ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേളയുടെ 2016ലെ പതിപ്പിന് ഒക്ടോബര്‍ 19ന് തുടക്കമാകും. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള 7000ല്‍ അധികം പ്രസാധകര്‍ പുസ്തകമേളയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 23 വരെ നീളുന്ന മേളയില്‍ മൂന്ന് ലക്ഷം സന്ദര്‍ശകരെ ഇക്കുറി പ്രതീക്ഷിക്കുന്നു. പതിനായിരത്തിലധികം പത്രപ്രവര്‍ത്തകരെ പ്രതീക്ഷിക്കുന്ന മേളയില്‍ നാലായിരത്തോളം പരിപാടികള്‍ അഞ്ച് ദിവസം കൊണ്ട് നടക്കും. 454 പുസ്തകങ്ങളുടെ പ്രകാശനമാണ് നിശ്ചയിച്ചിരിക്കുന്നത്.
ലോകസാഹിത്യത്തിന്റെ ഗതിവിഗതികളെക്കുറിച്ച് കൃത്യമായ ചിത്രം നല്‍കുന്ന ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ വിവിധ ഭാഷകളില്‍ നിന്നുള്ള ആയിരക്കണക്കിനു പുസ്തകങ്ങളുടെ തര്‍ജ്ജമാവകാശം കൈമാറപ്പെടും. മലയാള പുസ്തകങ്ങളെ ലോകശ്രദ്ധയില്‍ എത്തിക്കുന്നതിനായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല നൂറോളം പുസ്തകങ്ങളെ ഈ വര്‍ഷം ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇവയില്‍ അധികവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചവയാണ്. മലയാളത്തില്‍ നിന്ന് ഡി സി ബുക്‌സും പുസ്തകങ്ങളുടെ ഈ മഹാമേളയില്‍ പങ്കെടുക്കുന്നു.
നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാനുണ്ട് ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക്. അച്ചടിയുടെ കണ്ടുപിടുത്ത കാലത്ത് തന്നെ ഫ്രാങ്ക്ഫര്‍ട്ടിലെ പ്രാദേശിക പുസ്തക വില്പനക്കാര്‍ ആരംഭിച്ച മേള ലോകശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് രാഷ്ട്രീയവും സാംസ്‌കാരികവുമായ കാരണങ്ങളാല്‍ പ്രസക്തി നഷ്ടപ്പെട്ട മേള രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് 1949ല്‍ സെന്റ് പോള്‍സ് ചര്‍ച്ചില്‍ ഇന്നത്തെ രൂപത്തില്‍ പുനരാരംഭിയ്ക്കുകയായിരുന്നു.
1976 മുതല്‍ ഒരു രാജ്യത്തെ അതിഥി രാജ്യമായി മേളയിലേയ്ക്ക് ക്ഷിണിക്കാറുണ്ട്. ഫ്‌ലാന്‍ഡേഴ്‌സ്, നെതര്‍ലാന്‍ഡ് എന്നിവയാണ് ഈ വര്‍ഷത്തെ അതിഥി രാജ്യങ്ങള്‍. ദിസ് ഈസ് വാട്ട് വീ ഷെയര്‍ എന്നതാണ് ഇത്തവണത്തെ ഔദ്യോഗിക മുദ്രാവാക്യം.
The post ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള ഒക്ടോബര്‍ 19 മുതല്‍ 23 വരെ appeared first on DC Books.