ആശയവിനിമയ സാങ്കേതികവിദ്യകളോ ഗതാഗതസൗകര്യങ്ങളോ വികസിച്ചിട്ടില്ലാത്ത ഒരുകാലത്തു നടന്ന അതിസാഹസികമായ ഒരു യത്‌നത്തിന്റെ കഥ പറയുന്ന പുസ്തകമാണ് സി.എസ്. മീനാക്ഷിയുടെ ഭൗമചാപം: ഇന്ത്യന്‍ ഭൂപടനിര്‍മ്മാണത്തിന്റെ വിസ്മയ ചരിത്രം. പുസ്തകത്തിന്റെ പേരുപോലെതന്ന നമ്മുടെ ഭൂപട നിര്‍മ്മാണത്തിലുള്ള ചില സത്യങ്ങളും കാണാപ്പുറങ്ങളുമാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. ഭൂപടത്തിന്റെ വിസ്മയ ചരിത്രം പരിശോധിക്കുന്ന ഇത്തരത്തിലൊരു പുസ്തകം ആദ്യമായാണ് മലയാളത്തില്‍ പുറത്തിറങ്ങുന്നത്. പുസ്തകത്തെ കുറിച്ച് പ്രശസ്ത സാഹിത്യ കാരനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് പനച്ചിപ്പുറം തന്റെ വായനാനുഭം ഭാഷാപോഷിണിയുടെ ‘സ്‌നേഹപൂര്‍വ്വം പനച്ചി’ എന്ന പംക്തിയിലൂടെ പങ്കുവെച്ചു.
പനച്ചിയുടെ വായനാക്കുറിപ്പ് വായിക്കാം….
ദീര്‍ഘമായ മുംബൈവാസത്തിനുശേഷം തിരിച്ചെത്തിയ കവി അനിത തമ്പി ഇങ്ങനെ എഴുതി:
ഒരു പുസ്തകത്തെപ്പറ്റിയാണ് ഇപ്പോള്‍ ഈ എഴുത്ത്. മലയാളത്തില്‍ ഇമ്മാതിരി അതിശയിപ്പിച്ച, ആഹ്‌ളാദിപ്പിച്ച മറ്റൊരു പുസ്തകം അടുത്തകാലത്തൊന്നും പറയാനില്ല. രണ്ടു നൂറ്റാണ്ടു മുമ്പ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ മൂന്നു പ്രധാന സര്‍വേകളുടെ വിശദമായ വിവരണമാണ് പുസ്തകം! സാധാരണഗതിയില്‍ ഒരു വരണ്ട വിഷയം എന്നാല്‍ വൈജ്ഞാനിക വിഷയങ്ങളുടെ അവതരണത്തില്‍ ഭാഷയില്‍ ഒരു മാതൃക എന്നു പറയാവുന്നതാണ് ഈ പുസ്തകം. ശാസ്ത്രീയ വശങ്ങളും രാഷ്ട്രീയ/സാമൂഹിക വശങ്ങളും അനുഭവവിവരണങ്ങളും ചെറിയ കഥകളും ഒക്കെ ഇണക്കിയ വിവരണം. ചിന്ത രവീന്ദ്രനുശേഷം ഞാന്‍ വായിക്കുന്ന ഏറ്റവും മനോഹരമായ മലയാളം ഈ പുസ്തകത്തിന്റേതാണ്.
എഴുത്തുകാരി : സി.എസ്. മീനാക്ഷി, പുസ്തകം : ‘ഭൗമചാപം’
അനിത പറയുന്നതുപോലെ, ഭൗമചാപം എന്ന വരണ്ട ശീര്‍ഷകം കണ്ടപ്പോള്‍തന്നെ വായിക്കേണ്ടതല്ല എന്നു തോന്നിയ പുസ്തകമാണത്. ഏതാണ്ടൊരു പഴയ അപസര്‍പ്പക നോവലിന്റെ പേര് എന്നു വിചാരിച്ചു.
അനിതയുടെ കത്തിന്റെ പ്രലോഭനത്തില്‍ വായിച്ചു തുടങ്ങിയപ്പോള്‍ ആ ചാപം ഒരു മഴവില്ലായി വിരിയുകയായിരുന്നു.
തദ്ദേശ സ്വയംഭരണവകുപ്പില്‍ എന്‍ജിനീയറായ സി.എസ്. മീനാക്ഷി ‘ഭൗമചാപ‘ത്തിനുനല്‍കുന്ന ഉപശീര്‍ഷകം ‘ഇന്ത്യന്‍ ഭൂപടനിര്‍മാണത്തിന്റെ വിസ്മയചരിത്രം’ എന്നാണ്. പുസ്തകം വായിച്ചു തീരുമ്പോള്‍ ബാക്കിയാകുന്നതും അതുതന്നെ: വിസ്മയം.
മീനാക്ഷി വരച്ചിടുന്ന ഇന്ത്യയിലുള്ളത് സര്‍വേക്കണക്കുകള്‍ മാത്രമല്ല. ഒരു വലിയ കാലവും ആ കാലത്തിനു ജീവന്‍ നല്‍കിയ കഥാപാത്രങ്ങളും കൂടിയാണ്. അങ്ങനെ ഇതൊരു ബൃഹത്തായ ഇന്ത്യന്‍ ആഖ്യായികയായിത്തീരുന്നു.
അനിത തമ്പിക്കു നന്ദി.
The post ‘ഭൗമചാപം’- പനച്ചിയുടെ വായനാക്കുറിപ്പ് വായിക്കാം appeared first on DC Books.