ഒ.എന്‍.വി കവിതയില്‍ സിനിമാസംഗീതസപര്യ തുടങ്ങിയ ദേവരാജന്‍ അവസാനമായി റിക്കാര്‍ഡ് ചെയ്തതും തന്റെ പാട്ടാണെന്നത് ഒ.എന്‍.വി.കുറുപ്പിനെ വല്ലാതെ ദു:ഖിപ്പിച്ചിരുന്നു. നാടകരംഗത്തും സിനിമാരംഗത്തും റേഡിയോയ്ക്കും വേണ്ടി അവര്‍ ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ സൃഷ്ടിച്ചു. 40 വര്‍ഷം നീണ്ട ആ ബന്ധത്തില്‍ ഇടയ്ക്ക് 15 വര്‍ഷത്തെ അകല്‍ച്ചയുണ്ടായി. കൂട്ടുകെട്ട് വീണ്ടും സംഭവിച്ചപ്പോഴാണ് ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’ എന്ന നിത്യഹരിതഗാനം പിറന്നത്. ദേവരാജന്‍ ഓര്‍മ്മയായി മാറിയശേഷം കവിപത്‌നി വെളിപ്പെടുത്തി, അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്നെഴുതുമ്പോള്‍ കവിമനസ്സില്‍ ഉണര്‍ന്നുനിന്നത് ദേവരാജന്റെ മുഖമായിരുന്നുവെന്ന്…
സമയതീരത്തിനപ്പുറത്തേക്ക് നടന്നുപോയ പ്രിയ സംഗീതസംവിധായകരെ അനുസ്മരിച്ചുകൊണ്ട് ഒ.എന്‍.വി തയ്യാറാക്കിയ പുസ്തകമാണ് അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍. ദേവരാജന്‍, ബാബുരാജ്, എം.ബി.ശ്രീനിവാസന്‍, ദക്ഷിണാമൂര്‍ത്തി, കെ.രാഘവന്‍, സലില്‍ ചൗധരി, ബോംബേ രവി, ജോണ്‍സണ്‍, രവീന്ദ്രന്‍, എം.ജി.രാധാകൃഷ്ണന്‍, ഉദയഭാനു, എ.ടി.ഉമ്മര്‍ തുടങ്ങിയ സംഗീത സംവിധായകരെ ആദരപൂര്‍വ്വം സ്മരിക്കുകയാണ് ഈ പുസ്തകത്തിലൂടെ പ്രിയകവി.
ആകാശവാണിക്കു വേണ്ടി പാട്ടെഴുതിയതും, കെപിഎസിക്കുവേണ്ടി നാടകഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തിയതും പിന്നീട് ചലച്ചിത്രസംഗീതലോകത്തേക്ക് കടന്നുവന്നതും അതിനു വഴിതെളിച്ച സാഹചര്യങ്ങളും അതിനിടയാക്കിയ സൗഹൃദങ്ങളും എല്ലാം ഒഎന്‍വി അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന ഓര്‍മ്മ പുസ്തകത്തില്‍ കുറിച്ചിട്ടിരിക്കുന്നു. വിശ്രുത ചലച്ചിത്ര സംഗീതകാരന്മാരോടൊപ്പം പങ്കിട്ട ജന്മാന്തരസൗഹൃദത്തിന്റെ സുന്ദരമായ നിമിഷങ്ങളാണ് അദ്ദേഹം ഈ പുസ്തകത്തില്‍ വരച്ചിട്ടിരിക്കുന്നത്.
എഴുതിയ വരികളിലെ നുറുങ്ങുകള്‍ക്കപ്പുറം പ്രിയപ്പെട്ടവരുമായി പങ്കുവെച്ച നിമിഷങ്ങളും ചേര്‍ത്ത് ഓര്‍മ്മകളെ പൂര്‍ത്തിയാക്കുകയാണ് അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന പുസ്തകത്തിലൂടെ ഒ.എന്‍.വി.കുറുപ്പ്. പുനര്‍വായനയില്‍ ഈ ഓര്‍മ്മപ്പുസ്തകം പുണ്യം ചെയ്ത ഒരു പാട്ടുകാലത്തിന്റെ സമഗ്രമായ ചരിത്രമായി മാറുന്നുവെന്ന് പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോള്‍ അഭിപ്രായപ്പെടുന്നു.
ആയിരക്കണക്കിന് ഗാനങ്ങള്‍ സമ്മാനിച്ച് നിത്യതയിലേക്ക് മടങ്ങിയ ഒഎന്‍വിയുടെ എണ്‍പത്തിനാലാം പിറന്നാള്‍ ദിനത്തിലാണ് ഈ ഓര്‍മ്മപ്പുസ്തകം ആദ്യമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. നമ്മെ വിട്ടുപിരിഞ്ഞ വിഖ്യാതരായ സംഗീത സംവിധായകരുമായി ചേര്‍ന്ന് ഒ.എന്‍.വി സൃഷ്ടിച്ച കാവ്യലോകം വെളിപ്പെടുത്തുന്നതിനൊപ്പം മലയാളത്തെ അനുഭൂതികളുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ആ വരികളും ആസ്വദിക്കാനുള്ള അവസരം അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ഒരുക്കുന്നു. ഒഎന്‍വി എന്ന കാവ്യ സൂര്യനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മക്കളുടെയും ചെറുമക്കളുടെയും ഓര്‍മ്മക്കുറിപ്പുകളും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
The post പുണ്യം ചെയ്ത ഒരു പാട്ടുകാലത്തിന്റെ സമഗ്ര ചരിത്രം appeared first on DC Books.