എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളില്‍ ശ്രദ്ധേയയായ രേഖാരാജ് ‘സംഘടിത’ ദലിത് സ്ത്രീ പതിപ്പിന്റെ ഗസ്റ്റ് എഡിറ്ററായിരുന്നു. ഇപ്പോള്‍ ആംനസ്റ്റി ഇന്റര്‍ നാഷണല്‍ ഇന്ത്യയില്‍ വിമെന്‍ റൈറ്റ്‌സ് പ്രോഗ്രാം മാനേജരായ അവര്‍ ദലിത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നതില്‍ ബദ്ധശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. അവരുടെ ലേഖനങ്ങള്‍ സമാഹരിച്ച പുസ്തകമാണ് ദലിത് സ്ത്രീ ഇടപെടലുകള്‍ .
കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ സംവാദ മണ്ഡലങ്ങളില്‍ ഇപ്പോള്‍ സജീവമായി ഉയര്‍ന്നുകേള്‍ക്കുന്ന ദലിത് അനുഭവങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്ന 14 ലേഖനങ്ങളാണ് ദലിത് സ്ത്രീ ഇടപെടലുകള്‍ എന്ന പുസ്തകത്തില്‍ രേഖാരാജ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജാതിയെയും ലിംഗത്തെയും നേരിട്ടുകൊണ്ടല്ലാതെ കേരളത്തിന് ജനാധിപത്യത്തിലേക്ക് നടന്നുകയറാന്‍ പറ്റില്ലെന്ന് ഈ ലേഖനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
അടൂര്‍ സ്വാശ്രയ എന്‍ജിനീയറിങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി രജനി എസ് ആനന്ദിന്റെയും വെളുത്തവളായിരുന്നതിന്റെ പേരില്‍ അമ്മയുടെ സദാചാരം ചോദ്യം ചെയ്യപ്പെട്ട ഗീതുവിന്റെയും ആത്മഹത്യകളെ ചൂണ്ടിക്കാട്ടി രേഖാരാജ് ആത്മഹത്യയുടെ ജാതിയും ലിംഗവും ചര്‍ച്ചാവിഷയമാക്കുന്നു. മലായാള സിനിമ ദലിത് സ്ത്രീകളെ എങ്ങനെ വികലമായി ചിത്രീകരിക്കുന്നുവെന്ന് ചില ലേഖനങ്ങളിലൂടെ ദലിത് സ്ത്രീ ഇടപെടലുകള്‍ എന്ന പുസ്തകം വിശദമാക്കുന്നു. അഖിലയും അഞ്ചനയും നേരിട്ട കൊടിയ മര്‍ദ്ദനവും അപമാനവും മുന്‍നിര്‍ത്തി സി.പി.എം എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ ജാതിയും ഇവിടെ അന്വേഷണ വിഷയമാകുന്നു.
സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകള്‍ വഴി ധാരാളം പെണ്‍കുട്ടികള്‍ സ്വത്വബോധത്തോടെ സംസാരിച്ചു തുടങ്ങിയ കാലമാണിത്. സംഗീതം, കല, രാഷ്ട്രീയം, സാഹിത്യം തുടങ്ങിയ രംഗങ്ങളില്‍ അനവധി ദലിത് സ്ത്രീകള്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ദലിത് പെണ്‍കുട്ടികളുടെ മുന്നേറ്റത്തിന് കരുത്ത് പകരുന്ന പുസ്തകമാണ് ദലിത് സ്ത്രീ ഇടപെടലുകള്‍.
The post ദലിത് സ്ത്രീ ഇടപെടലുകള്‍ കേരളത്തില്‍ appeared first on DC Books.