യാത്രകള്‍ പോകാനിഷ്ടപ്പെടുന്നവര്‍ക്കും യാത്രകള്‍ക്കായി നല്ല സ്ഥലങ്ങള്‍ തിരയുന്നവര്‍ക്കും തിരഞ്ഞെടുക്കാവുന്ന പ്രകൃതിമനോഹരമായ സ്ഥമാണ് ഹിമാചല്‍പദേശിലെ തിബറ്റ് അതിര്‍ത്തി പങ്കിടുന്ന ലഹോള്‍-സ്പിത്തി. സ്പിത്തിയുടെ സവിശേഷതയും പ്രകൃതിഭംഗിയെപ്പറ്റിയുള്ള അറിവും ഏതൊരു സഞ്ചാരപ്രിയനേയും അവിടേക്ക് പോകാന്‍ പ്രേരിപ്പിക്കും..മാധ്യമപ്രവര്‍ത്തകനായ കെ ആര്‍ അജയന്‍ തയ്യാറാക്കിയ സ്പിത്തി എന്ന യാത്രാവിവരണപുസ്തകം സ്പിത്തിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കും…
ലഹോള്‍-സ്പിത്തി
ഹിമാചല്‍പദേശില്‍ തിബറ്റ് അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് ലഹോള്‍-സ്പിത്തി. ലാഹി-യൂള്‍ എന്ന തിബറ്റന്‍ വാക്കില്‍നിന്നാണ് ലഹോള്‍ എന്ന പേരുണ്ടായത്. ദൈവങ്ങളുടെ നാട് എന്നാണ് ഇതിനര്‍ഥം. മദ്ധ്യപ്രദേശം എന്നാണ് സ്പിത്തിയുടെ അര്‍ഥം. ഈ രണ്ട് സബ് ഡിവിഷനുകള്‍ ഒന്നായി ചേര്‍ന്നതാണ് ലഹോള്‍-സ്പിത്തി ജില്ല. ചൈനീസ് സഞ്ചാരി ഹുയാന്‍ സാങ്ങ് ഇതുവഴി യാത്രചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കിഴക്ക് സ്പിത്തിയും പടിഞ്ഞാറ് ചമ്പയും വടക്ക് ലഡാക്കും തെക്ക് കുളുവുമാണ് ലഹോളിന്റെ അതിര്‍ത്തികള്‍. തിബറ്റ്, കുളു, കിനൂര്‍, ലഡാക്ക് എന്നിവയാണ് സ്പിത്തിയുടെ അതിരുകള്‍. സ്പിത്തിക്കും ലഹോളിനുമിടയില്‍ പ്രശസ്തമായ കുന്‍സും പാസ്. ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം- കിബ്ബര്‍ (4205 മീററര്‍) സ്പിത്തിയിലാണ്.
ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ രണ്ടാംവാരംവരെയാണ് ഈ താഴ്‌വരകളിലേക്കുള്ള പ്രവേശനം. അതിനുശേഷം ഇവിടമാകെ മഞ്ഞുറഞ്ഞ് നില്‍ക്കും. മഴ തീരെയില്ലാത്ത പ്രദേശമാണിത്. കൊടുംമഞ്ഞ് അടിയുന്നതാണ് ഒക്‌ടോബര്‍മുതല്‍ മെയ്മാസം വരെ. അതോടെ ഇവിടത്തെ ഗ്രാമങ്ങള്‍ തികച്ചും ഒറ്റപ്പെട്ടുപ്പോവും. 13835 ചതുരശ്ര കിലോമീറ്ററുള്ള ലഹോളില്‍ ആകെയുള്ളത് 35000ത്തോളം ജനങ്ങള്‍ മാത്രം. 4800 ചതുരശ്ര കിലോമീറ്ററുള്ള സ്പിത്തിയില്‍ ജനസംഖ്യ 5000ത്തിലും താഴെസമുദ്രനിരപ്പില്‍നിന്ന് 10700 അടി ഉയരമുള്ള ഈ പ്രദേശത്ത് താപനില മൈനസ് 20 ഡിഗ്രിവരെ താഴാറുണ്ട്.
മദ്ധ്യേഷ്യയില്‍നിന്നെത്തിയ ആര്യന്‍, ശാക, ഖാസ എന്നീ വിഭാഗങ്ങളും തിബറ്റില്‍നിന്നും ബംഗാളില്‍നിന്നും കുടിയേറിയ മുണ്ട വര്‍ഗക്കാരുമാണ് ഇവിടത്തെ ആദ്യ ജനത. ഇപ്പോള്‍ ജനസംഖ്യയുടെ 77.4 ശതമാനവും പിന്നോക്ക വിഭാഗത്തില്‍പെട്ടവരാണ്. 15 ശതമാനം ബുദ്ധിസ്റ്റുകളുണ്ട്. ഭോട്ടിയ. ഹിന്ദി, ലഹോളി ഭാഷകളാണ് സംസാരിക്കുന്നത്.
ഷിംലയില്‍നിന്ന് കിനൂര്‍, റി-കോങ്പിയോ, നാക്കോ വഴി മലകടന്ന് സ്പിത്തിയിലെത്താം. കൂടാതെ മണാലി, റോത്തങ് പാസ്, ഗ്രാംഫു, ലോസര്‍, കാസ വഴിയും. ചന്ദ്രഭാഗ(ചെനാബ്)യുടെ കൈവഴികളായ ചന്ദ്രയും ഭാഗയും ഉത്ഭവിക്കുന്ന ചന്ദ്രതാലും സൂരജ്താലും ഈ താഴ്‌വരകളിലാണ്. ഇവ ഒത്തുചേരുന്ന തണ്ടി ഗ്രാമവും ലഹോളിലാണ്. ഇന്ത്യയിലെ ആദ്യ ബുദ്ധ വിഹാരങ്ങളില്‍ മിക്കതും ഇവിടെയാണ്. ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള താബു, ഡങ്കര്‍, കി മൊണാസ്ട്രികളും സ്പിത്തിയിലുണ്ട്.
The post യാത്രപോകാം സ്പിത്തിയിലേക്ക് appeared first on DC Books.