”മനുഷ്യരാശിയുടെ നിലനില്പിന് അനിവാര്യമായ അവബോധം എന്ന നിലയില്‍ പരിസ്ഥിതി വിവേകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മുഖമുദ്രയായിക്കഴിഞ്ഞു. പരിസ്ഥിതിനാശത്തിനെതിരെ മലയാളിയുടെ പ്രജ്ഞയെ ഉണര്‍ത്തിയ അഗ്രദൂതിയാണ് സുഗതകുമാരി. മനസ്സും വാക്കും പ്രവൃത്തിയും കൊണ്ട് അവര്‍ പരിസ്ഥിതി സംരക്ഷണത്തിനായി പോരാടുന്നു. എന്നാല്‍ പാരിസ്ഥിതികകമായ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ആധി മാത്രമല്ല അവരുടെ ആരണ്യഗീതികളുടെ പ്രചോദനം.”
സുഗതകുമാരിയുടെ കവിതകളെക്കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വാക്കുകളാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. സ്ത്രീശാപം കൊണ്ടും ബാലശാപം കൊണ്ടും പ്രകൃതിശാപം കൊണ്ടും ദുസ്സഹമായ ഒരു കാലഘട്ടത്തെ ദു:ഖത്തിന്റെയും രോഷത്തിന്റെയും നീതിബോധത്തിന്റെയും അഗ്നിബാധ കൊണ്ട് പ്രതിരോധിക്കുന്ന വാങ്മയം സുഗതകുമാരിയുടെ ലോകാനുരാഗത്തിന്റെ ദുര്‍ഗാമുഖമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.
വാക്കുകളില്‍ നിറയുന്ന കവിതയുടെ വൈദ്യുതിസ്പര്‍ശവുമായി സുഗതകുമാരിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം പൂവഴി മരുവഴി പുറത്തിറങ്ങി. സ്വന്തം കാലഘട്ടത്തിലെ സാമൂഹികദുരന്തങ്ങളെയും അനീതികളെയും ഘോരാപരാധങ്ങളെയും ഉള്‍ക്കൊള്ളുന്ന കവിതാസമാഹാരത്തെ തന്റെ സാന്ധ്യതമസ്സിലെ തളര്‍ന്ന ചിറകടികളായാണ് സുഗതകുമാരി വിലയിരുത്തുന്നത്. എന്നാല്‍ ഉള്ളം പൊള്ളിക്കുന്ന വാക്കുകളിലൂടെ മരുവഴിയില്‍ ഒരു പൂവഴി പൂന്തേന്‍ വഴി പൂമരത്തണല്‍ വഴിയൊരുക്കുകയാണ് കവയിത്രി.
പൂവഴി മരുവഴി, പശ്ചിമഘട്ടം, നിര്‍ഭയ, ചൂട്, സിമിന്റിട്ടതാണിങ്ങു മുറ്റവും, പട്ടുപാവാട, പവിഴമല്ലിയുടെ മരണം, കടല്‍ പോലൊരു രാത്രി, തനിച്ചല്ല, ഒരു ജപ്പാന്‍ പ്രണയകഥ, മഴയത്ത് ചെറിയ കുട്ടി എന്നിങ്ങനെ 11 കവിതകള്‍ അടങ്ങുന്ന സമാഹാരമാണ് പൂവഴി മരുവഴി. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രൗഢോജ്ജ്വലമായ വാക്കുകള്‍ പുസ്തകത്തിന് മികച്ച ആസ്വാദനം ഒരുക്കുന്നു.
സുഗതകുമാരിയുടെ പാതിരാപ്പൂക്കള്‍ എന്ന സമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, രാത്രിമഴയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ്, അമ്പലമണിയ്ക്ക് ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. മദ്രാസിലെ ആശാന്‍ സ്മാരക സമിതിയുടെ അവാര്‍ഡ് കുറിഞ്ഞിപ്പൂക്കള്‍ക്കും വിശ്വദീപം അവാര്‍ഡ് തുലാവര്‍ഷപ്പച്ചയ്ക്കും ലഭിച്ചു. . മണലെഴുത്ത് എന്ന കവിതാസമാഹാരത്തിനായിരുന്നു 2013ല്‍ സരസ്വതി സമ്മാന്‍. കൃഷ്ണകവിതകള്‍ക്ക് ജന്മാഷ്ടമി പുരസ്‌കാരവും രാധയെവിടെയ്ക്ക് അബുദാബി മലയാള സമാജം അവാര്‍ഡും ലഭിച്ചു. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം, സാമൂഹ്യസേവനത്തിനുള്ള ഭാട്ടിയ അവാര്‍ഡ്, സേക്രഡ് സോള്‍ അന്തര്‍ദേശീയ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണ യത്‌നങ്ങള്‍ക്കുള്ള ഇന്ത്യാ സര്‍ക്കാരിന്റെ ആദ്യത്തെ വൃക്ഷമിത്ര അവാര്‍ഡ് നേടിയ സുഗതകുമാരിക്ക് 2006ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു.
മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, ഇരുള്‍ ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകള്‍, ദേവദാസി, മലമുകളിലിരിക്കെ, മണലെഴുത്ത് എന്നിവയാണ് പ്രധാന കൃതികള്‍. സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം എന്ന പേരില്‍ ഒരു ബൃഹദ്ഗ്രന്ഥവും കാവു തീണ്ടല്ലെ, മേഘം വന്നുതൊട്ടപ്പോള്‍, വാരിയെല്ല് തുടങ്ങിയ ലേഖന സമാഹാരങ്ങളും മൂന്ന് ബാലസാഹിത്യ കൃതികളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
The post കവിതയുടെ വൈദ്യുതിസ്പര്‍ശവുമായി ‘പൂവഴി മരുവഴി’ appeared first on DC Books.