വിദ്വേഷത്തിന്റെ പ്രത്യശാസ്ത്രത്താല്‍ പ്രേരിതരായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റെയ്റ്റ് ഭീകരര്‍ ഇന്നലെ വരെ നമുക്ക് പത്രവാര്‍ത്തകളും കേട്ടുകേള്‍വികളും മാത്രമായിരുന്നു. എന്നാല്‍ സമീപകാലത്ത് നടന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത് നാമറിയാതെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഐ.എസ് റിക്രൂട്ട്‌മെന്റ് നടന്നതായാണ്. ഹിംസയുടെ പന്ഥാവിലൂടെ നിരങ്കുശം നീങ്ങുന്ന ഐ.എസ്സില്‍ ചേരാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലും അണികളുണ്ടായെന്ന വസ്തുത നടുക്കത്തോടെയല്ലാതെ സ്മരിക്കാന്‍ നമുക്കാവില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇറാഖ്, സിറിയ, ലിബിയ മേഖലകളില്‍ സംഹാരതാണ്ഡവമാടിക്കൊണ്ട് ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ഐ.എസ്സിന്റെ മതവേരുകള്‍ ചികയുന്ന ഹമീദ് ചേന്നമംഗലൂരിന്റെ ലേഖനങ്ങള്‍ ഈ അവസരത്തില്‍ കൂടുതല്‍ പ്രസക്തമാകുകയാണ്. ഇസ്‌ലാമിക് സ്റ്റെയ്റ്റ് ആരുടെ സൃഷ്ടി? എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലാണ് ഈ ലേഖനങ്ങളുള്ളത്.
ഇസ്‌ലാമിക് സ്റ്റെയ്റ്റ്, ന്യൂനപക്ഷപ്രീണനം, പൊതുസിവില്‍ കോഡ്, അരുന്ധതി റോയിയും ഗാന്ധിജിയും, മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം, ടി.ജെ.ജോസഫും കുത്ബുദ്ദീന്‍ അന്‍സാരിയും,… തുടങ്ങി സമകാലികസമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ ആരുടെയും പക്ഷം പിടിക്കാതെ സുചിന്തിതമായ അഭിപ്രായങ്ങള്‍ വായനക്കാരുമായി പങ്കുവെയ്ക്കുകയാണ് ഹമീദ് ചേന്നമംഗലൂര്‍. മതപരവും ഭരണകൂടപരവുമായ വെല്ലുവിളികള്‍ നേരിടുന്ന ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ആശയപരമായ പിന്‍ബലമേകുന്ന ഈ ലേഖനങ്ങള്‍ സുധീരവും നിര്‍ഭയവുമാണെന്ന് നിസ്സംശയം പറയാം.
2015ലാണ് ഇസ്‌ലാമിക് സ്റ്റെയ്റ്റ് ആരുടെ സൃഷ്ടി എന്ന പുസ്തകം പ്രസിദ്ധീകൃതമായത്. വിവാദവിഷയങ്ങളിലുള്ള ഹമീദ് ചേന്നമംഗലൂരിന്റെ നിലപാടുകള്‍ ചര്‍ച്ചയായതോടെ പുസ്തകം ശ്രദ്ധേയമാകുകയും അതിവേഗം കോപ്പികള്‍ വിറ്റഴിക്കപ്പെടുകയും ചെയ്തു. ഒരുവര്‍ഷം കടന്നുപോയിരിക്കുന്ന സമയത്ത് മാറിയ സാഹചര്യത്തിനനുസരിച്ച് പുസ്തകത്തില്‍ വിവരങ്ങളും ലേഖനങ്ങളും കൂട്ടിച്ചേര്‍ത്ത് പരിഷ്‌കരിച്ചാണ് രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുസ്തകത്തിന്റെ ഇ ബുക്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക
The post ഇസ്ലാമിക് സ്റ്റെയ്റ്റ് ആരുടെ സൃഷ്ടി? appeared first on DC Books.