സമകാലിക ശ്രീലങ്കയും അവിടുത്തെ വിടുതലൈപ്പോരാട്ടത്തിന്റെ സംഘര്‍ഷ പശ്ചാത്തലവും ഉള്ളടക്കമാക്കി ടി ഡി രാമകൃഷ്ണന്‍ രചിച്ച നോലലാണ് ‘സുഗന്ധി എന്ന ആണ്ടാള് ദേവനായകി‘. ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്കുശേഷംടി.ഡി.രാമകൃഷ്ണന്‍ എഴുതിയ ഈ നോവല്‍ വായനക്കാര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. വര്‍ത്തമാനകാലരാഷ്ട്രീയവും ഭൂതകാലമിത്തും സംയോജിപ്പിച്ച് ടി ഡി രാമകൃഷ്ണന്‍ സു സുഗന്ധി എന്ന ആണ്ടാള് ദേവനായകി എഴുതിയപ്പോള്‍ മലയാളനോവല്‍ ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു മായാലോകം നമുക്കുമുന്നില്‍ ചുരളഴിയുകയായിരുന്നു. നോവലിന് സിന്ധു രാമചന്ദ്രന്‍ എഴുതിയ വായനാക്കുറിപ്പ് വായിക്കാം…
വര്‍ത്തമാനകാലത്തും ഭൂതകാലത്തും ജീവിക്കുന്ന ദേവനായകിമാരുടെ കഥയാണ് ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള് ദേവനായകി എന്ന സ്ത്രീപക്ഷ നോവല്‍. നോവലിസ്റ്റിന് പ്രിയപ്പെട്ട ദേവനായകി വായനക്കാര്‍ക്കും പ്രിയപ്പെട്ടതായി മാറുന്നു എന്നതാണ് ഈ ലേഖനത്തിന്റെ ആധാരം. ഫ്രാന്‍സിസ് ഇട്ടിക്കോര, ആല്‍ഫ എന്നീ നോവലുകള്‍ക്ക് ശേഷം തമിഴ് വിമോചനപ്പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഈ നോവലും ഓരോ കഥയ്ക്ക് പിന്നിലും എഴുത്തുകാരന് നടത്തുന്ന ഗവേഷണങ്ങളും പഠനങ്ങളും വായനക്കാരെ അതിശയിപ്പിക്കുന്നു. കുറേ മാസങ്ങള്‍ക്ക് മുമ്പ് ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍ വായിക്കുമ്പോള്‍ രാമകൃഷ്ണന്റെ എഴുത്ത് ശൈലിയല്ലേ എന്ന് സംശയം തോന്നിപ്പോയതും സന്തോഷ് ഏച്ചിക്കാനം കഥ എഴുതിയ ‘ഞാന് സ്റ്റീവ് ലോപ്പെസ്’ എന്ന സിനിമ കാണുമ്പോള്‍ ബെന്യാമിന്റെ മഞ്ഞ വെയില് മരണങ്ങള്‍ എന്ന നോവള്‍ ഓര്‍മ വന്നതും മറ്റൊരു അനുഭവമാണ്. എന്തായാലും നമുക്ക് ദേവനായകിയിലേക്ക് തന്നെ വരാം.
ഇന്ത്യയിലെ പല സ്ഥലത്തേക്കാളും അടുത്ത് കിടക്കുന്ന, ഭാഷ, സംസ്‌കാരം, വിദ്യാഭ്യാസം, ആഹാരരീതി എന്നിവ കൊണ്ട് തമിഴരെക്കാള്‍ അടുപ്പം തോന്നുന്ന, ഗള്‍ഫ് എന്ന സ്വപ്ന ലോകം തുറക്കുന്നതിനു മുമ്പേ മലയാളികളുടെ അഭയ കേന്ദ്രമായിരുന്ന ശ്രീലങ്ക എന്ന കൊച്ചു രാജ്യത്തെ ആഭ്യന്തര കലഹവും കൂട്ടക്കൊലയും നമ്മെ ബാധിക്കുന്നില്ല എന്ന വേദനയാണ് ഈ നോവലിനു പ്രേരണ എന്ന് എഴുത്തുകാരന്‍ തന്നെ ആമുഖമായി പറയുന്നുണ്ട്. ശ്രീലങ്കക്കും നമുക്കുമിടിയിലുള്ള കടലിന്റെ അകലത്തെ ഈ നോവലിലൂടെ ഇല്ലാതാക്കി നമ്മളും അവരും ഒന്നായി മാറുന്ന മാനസികാവസ്ഥയിലേക്ക് വായനക്കാരനെ എത്തിക്കാന്‍ നോവലിസ്റ്റിനു സാധിച്ചു എന്നത് നോവലിന്റെ വിജയമാണ്.
സ്യൂഡോ ഡമോക്രസിയുടെയും മാന്യതയുടെയും വികസനത്തിന്റെയും സമാധാനത്തിന്റെയും മുഖം മൂടി അണിഞ്ഞ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഫാസിസവും അത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സ്ത്രീകളെക്കുറിച്ചും ആണ് ഈ നോവല്‍പറയുന്നത്. സ്‌റ്റേറ്റ് എന്ന കൂടുതല്‍ ശക്തനായ ഫാസിസ്റ്റും ജനാധിപത്യത്തില്‍ നിന്ന് അകന്നു പോയി തങ്ങളെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തിയും കൊന്നും നിശ്ശബ്ദമാക്കുന്ന ഇയക്കം എന്ന ഫാസ്സിസ്റ്റ് ശക്തിയും വ്യക്തിപരമായ ജയത്തെക്കാള്‍ സമൂഹത്തിന്റെ ജയം ആഗ്രഹിക്കുന്ന മനുഷ്യാവകാശ പ്രവര്‍ ്ത്തകരുടെയും കഥയാണ് ഈ നോവല്‍. ഫാസിസ്റ്റ് സര്‍ക്കാരില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതോടൊപ്പം ഇയക്കത്തിന്റെ തിരിച്ചു വരവിനെ പ്രതിരോധിക്കുക എന്ന സ്വപ്നവും കാണുന്നവരാണ് ഇതിലെ സ്ത്രീകള്‍അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ബലാല്‍സംഗം ചെയ്തും ഗര്‍ഭിണികളാക്കിയും സ്ത്രീകളെ പീഡിപ്പിക്കുന്ന ഫാസിസത്തിന്റെ ഒരു മുഖവും വിമര്‍ശനങ്ങളെ ഉന്മൂലനം ചെയ്യാനായി സ്ത്രീകളെ വിവാഹം കഴിപ്പിച്ചും കുടുംബം എന്ന തടവടയിലും ഒതുക്കുന്ന ഫാസിസത്തിന്റെ മറ്റൊരു മുഖവും അഭിമാന ബോധമുള്ള ഇതിലെ സ്ത്രീ കഥാപാത്രങ്ങള്‍ ശക്തമായി എതിര്ക്കുന്നത് കാണാം.
ജീവിതത്തില്‍ ഒരു വ്യക്തിയെ മാത്രമേ പ്രണയിക്കാന്‍ സാധിക്കൂ എന്നും മറ്റെല്ലാ ബന്ധങ്ങളും മഹത്വവത്ക്കരിക്കപ്പെട്ട വ്യഭിചാരങ്ങളാണ് എന്നും സ്ത്രീ പറയുമ്പോള്‍ അവളെ സ്‌നേഹിക്കുന്ന പുരുഷന്‍ പറയുന്നത് താന് മറ്റൊരു സ്ത്രീയെ കൂടി സ്‌നേഹിക്കാന് തുടങ്ങിയത്‌കൊണ്ട് അതിനോട് യോജിക്കാന്‍ കഴിയുന്നില്ല എന്നാണ്. അതില്‍ നിന്ന് പുരുഷനും സ്ത്രീയും പ്രണയത്തെ രണ്ടു തലത്തില്‍ നിന്ന് കാണുന്നു എന്ന് വ്യക്തമാക്കുന്നു. പ്രണയത്തിലല്‍് നിന്ന് അവളെ വ്യത്യസ്തയാക്കുന്നത്. സ്ത്രീയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന പുരുഷന്റെ അധികാര ബോധത്തെ ചോദ്യം ചെയ്യാന്‍ മടി കാണിക്കുന്നില്ല ഇതിലെ സ്ത്രീ കഥാപാത്രങ്ങള്‍. സ്ത്രീയുടെ ഉടല് മാത്രം യാഥാര്‍ഥ്യവും മറ്റെല്ലാം മിഥ്യയും ആയി കാണുന്ന പുരുഷന്റെ മുമ്പില്‍ തന്റെ പ്രണയത്തിനായി ജീവിതവും ജീവനും ഹോമിക്കാന്‍ തയ്യാറാവുന്ന ധീരകളായ സ്ത്രീകളെ കാണാം. ദേവനായകി എന്ന മിത്തിനെ വര്‍ത്തമാന കാലത്തെ സ്ത്രീയുടെ പ്രതിരൂപമാക്കി മാറ്റിക്കൊണ്ട് ഏതു കാലഘട്ടത്തിലും അധികാരം എങ്ങനെയാണ് സ്ത്രീയെ നിശ്ശബ്ദരാക്കുന്നതെന്ന് ഈ നോവല്‍ പറയുന്നു.
ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധങ്ങളിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ വെള്ള പൂശാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാറിന്റെ സഹായത്തോടെ നിര്‍മിക്കുന്ന വുമണ്‍ ബിഹൈന്‍ഡ് ദ ഫാള്‍ ഓഫ് ടൈഗെര്‍സ് എന്ന സിനിമക്കായി തയ്യാറെടുക്കുന്ന പീറ്റര്‍ ജീവാനന്ദവും സുഹൃത്തുക്കളും കൊളംബോയില്‍ നിന്ന് 95 കിലോമീറ്റെര്‍ അകലെയുള്ള ഡിവൈന്‍ പേള്‍ എന്ന ശ്രീലങ്കന്‍ പട്ടാളത്തിന്റെ രഹസ്യ കേന്ദ്രത്തില്‍ എത്തുന്നതോടെയാണ് ഈ നോവല്‍ ആരംഭിക്കുന്നത്. മാനസികവും ശാരീരികവുമായ പീഡനങ്ങളിലും തന്റെ നിശ്ചയദാര്‍ഢ്യം കൈ വിടാത്ത തമിഴൊലി എന്ന തടവ് പുള്ളിയായ പുലി നേതാവില്‍ നിന്ന് സുഗന്ധി എന്ന കാമുകിയിലേക്കുള്ള അന്വേഷണം പീറ്റര്‍ ആരംഭിക്കുന്നു. കറുപ്പ് എന്ന വെബ് മാസികയില് മീനാക്ഷി രാജരത്തിനം എന്ന പേരില്‍ ദേവനായകിയിന്‍ കതൈ എന്ന പേരില് സുഗന്ധി എഴുതുന്ന കഥയാണ് ഒരു സഹസ്രാബ്ദം പിന്നിലേക്ക് നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നത്.
കാന്തയെ പാനം ചെയ്തു കാന്തയെ മറന്നന്യ കാന്തയെ പുണരുന്ന കാന്തന്മാരായ യോദ്ധാക്കള്‍ താമസിക്കുന്ന കുലശേഖര സാമ്രാജ്യത്തെ സൈനിക തലവന്‍ പെരിയ കൊയിക്കന്റെയും കംബൂജ കാരിയായ മൂന്നാമത്തെ ഭാര്യ ചംബയുടെയും മകളാണ് ഈ കഥയിലെ നായിക അതിസുന്ദരിയായ ദേവനായകി. സാധാരണ സ്ത്രീകളെ പോലെ സംഗീതവും നൃത്തവും മാത്രമല്ല അര്‍ഥശാസ്ത്രവും രാഷ്ട്രതന്ത്രവും ആയോധന വിദ്യകളും സ്ത്രീകള്‍ക്കും പഠിക്കാം എന്ന് തെളിയിക്കുന്ന ഈ 20കാരി ഏതു നിലം ഉഴവണമെന്നും വിത്ത് വിതക്കണം എന്നും തീരുമാനിക്കാനുള്ള അധികാരവും അവകാശവും രാജാവിന് ഉണ്ടെന്ന ഉപദേശം കേട്ട് തന്റെ സൗന്ദര്യത്തില്‍ ഭ്രമിച്ചുപോയ കാന്തളൂര്‍ രാജാവിന്റെ എട്ടാമത്തെ റാണി ആകുമ്പോഴും തന്റെ കഴിവോ അറിവോ രാജാവ് തിരിച്ചറിയുന്നില്ലല്ലോ എന്നും സംശയിക്കുന്നുണ്ട്. യോനിപൂജ നടത്തി അരത്താലി കെട്ടി സ്ത്രീയെ സൂക്ഷിക്കുന്ന സമ്പ്രദായത്തെയും പ്രസവിക്കാത്തത് സ്ത്രീയുടെ കുറ്റമാണെന്ന് പറയുന്ന സമൂഹത്തെയും രാജ്യ ഭരണത്തില്‍ അഭിപ്രായം പറയാന്‍ സ്ത്രീകള്‍ക്ക് അവകാശം ഇല്ലെന്നു പറയുന്ന പുരുഷ മേധാവിത്വത്തെയും അവള്‍ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ജയിക്കാന്‍ കഴിയാത്തിടത്തു യുദ്ധത്തിനു ഇറങ്ങരുത് എന്നും നയത്തില്‍ മാന്യമായ സ്ഥാനം നേടണം എന്നും ചിന്തിക്കുന്ന ദേവനായകി സ്ത്രീകള്‍ പുരുഷനെ അനുസരിക്കുന്നത് ബുദ്ധി ഇല്ലാത്തത് കൊണ്ടല്ല എന്നും തെളിയിക്കുന്നുമുണ്ട്. ദേവാനായകിയുടെ പ്രായോഗിക ബുദ്ധി അഗീകരിക്കാത്ത കാരണമാണ് കാന്തളൂര്‍ രാജ്യം ചോളന്മാരാല്‍ നശിപ്പിക്കപ്പെടുന്നതും. പിന്നീട് ദേവനായകിക്ക് എന്ത് സംഭവിച്ചു എന്ന കഥകള്‍ എല്ലാം ആര്യവല്‍ക്കരിക്കപ്പെട്ട കെട്ടുകഥകള്‍ ആണെങ്കിലും പെണ്ണിനെ ഒഴുകാന്‍ കൊതിക്കുന്ന പുഴയോട് ഉപമിച്ചുകൊണ്ട് ഭര്‍ത്താവിനെ കൊന്ന ചോള രാജാവിനെ സ്വീകരിക്കുന്നതുമായാണ് പറയുന്നത്. രാജ്യത്തിനകത്ത് അധികാര തര്‍ക്കം ഉണ്ടാകാതെ ഇരിക്കാനും രാജാവ് ദുര്‍ബലപ്പെടാതെ ഇരിക്കാനും മഹാറാണി എന്ന പദവി വേണ്ടെന്നു വയ്ക്കുന്ന ദേവയാനി സ്ത്രീയുടെ ത്യാഗത്തിന്റേയും സ്‌നേഹത്തിന്റെയും പ്രതീകമായാണ് അവതരിപ്പിക്കപ്പെടുന്നത്.
വംഗ രാജ്യത്തെ രാജകുമാരിയെ സിംഹം വിവാഹം ചെയുന്നത്തില്‍ നിന്നാണ് സിംഹളരുടെ ഉത്ഭവം എന്നും ഈ കഥയില്‍ പറയുന്നു. സഹോദരിയേയും മകളെയും വിവാഹം ചെയ്യാനുള്ള രാജാവിന്റെ അധികാരത്തെയും ഇതിലെ മംഗളയെ പോലുള്ള സ്ത്രീ കഥാപാത്രങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഓരോ യുദ്ധം കഴിയുമ്പോഴും ഓരോ സ്ത്രീകളെ കൊണ്ടുവരുന്ന രാജാവ് സ്ത്രീക്കും പുരുഷനും രണ്ടു നീതി ഉണ്ടാക്കുന്നത് ശരിയല്ല എന്ന പ്രതിഷേധത്തില് നിന്നാണ് ദേവനായകി രാജേന്ദ്ര ചോളനുമായി രതിയില് ഏര്‍പ്പെടുന്നതും. പിന്നീട് തന്റെ മകളെ കൊന്ന മഹീന്ദനോട് പ്രതികാരത്തിനായി പോകുന്ന ദേവനായകി അവിടെവെച്ച് മാനസാന്തരപ്പെടുകയും പക ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. അവിടെവെച്ച് അവളുടെ മുലകള്‍ അരിഞ്ഞു വീഴ്ത്തി ക്രൂരമായി പീഡിപ്പിക്കുന്ന മഹീന്ദനില്‍ നിന്ന് അദൃശ്യ ശക്തി കൈ വന്ന പോലെ അവള്‍ ആകാശത്ത് പോകുന്നു. തമിഴകത്തെ ഏതു പെണ്ണിന്റെ മനസ്സോ ഉടലോ വേദനിച്ചാല്‍ ആ നഗരം ചുട്ടുകരിക്കും എന്നവള്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് സുഗന്ധി അവളെ ദേവനായകിയുടെ പ്രതിരൂപമായി കണ്ടു കൊണ്ട് സ്വയം ജീവത്യാഗത്തിനു ഒരുങ്ങുന്നതും. സ്വപ്നങ്ങളുടെ ശ്മശാനം എന്നാല്‍ മോക്ഷമാണ്. ദുഃഖങ്ങള്‍ക്ക് കാരണമായ എല്ലാവിധ ആഗ്രഹങ്ങളും ജീവിത്തത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്ന അവസ്ഥ. അതുകൊണ്ട് ദേവനായകിയുടെ കഥയെ സുസാന സുപിന എന്ന് വിളിക്കുന്നു. പുരുഷന്റെ പട്ടവേശി എന്ന പ്രയോഗവും ലൈംഗിക പീഡനങ്ങളും സ്ത്രീയുടെ വ്യക്തിത്വത്തെയും സ്വന്തം ശരീരത്തിലുള്ള അവളുടെ അധികാരത്തെയും ചോദ്യം ചെയ്യുന്ന പുരുഷ സമൂഹത്തെയും ഈ നോവല്‍ കാണിച്ചു തരുന്നു.
അധികാരത്തിന്റെ ഉന്മാദത്തില്‍ മനുഷ്യത്വം മറന്നവര്‍ക്ക് നേരെ ഹിംസയെ ആയുധമാക്കാന്‍ തുനിഞ്ഞു പരാജയപ്പെടേണ്ടി വന്ന ഒരുകൂട്ടം മനുഷ്യാവകാശ പ്രവത്തകരുടെ കഥയാണ് ഈ നോവല്‍ പറയുന്നത്. സ്‌റ്റേറ്റ് എന്ന ഫാസിസത്തിന്റേയും ഇയക്കം എന്ന ഫാസിസത്തിന്റേയും ഇരകളായി മാറുന്ന ഡോ. രജനി തിരനഗാമയുടെയും പൂമണിയുടെയും ജൂലിയുദെയും മീനാക്ഷി രാജരത്‌നത്തിന്റെയും സുഗന്ധിയുടെയും അരുളിന്റെയും യമുനയുടെയും കഥ ശ്രീലങ്കയിലെ മുഴുവന് സ്ത്രീകളുടേയും ചൂഷണത്തിന്റെയും പീഡനത്തിന്റെയും കഥയാണ്. ഗര്‍ഭിണിയായ സ്വന്തം പെണ്ണിന്റെ സുരക്ഷ ഉറപ്പു വരുത്താതെ പേടിച്ചു ഓടിപ്പോകുന്ന പീറ്റര്‍ അവസാനം ഓര്‍ക്കുന്ന സുഗന്ധി എഴുതിയ കവിതയിലെ വരികള്‍ ശ്രീലങ്കയിലെ എല്ലാ സ്ത്രീകളുടെയും കണ്ണീരിന്റെ കഥയാക്കി ഈ നോവലിനെ മാറ്റുന്നു.
‘കനവ് തുലയ്ന്തവള് നാന്
കവിതൈ മറന്തവള് നാന്
കാതല് കരിന്തവള് നാന്
കര്പ്പ് മുറിന്തവള് നാന്’…………
The post സുഗന്ധി എന്ന ആണ്ടാള് ദേവനായകി; സിന്ധു രാമചന്ദ്രന്റെ വായനക്കുറിപ്പ് വായിക്കാം appeared first on DC Books.