുവാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. പോയ തലമുറയെ താലോലിച്ച് അവരെ വായിപ്പിച്ച് വിജയിച്ച എത്രയെത്ര പ്രഗത്ഭരുണ്ട് നമുക്ക്. ഇനി ഈ സൈബര്‍ കുട്ടികളുമായി ഒന്ന് മല്ലിട്ടുനോക്കാം.
The post ‘പരദേശവാസവും എഴുത്തും’ സോണിയാ റഫീക്കുമായി അഭിമുഖം appeared first on DC Books.