Image may be NSFW.
Clik here to view.2017 ഫെബ്രുവരി 2,3,4,5 ദിവസങ്ങളിലായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (KLF) പ്രശസ്ത നര്‍ത്തകിയും സാമൂഹിക സന്നദ്ധപ്രവര്‍ത്തകയുമായ മല്ലിക സാരാഭായിയുടെ സാന്നിദ്ധ്യമുണ്ടാകും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നാലുദിനരാത്രങ്ങളിലായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സാഹിത്യ സാഹിത്യേതര ചര്‍ച്ചകള്‍, സംവാദം, മുഖാമുഖം, പുസ്തകപ്രകാശനം, കലാസന്ധ്യ തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മല്ലികാസാരാഭായ് എത്തുന്നത്.
നാട്യമികവുകൊണ്ടും സന്നദ്ധപ്രവര്‍ത്തനങ്ങള്‍കൊണ്ടും കലാ-സാമൂഹിക-സാംസ്‌കാരിക ലോകത്തെ നിറസാന്നിദ്ധ്യമായിമാറിയ മല്ലിക സാരാഭായ് പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമായ ക്ലാസിക്കല്‍ നര്‍ത്തകി മൃണാളിനി സാരാഭായിടേയും ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിടേയും മകളാണ്. 1953 ല്‍ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്തകലകളിലാണ് മല്ലികയുടെ മികവ്. കൂടാതെ നാടകം, ചലച്ചിത്രം, ടെലിവിഷന്‍, രചന, പ്രസാധനം തുടങ്ങിയ മേഖലകളിലെ സംഭാവനകളിലൂടെയും പ്രശസ്തയാണിവര്‍. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്‌സ്, ഐ.ഐ.എം എന്നിവടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മല്ലിക ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് 1976 ല്‍ ഡോക്ട്രേറ്റും നേടിയിട്ടുണ്ട്.
പതിനഞ്ച് വയസ്സുള്ളപ്പോള്‍ സമാന്തര ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ച മല്ലിക 1977ല്‍ പാരീസിലെ തിയേറ്റര്‍ ഡി ചമ്പ്‌സ് എലൈസിയുടെ ഏറ്റവും നല്ല നൃത്ത സോളോയിസ്റ്റ് എന്ന പുരസ്‌കാരം നേടി. 1989 ല്‍ ഏകാംഗ നാടകമായ ‘ശക്തി: ദ പവര്‍ ഓഫ് വുമണ്‍’ അവര്‍ അവതരിപ്പിച്ചു. അതില്‍ പിന്നെ സാമൂഹിക പരിവര്‍ത്തനത്തിന്റെ ബോധമുണര്‍ത്തുന്ന നിരവധി സൃഷ്ടികള്‍ മല്ലിക സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. മല്ലിക സാരാഭായിയുടെ തിരക്കഥയിലുള്ള ഒരു നാടകമാണ് അന്‍സുനി(ഡിൗെിശ). ഹര്‍ഷ് മന്ദറിന്റെ ‘കേള്‍ക്കാത്ത ശബ്ദം’ എന്ന ഗ്രന്ഥത്തെ ആസ്പദിച്ചുള്ളതാണ് അന്‍സുനിയുടെ കഥ. അരവിന്ദ് ഗൗര്‍ ഇത് ഹിന്ദിയിലേക്ക് ഭാഷാന്തരം ചെയ്ത് ദര്‍പ്പണ അക്കാഡമിക്ക് വേണ്ടി മല്ലിക സാരാഭായ് സംവിധാനം ചെയ്തു. 975 ല്‍ ഗുജറാത്ത് സര്‍ക്കാറിന്റെ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ്, 1984 ല്‍ ഷീഷ എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല സഹ നടിക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, 2000 ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം, 2007 ല്‍ തിയേറ്റര്‍ പാസ്റ്റ തിയേറ്റര്‍ അവാര്‍ഡ്,ആഗോള സമാധാനത്തിന് കലാ സാംസകരിക രംഗത്തെ സംഭാവന പരിഗണിച്ച് 2008 ല്‍ വേള്‍ഡ് എകണോമിക് ഫോറത്തിന്റെ ക്രിസ്റ്റല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
The post മല്ലിക സാരാഭായ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എത്തുന്നു appeared first on DC Books.