പഴങ്ങള്‍ കഴിച്ചു കഴിച്ച്, ഒരു ദിവസം രാവിലെയുണരുമ്പോള്‍ താനൊരു കിളിക്കുഞ്ഞായി മാറുമോ എന്ന് ഒരിക്കലെങ്കിലും പ്രിയ ആധിച്ചിറകു കുടഞ്ഞിട്ടുണ്ടാകും. അത്രയ്ക്കാണു പ്രിയ എ.എസിന് പഴങ്ങളോടുള്ള ഇഷ്ടം. ആപ്പിളോറഞ്ചാദി മുന്തിരി മുതല്‍ ചക്കമാങ്ങപപ്പായത്തരങ്ങള്‍ വരെ എത്രവേണമെങ്കിലും അകത്താക്കും. ഇനിയും ചേക്കയൊഴിയാത്ത കുഞ്ഞുകാലശീലത്തെക്കുറിച്ചു പറയുമ്പോള്‍ കഥാകാരിയുടെ വാക്കുകള്‍ക്കു പക്ഷിച്ചുണ്ടിന്റെ കൂര്‍പ്പ്. പിറന്ന നാള്‍ തൊട്ടു രോഗപീഡ ഇരട്ട സഹോദരിയായി കൂടെയുണ്ട്. അസുഖക്കാരിക്കുട്ടിയെ കാണാന്‍ വരുന്നവരുടെ കയ്യിലുണ്ടാകും സഹതാപത്തിന്റെ ഓറഞ്ച് പൊതിയൊ ആപ്പിള്‍ പൊതിയൊ. കഷ്ടംവച്ച് കാര്യം തിരക്കിയെത്തുന്ന സന്ദര്‍ശകര്‍ പോകാന്‍ കാത്തുകിടക്കും, പഴപ്പൊതി റാഞ്ചാന്‍. പഴങ്ങള്‍ ചവച്ചു തിന്നാന്‍ അന്നുമിന്നും മടിയാണ്. ചാറാക്കിക്കിട്ടിയാല്‍ സന്തോഷം. ജ്യൂസ് കുടിച്ച് വയര്‍ നിറച്ച് ചോറുണ്ണാന്‍ മറക്കുകയാണു പതിവ്.
ബിരുദ പഠനത്തിനിടെ രോഗം കലശലായ കാലം. അതോടെ ചികിത്സ കൊച്ചിയില്‍ നിന്നു മുംബൈയിലേക്കു വാര്‍ഡ് മാറ്റി. നഗരവേഗങ്ങളില്‍നിന്നുമാറി അധികം വലുതല്ലാത്ത ക്ലിനിക്കിലായിരുന്നു കിടപ്പ്. ബന്ധുവായ അമ്മാവന്‍ സഹായത്തിന് അവിടെയുണ്ട്. കൂട്ടിരിപ്പിന് അമ്മമ്മ. വേദനകള്‍ക്കും മരുന്നിനുമപ്പുറം ആശുപത്രി കന്റീനിലെ കടുകെണ്ണ മണക്കുന്ന കറികളാണു പ്രിയയെ കൂടുതല്‍ തളര്‍ത്തിയത്. പോരാത്തതിന് പഥ്യങ്ങളുടെ കുറിപ്പടി വേറെ. സന്ദര്‍ശകരായി അമ്മാവന്റെ ബന്ധു ഇന്ദുമാമയും ഭാര്യയും ഇടയ്‌ക്കെത്തും. ഇവര്‍ക്കു കുട്ടികളില്ലായിരുന്നു. അതുകൊണ്ടുതന്നെ പ്രിയയോട് വാത്സല്യമിത്തിരി കൂടും. ആഹാരത്തിന്റെ വടക്കന്‍ചിട്ടകളോടു വായടച്ചു സമരം ചെയ്ത പ്രിയയ്ക്ക് ഇന്ദുമാമയും ഭാര്യയും വീട്ടില്‍നിന്ന് ആഹാരമെത്തിക്കാന്‍ തുടങ്ങി. ഇഡ്‌ലി, ദോശ, നുറുക്കരിക്കഞ്ഞി… ദിവസംചെല്ലെ അതും മടുത്തു. ഒരു ദിവസം പതിവു പ്രാതലുമായി ഇന്ദുമാമയെത്തി. പൊതിയഴിച്ചപ്പോള്‍ ഇഡ്‌ലി; വറ്റല്‍മുളകിന്റെ നീറ്റലുമായി കടുകുകുത്തിയ ചമ്മന്തിയുമുണ്ട്. കലികേറി, ദുര്‍ബലമായിരുന്നിട്ടും ശരീരം വിറച്ചു. ഇഡ്‌ലി കണ്ടുപിടിച്ചവനെവരെ പഴിച്ച് തിരിഞ്ഞുകിടന്നു. കുട്ടിക്ക് ഞങ്ങള്‍ കൊണ്ടുവരുന്നതൊന്നും ഇഷ്ടമാകുന്നുണ്ടാകില്ല… കരയാതെ കരഞ്ഞ് ഇന്ദുമാമ ഇഡ്‌ലിയുമായി തിരിച്ചുനടന്നു.
അന്നു വൈകിട്ട് തിടുക്കപ്പെട്ട് അമ്മാവനെത്തി. അമ്മമ്മയുമായെന്തോ മാറിനിന്നു സംസാരിക്കുന്നതു കണ്ടു; അമ്മമ്മയുടെ മുഖം വാടുന്നതും. പിറ്റേന്നു രാവിലെയാണു വിവരം പറയുന്നത്, ഇഡ്‌ലിയുമായി സ്‌കൂട്ടറില്‍ തിരികെപ്പോയ ഇന്ദുമാമ അപകടത്തില്‍ മരിച്ചു. ഒരു നിമിഷം, ഹൃദയം വഴുതിവീഴുംപോലെ തോന്നി പ്രിയയ്ക്ക്. ഇഡ്‌ലിയുടെ വേവുഗന്ധം മരണമായി മുറിനിറയുന്നതും അപ്പോഴറിഞ്ഞു. സംസ്‌കാരം ഉച്ചയ്ക്കായിരുന്നു. അടുത്ത മുറിയില്‍ കിടക്കുന്ന ഗുജറാത്തി കുടുംബത്തെയേല്‍പ്പിച്ച് അമ്മാവനും അമ്മമ്മയും ചടങ്ങിനു പോയി. ഓര്‍മകളില്‍ ഇന്ദുമാമ വേദനയായും വിശപ്പായും പെരുകുകയാണ്…
ഉച്ചയായപ്പോള്‍ ഭക്ഷണത്തിനു ക്ഷണമെത്തി: ‘ഖിച്ടി ഖാലോ ബേട്ടി…” പുഴുങ്ങിയ ചെറുപയറില്‍ മുങ്ങിക്കുളിച്ച കുറുക്കുകഞ്ഞിപോലുള്ള വിഭവമായിരുന്നു അത്. എന്തോ കറി കൂട്ടിനുണ്ട്, തൊട്ടില്ല. നല്ല ചൂടുണ്ടായിരുന്നെങ്കിലും നാവറിഞ്ഞില്ല. ഖിച്ടി മാത്രം കോരിക്കുടിച്ചു. *കഞ്ഞി വര്‍ഗത്തില്‍പെട്ട ഒന്നും പിടിക്കാത്തതാണ്, എന്താണാവോ നല്ല രുചി തോന്നി. എങ്കിലും ആരാണിതില്‍ ഇത്രയുപ്പ് ചേര്‍ത്തത്? പെയ്തുകൊണ്ടേയിരുന്ന രണ്ടു കണ്ണുകള്‍ ഉത്തരം പറഞ്ഞു.
പലപഴ ഷേക്ക്
ചേരുവ:
ഏത്തപ്പഴം, ചെറിപ്പഴം – 2 എണ്ണം വീതം
മാമ്പഴം – 1 എണ്ണം
പപ്പായ കൈതച്ചക്ക – 1 വളയം വീതം
പാല്‍ – 3 കപ്പ്
പഞ്ചസാര – പാകത്തിന്
പാചകം: പഴങ്ങളുടെ തൊലി കളഞ്ഞു ചെറുതായി അരിയുക. മിക്‌സിയുടെ ജാറില്‍ പാലും പഞ്ചസാരയും ചേര്‍ത്തു നന്നായി അടിച്ചെടുക്കുക. ഗ്ലാസിലേക്കു പകര്‍ന്ന് ചെറിപ്പഴം രണ്ടായി മുറിച്ചതിട്ടു വിളമ്പുക. കൊടും ചൂടില്‍ വിയര്‍ത്തലച്ചുവരുമ്പോള്‍ രണ്ടും മൂന്നും ഗ്ലാസ് ഒറ്റയടിക്ക് അകത്താക്കാം. പഴവര്‍ഗങ്ങള്‍ ഇഷ്ടമുള്ളതു മാറ്റി പരീക്ഷിക്കാം
The post കണ്ണീരുപ്പുചേര്‍ത്ത് ഖിച്ടി; പ്രിയ എ എസിന്റെ രുചിയനുഭവം appeared first on DC Books.