പട്ടാളക്കഥാകാരന്‍ എന്ന വിലയിരുത്തലാണ് നന്തനാര്‍ എന്ന എഴുത്തുകാരനെക്കുറിച്ച് ഉണ്ടായിട്ടുള്ളത്. ഉണ്ണിക്കുട്ടന്റെ ലോകം പോലെയുള്ള കൃതികള്‍ അദ്ദേഹത്തെ ഒരു ബാലസാഹിത്യകാരനെന്നും കണക്കാക്കാന്‍ നിമിത്തമായിട്ടുണ്ടെങ്കിലും നന്തനാരുടെ പട്ടാളേതര രചനകള്‍ ഇതുവരെ വിലയിരുത്തപ്പെട്ടിട്ടില്ല. ഇടപ്പള്ളിയുടെയും രാജലക്ഷ്മിയുടെയും കാലശേഷമുണ്ടായ ആത്മഹത്യാവായനകളുടെ രീതി നന്തനാരുടെ പുസ്തകങ്ങളെ തെല്ലും ബാധിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഏറെ പ്രസക്തമായ നോവലാണ് നന്തനാരുടെ അനുഭവങ്ങള്‍.
നന്തനാരുടെ അപൂര്‍ണ്ണമായ ആത്മകഥ എന്ന് വിശേഷിപ്പിക്കാവുന്ന നോവലാണ് അനുഭവങ്ങള്‍. അങ്ങാടിപ്പുറം എന്ന ജന്മദേശത്തെ പശ്ചാത്തലമാക്കിയാണ് നന്തനാര്‍ അനുഭവങ്ങള്‍ രചിച്ചിരിക്കുന്നത്. ഗോപി എന്ന കേന്ദ്രകഥാപാത്രത്തിലൂടെയാണ് നോവലിന്റെ ആഖ്യാനം. നന്തനാരുടെ യഥാര്‍ത്ഥ പേര് ഗോപാലന്‍ എന്നായിരുന്നു എന്നുകൂടി കൂട്ടിവായിക്കുമ്പോള്‍ അനുഭവങ്ങളിലെ നായകനില്‍ ആത്മാശം ഏറെയുണ്ടെന്ന് വായനക്കാര്‍ക്ക് ബോധ്യമാകും.
‘ജീവിക്കണം’ എന്ന പ്രഖ്യാപനത്തോടെ ആരംഭിക്കുന്ന അനുഭവങ്ങളില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്നത് മൃത്യുമമതയാണ്. നന്തനാരിലെ മൃത്യുവാഞ്ഛയെ വിശദീകരിക്കുന്ന നോവല്‍ അവസാനിക്കുന്നത് ഗോപി പട്ടാളത്തില്‍ ചേരാന്‍ യാത്രയാകുന്നതോടെയാണ്. യഥാര്‍ത്ഥത്തില്‍ അന്നുതന്നെ ഗോപാലന്‍ മരിച്ച് നന്തനാര്‍ ജന്മമെടുത്തിരുന്നല്ലോ!
അനുഭവങ്ങള്‍എഴുതി പ്രസിദ്ധീകരണത്തിന് അയച്ചിട്ട് ഫലം കാത്തുനില്‍ക്കാതെ ആത്മഹത്യ ചെയ്യുകയായിരുന്നു നന്തനാര്‍. ആ സ്ഥിതിക്ക് മരണത്തില്‍ രമിക്കാന്‍ സ്വയം ഒരുങ്ങിപ്പുറപ്പെട്ട ഒരാളുടെ ധീരവും സത്യസന്ധവുമായ വെളിപ്പെടുത്തല്‍ കൂടിയായി നോവല്‍ മാറുന്നുവെന്ന് എന്‍.പി.വിജയകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു. 1974ല്‍ നന്തനാര്‍ അന്തരിച്ചതിനു ശേഷം അടുത്ത വര്‍ഷമാണ് അനുഭവങ്ങള്‍ പ്രസിദ്ധീകൃതമായത്. പുതുകാലത്തിന്റെ വായനക്കായി 2010ല്‍ അനുഭവങ്ങള്‍ ഡി സി ബുക്‌സ് പുറത്തിറക്കി. രണ്ടാം ഡി സി പതിപ്പാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.
ആത്മാവിന്റെ നോവുകള്‍ എന്ന കൃതിയിലൂടെ 1963ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നന്തനാര്‍ക്ക് ലഭിച്ചിട്ടുണ്ട്. മഞ്ഞക്കെട്ടിടം, തോക്കുകള്‍ക്കിടയിലെ ജീവിതം, ഒരു സൗഹൃദസന്ദര്‍ശനം, ഉണ്ണിക്കുട്ടന്റെ ലോകം, കഥകള്‍: നന്തനാര്‍ തുടങ്ങിയ പുസ്തകങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
The post നന്തനാരിലെ മൃത്യുവാഞ്ഛയെ വിശദീകരിക്കുന്ന നോവല്‍ appeared first on DC Books.