ക്രാന്തദര്‍ശിയും ബഹുമുഖപ്രതിഭയുമായിരുന്ന എം.കെ.കെ.നായരുടെ ആത്മകഥയാണ് ആരോടും പരിഭവമില്ലാതെ- ഒരു കാലഘട്ടത്തിന്റെ കഥ. തന്റെ 65 വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിന്റെ ചെപ്പ് തുറക്കുകയാണ് ഈ രചനയിലൂടെ എം.കെ.കെ.നായര്‍. ‘ഒരു വലിയ ലോകത്തില്‍ ഒരു ചെറിയ മനുഷ്യനായി കാലം കഴിച്ചപ്പോള്‍ പലതും കാണാനിടയായി. പലതിലും പങ്കെടുക്കാനിടയായി. പലതും നേരിട്ടറിയാനിടയായി. വലിയവരും ചെറിയവരുമായി ഇടപഴകാന്‍ സാധിച്ചു. ആ അനുഭവങ്ങള്‍, അനുഭൂതികള്‍, വേദനകള്‍, വീക്ഷണങ്ങള്‍ എന്നിവ മറ്റുള്ളവരുമായി പങ്കിടുകയാണ്. ഇതില്‍ കല്മഷമില്ല; വിദ്വേഷമില്ല വസ്തുനിഷ്ഠത മാത്രം. അഭിപ്രായങ്ങള്‍ കാണും. അവ എല്ലാവര്‍ക്കും സ്വീകാര്യമാകണമെന്നില്ല. ചിലപ്പോള്‍ അവ എഴുതുന്നവന്റെ ദുഃസ്വാതന്ത്ര്യമായി തോന്നാം. ദയവായി ക്ഷമിക്കൂ.’ എം.കെ.കെ നായര്‍ തന്റെ ആത്മകഥയില്‍ കുറിക്കുന്നു.
അവതാരികയില്‍ എസ്. ഗുപ്തന്‍ നായര്‍ എഴുതുന്നു…
‘1939-ല്‍ ഫിസിക്‌സിന് ഒന്നാം റാങ്കോടെ പാസ്സായ എംകെ.കെ അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു. എം.എസ്.സിക്കും മദ്രാസില്‍ പോയി ചേര്‍ന്നെങ്കിലും ഒടുവില്‍ എത്തിച്ചേര്‍ന്നത് പട്ടാളത്തിലാണ്. അവിടെനിന്ന് ഐ.എ.എസ്സിലേക്കു കടന്നു. അക്കഥയൊക്കെ വലിയ ആത്മശ്ലാഘ കൂടാതെ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഏതു വിഷയത്തിലേക്കും തിരിച്ചുവയ്ക്കാവുന്ന ഒരു മനസ്സും ബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഡെന്മാര്‍ക്കിലും മറ്റും നമ്മുടെ അംബാസഡറായിരുന്ന കെ.എം.കണ്ണേമ്പള്ളി പറഞ്ഞ ഒരു കഥ ഞാന്‍ ഓര്‍മ്മിക്കുന്നു. കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ലോകപ്രശസ്തനായിരുന്ന ഒരു വിദഗ്ദ്ധനെ കണ്ട് സംസാരിക്കാനാണ് എം.കെ.കെ. കോപ്പന്‍ഹേഗനിലെത്തിയത്. അംബാസഡര്‍മുഖേന കൂടിക്കാഴ്ച ഏര്‍പ്പാടു ചെയ്തു. അവര്‍ തമ്മില്‍ സംസാരിച്ച് കരാറൊപ്പിട്ടു പിരിയുകയും ചെയ്തു. ആ വിദഗ്ദ്ധന്‍ പിന്നീട് കണ്ണേമ്പള്ളിയോടു പറഞ്ഞുവത്രേ: ‘ നന്നായി ഗൃഹപാഠം പഠിച്ചുകൊണ്ടുവന്ന ഒരു ഉദ്യോഗസ്ഥമേധാവിയെ ഞാന്‍ ആദ്യമായി കണ്ടു’ എന്ന്. അതാണ് എം.കെ.കെയുടെ പ്രതിഭയുടെ പരപ്പ്. ഏതു വിഷയത്തിലേക്കും അത് തിരിയും. എല്ലാ വിഷയത്തിലും അവശ്യംവേണ്ട അറിവു നേടത്തക്കവണ്ണം ഉന്മിഷത്താണത്.
ഈ ആത്മകഥ കേവലം ഒരാത്മകഥയല്ല. അദ്ദേഹം തന്നെ പറയുന്നതുപോലെ ഒരു കാലഘട്ടത്തിന്റെ കഥയാണ്. നേരിട്ടു കണ്ടതും അനുഭവിച്ചതുമായ സംഭവങ്ങളെന്നപോലെ കേട്ടുകേഴ്‌വിയിലൂടെ ഗ്രഹിക്കുന്ന സംഭവങ്ങളും ഒട്ടേറെ വര്‍ണ്ണിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷില്‍ റാക്കന്‍ന്റേര്‍(raconteur) എന്നൊരു രസികന്‍ വാക്കുണ്ട്. സരസകഥകള്‍ പറഞ്ഞു സ്‌നേഹിതന്മാരെ രസിപ്പിക്കുന്നവര്‍ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. എം.കെ.കെ ഈ സല്ലാപലാലസന്റെ ഭാവമാണ് തന്റെ ആത്മകഥയിലൂടെ സമര്‍ത്ഥമായി അഭിനയിക്കുന്നത്. ഡല്‍ഹിയിലെ മന്ത്രാലയങ്ങളുടെ ഇരുളടഞ്ഞ ഉപശാലകളില്‍ നടക്കുന്ന അപ്രകാശിതങ്ങളായ നര്‍മ്മസംഭാഷണങ്ങളും ഗര്‍ഹണീയമായ ഏഷണികളും കാലുവാരലുകളും എല്ലാം ഈ കഥയിലെ അതിരസകരങ്ങളായ അദ്ധ്യായങ്ങളാണ്. നെഹ്‌റു, രാധാകൃഷ്ണന്‍, പട്ടേല്‍, പന്ത്, രാജാജി, വി.പി മേനോന്‍, ടി.ടി കൃഷ്ണമാചാരി തുടങ്ങിയ മഹാരഥന്മാര്‍ മുതല്‍ എം. ഒ മത്തായി തുടങ്ങിയ ചില്ലറക്കാര്‍വരെയുള്ളവരുടെ ആസ്വാദ്യമധുരമായ തൂലികാചിത്രങ്ങള്‍ സന്ദര്‍ഭോചിതമായി ഇതില്‍ വരയ്ക്കപ്പെട്ടിട്ടുണ്ട്. ‘ആരോടും പരിഭവമില്ലാതെ’ യാണെന്നെഴുത്തെങ്കിലും സത്യമൊട്ടും മറച്ചുവയ്ക്കുന്നില്ല. അതിബുദ്ധികള്‍ മന്ദബുദ്ധികളെ സഹിക്കുകയില്ലെന്നുള്ളത് പ്രസിദ്ധമാണ്. ഇതില്‍ വര്‍ണ്ണിതരായിട്ടുള്ള നെഹ്‌റുവും വി.പി മേനോനും ടി.ടി കൃഷ്ണമാചാരിയും മറ്റും അക്കൂട്ടത്തില്‍പെട്ട ഉജ്ജ്വലകഥാപാത്രങ്ങളാണ്. എം.കെ.കെ. അവരുടെ ഒരു കൊച്ചനന്തരവനാകാന്‍ സര്‍വ്വഥാ യോഗ്യനാണ്. ധിഷണാശാലികളുടെ നേര്‍ക്കുള്ള നിര്‍വ്യാജമായ സമാദരവും ‘മന്ത’ന്മാരുടെ നേര്‍ക്കുള്ള പുച്ഛവും തൂമ്പയെ തൂമ്പയെന്നു വിളിക്കുന്ന തന്റേടവും കൂടിച്ചേര്‍ന്നതാണ് എം.കെ.കെ.യുടെ അപൂര്‍വ്വവ്യക്തിത്വം. ഈ വ്യക്തിസത്തയുടെ സര്‍ഗ്ഗചൈതന്യം കൊണ്ട് പ്രഭാവിതമാണ് ഈ ആത്മകഥയിലെ ഓരോ അദ്ധ്യായവും.’
മലയാളത്തിലുണ്ടായ മികച്ച ആത്മകഥാഗ്രന്ഥങ്ങളിലൊന്നായ ഈ കൃതി ഒരു കാലഘട്ടത്തിന്റെ കഥ കൂടി പറയുകയാണ്.
ഡി സി ബുക്സ് ഓണ്‍ലൈന്‍ബുക്ക് സ്റ്റോറില്‍ നിന്നും പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക