വിഖ്യാത ഇറ്റാലിയന്‍ നാടകകൃത്തും നടനും നൊബേല്‍ ജേതാവുമായ ദാരിയോ ഫോ (90) അന്തരിച്ചു. ഇറ്റാലിയന്‍ സാംസ്‌കാരിക ജീവിതത്തിലെയും നാടകവേദിയിലെയും ഏറ്റവും മഹാന്മാരില്‍ ഒരാളെ നഷ്ടമായതായി ഫോയുടെ മരണവിവരം അറിയിച്ച പ്രധാനമന്ത്രി മത്തിയോ റെന്‍സി അഭിപ്രായപ്പെട്ടു.
‘അരാജകവാദിയുടെ അപകടമരണം’ എന്ന നാടകത്തിലൂടെ ലോകപ്രശസ്തനായ അദ്ദേഹത്തിന്റെ മറ്റ് നിരവധി നാടകങ്ങളും ലോകശ്രദ്ധയിലേക്കുയര്‍ന്നു. 1997ലാണ് ഫോ സാഹിത്യ നൊബേല്‍ നേടിയത്.
1926 മാര്‍ച്ചില്‍ സാന്‍ജിയാനോ എന്ന ചെറുപട്ടണത്തിലാണ് ഫോയുടെ ജനനം. സഞ്ചാരിയായ കച്ചവടക്കാരനായിരുന്ന മുത്തച്ഛനില്‍നിന്ന് കഥകേട്ടുവളര്‍ന്ന ഫോ മുതിര്‍ന്നപ്പോള്‍ സ്വയംകഥകളെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചു. രണ്ടാംലോക യുദ്ധകാലത്ത് നിര്‍ബന്ധിത സൈനികസേവനത്തിന് നിയോഗിക്കപ്പെട്ടെങ്കിലും ഫോ രക്ഷപ്പെട്ട് ഒളിവില്‍പ്പോയി. 1950കളില്‍ നാടകവേദിയില്‍ കണ്ടുമുട്ടിയ റെയിം അരങ്ങിലും ജീവിതത്തിലും ഫോയുടെ പങ്കാളിയായി. 1957ല്‍ സ്ഥാപിതമായ ഫോ–റെയും തിയറ്റര്‍ കമ്പനി നിരവധി ഹിറ്റുകളിലൂടെ ദേശീയശ്രദ്ധയിലേക്കുയര്‍ന്നു.
1970ല്‍ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഫോ തയ്യാറാക്കിയ അരാജകവാദിയുടെ അപകടമരണം നാല്‍പ്പതിലേറെ രാജ്യങ്ങളില്‍ അരങ്ങിലെത്തി. ആക്‌സിഡന്റല്‍ ഡെത്ത് ഓഫ് ഏന്‍ അനാര്‍ക്കിസ്റ്റ്, കാണ്ട് പേ വോണ്ട് പേ എന്നിവയാണ് പ്രസിദ്ധമായ നാടകങ്ങള്‍. മിസ്‌റ്റെറോ ബുഫോ എന്ന നാടകം വിവാദമായിരുന്നു.
The post നൊബേല്‍ ജേതാവ് ദാരിയോ ഫോ വിടവാങ്ങി appeared first on DC Books.