‘അന്തസ്സ് വേണമെടാ അന്തസ്സ്’ എന്ന് കേട്ടാല്‍ മലയാളികള്‍ ചിരിക്കാന്‍ തുടങ്ങും.. കാരണം അല്‍പകാലം മുമ്പ് കേരളക്കരയില്‍ വൈറലായ ഒരു മുകേഷ് അനുഭവത്തെ അതോര്‍മ്മിപ്പിക്കും. ഗൗരവതരമായ ആ പ്രശ്‌നത്തെപ്പോലും പിന്നീട് സിനിമയില്‍ ചിരിമരുന്നാക്കാനുള്ള അന്തസ്സ് മുകേഷ് കാണിച്ചു. മൃഗീയ ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ നിയമസഭയിലേക്ക് അയക്കാനുള്ള അന്തസ്സ് കൊല്ലം നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ കാണിച്ചപ്പോള്‍ മുകേഷിന്റെ കലാലയ കഥകള്‍ക്കും സിനിമാക്കഥകള്‍ക്കുമൊപ്പം ഇനി നിയമസഭാക്കഥകളും വായനക്കാര്‍ക്ക് പ്രതീക്ഷിക്കാം.
കാര്യങ്ങള്‍ എങ്ങനൊക്കെ ആയാലും മുകേഷ് കഥകള്‍ ജീവിതത്തിന്റെ നേരും നര്‍മ്മവും, മുകേഷ് ബാബു ആന്‍ഡ് പാര്‍ട്ടി ഇന്‍ ദുബായ് എന്നീ പുസ്തകങ്ങളുടെ തുടര്‍ച്ചയായി മുകേഷ് രചിച്ച മുകേഷ് കഥകള്‍ വീണ്ടും എന്ന പുസ്തകവും അന്തസായി രണ്ടാം പതിപ്പിലേക്ക് കടന്നിരിക്കുകയാണ്. ആഴ്ചകളോളം ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്ന മുകേഷ് കഥകള്‍ വീണ്ടും ഇനിയുമേറെക്കാലംകേരളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.
ചിരി, ജീവിതം, സിനിമ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ശുദ്ധ നര്‍മ്മം ആധിപത്യം സ്ഥാപിക്കുന്ന കഥകളാണ് മുകേഷ് തന്റെ പുസ്തകത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. കുസൃതിയായ ബാലന്‍ ജോയ്‌മോന്‍ കൊല്ലം എസ്.എന്‍.കോളേജിലെ മുകേഷ് ബാബുവാകുന്നതും സിനിമയിലെ നായകനാകുന്നതും ഒക്കെ സ്വതസിദ്ധമായ ശൈലിയില്‍ മുകേഷ് ആവിഷ്‌കരിക്കുന്നു. മമ്മൂട്ടിയുടെ ഡ്രൈവിങ്ങിനെയും മുന്‍കോപത്തെയും സരസമായി പ്രതിപാദിക്കുന്ന കഥകളും, കൗമാരകാലത്ത് പെണ്‍കുട്ടികളുടെ മുമ്പില്‍ ആളാകാന്‍ ശ്രമിക്കുന്ന കഥകളും ഒരോ വായനക്കാരിലും ചിരിയുണര്‍ത്തും.
മുകേഷിന്റെ അടുത്ത ചങ്ങാതിയായിരുന്ന ഉണ്ണിത്താനെക്കുറിച്ചുള്ള കഥകളാണ് ഈ പുസ്തകത്തില്‍ ഒരു വലിയ ഭാഗം നിറയെ. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഈ കഥകളിലൂടെ കടന്ന് ഒടുവില്‍ ഉണ്ണിത്താനു സംബന്ധിച്ച ദുരന്തം വാായിക്കുമ്പോള്‍ വായനക്കാരുടെയും കണ്ണുകള്‍ നിറയും. അതിലൂടെ ജീവിതമെഴുത്ത് തനിക്ക് നര്‍മ്മം മാത്രമല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് മുകേഷ്.
തന്റെ കുട്ടിക്കാലത്തും, സ്‌ക്കൂള്‍ കോളേജ് ജീവിതത്തിലും, നാടക – സിനിമാ കാലഘട്ടത്തിലും നിന്ന് മുകേഷ് കഥയ്ക്കുള്ള ‘അസംസ്‌കൃത വസ്തുക്കള്‍’ കണ്ടെത്തുന്നു. സുഹൃദ് സംഘങ്ങളില്‍ നിന്നും യാത്രകളിലെ സൂക്ഷ്മ നിരീക്ഷണങ്ങളില്‍ നിന്നും കിട്ടിയ പൊട്ടുംപൊടികളും വെച്ച് തൊങ്ങലുണ്ടാക്കി മോടിപിടിപ്പിച്ച് ആകര്‍ഷകമായ വിധത്തില്‍ അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കഥനവൈഭവത്തിന് മികച്ച ഉദാഹരണമാണ് മുകേഷ് കഥകള്‍ വീണ്ടും എന്ന പുസ്തകം.
The post അന്തസ്സുള്ള ചില മുകേഷ് കഥകള്‍ കൂടി appeared first on DC Books.