ഒരു നല്ല കഥയുടെ അവസാന വരിയെഴുതി പേനയടയ്ക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതി… നല്ലയാഹാരം എന്തായാലും മനസ്സറിഞ്ഞ് കഴിച്ചു കൈകഴുകുമ്പോള്‍ കിട്ടുന്നതും അതുതന്നെയാണെന്നാണ് കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പറയുന്നത്. വിശപ്പാണ് ഏത് വിഭവത്തിനും രുചിയേറ്റുന്നത്. വയറു കാഞ്ഞ് കഴിക്കുമ്പോള്‍ റേഷനരിച്ചോറും അമൃതേത്താവുമെന്ന് ഒരു നൂറു പശിയനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് കഥാകാരന്റെ സാക്ഷ്യം.
ഹൃദയത്തില്‍ പച്ചകുത്തിയ വിഭവങ്ങളുടെയും സ്വാദുകളുടെയും വിശപ്പാറ്റലിന്റെയും ഓര്‍മ്മകള്‍ പങ്കിടുകയാണ് മലയാളത്തിലെ ശ്രേഷ്ഠരായ എഴുത്തുകാര്‍. വാക്കുകള്‍ കൊണ്ട് അക്ഷരസദ്യയൊരുക്കുന്നവരുടെ രുചി അനുഭവങ്ങള്‍ തേടി നടത്തിയ ഒരു യാത്രയാണ് വിനു ജോസഫിന്റെ മെനുസ്മൃതി എന്ന ഓര്‍മ്മപ്പുസ്തകം.
25 എഴുത്തുകാരുടെ കഥകള്‍ പോലെ രസകരമായ രുചിയനുഭവങ്ങളും പാചകക്കുറിപ്പുകളും ചേരുംപടി ചേര്‍ത്താണ് വിനു ജോസഫ് മെനുസ്മൃതിയുടെ മെനു തയ്യാറാക്കിയിരിക്കുന്നത്. രസകരമായ കഥകളും വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങളും ഇക്കൂട്ടത്തിലുണ്ട്. നടനും തിരക്കഥാകൃത്തുമായ അനൂപ്‌മേനോന്റെ അവതാരികയും മെനുസ്മൃതിക്ക് പറ്റിയ ചേരുവയാകുന്നു.
മലയാള മനോരമ കൊച്ചി എഡീഷനില്‍ ചീഫ് സബ് എഡിറ്ററായ വിനു ജോസഫ് ലാപ്‌ടോപ്പിലെ ആകാശം, മുറ്റമടിക്കുന്ന വെള്ളമയില്‍ എന്നീ കവിതാസമാഹാരങ്ങളും ഇഹത്തിലും പരത്തിലും എന്ന നോവലും രചിച്ചിട്ടുണ്ട്. ഒ.വി.വിജയന്‍ സ്മാരക നോവല്‍ പുരസ്‌കാരം, കൈരളി അറ്റ്‌ലസ് കവിതാ പുരസ്‌കാരം എന്നിവ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
The post വിനു ജോസഫിന്റെ മെനുസ്മൃതി appeared first on DC Books.