കവിയും ചിന്തകനും വാഗ്മിയുമായ പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍ അന്തരിച്ചു. ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ഒക്ടോബര്‍ 21 വെള്ളിയാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു.
നിരൂപണം, നോവല്‍, ബാലസാഹിത്യം, നാടകം തുടങ്ങി സാഹിത്യ മേഖലയുടെ സമസ്ത രംഗങ്ങളിലും സാമൂഹിക സാംസ്‌കാരിക രംഗത്തും മേലത്ത് ചന്ദ്രശേഖരന്‍ സജീവ സാന്നിധ്യമായിരുന്നു. 28 വര്‍ഷം പയ്യന്നൂര്‍ കോളജില്‍ മലയാളവിഭാഗം മേധാവിയായിരുന്നു. 2001ല്‍ വിരമിച്ച ശേഷം രണ്ടു വര്‍ഷം കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല പയ്യന്നൂര്‍ കേന്ദ്രത്തില്‍ മലയാളം അധ്യാപകനായിരുന്നു. തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന രക്ഷാധികാരി കൂടിയായിരുന്നു അദ്ദേഹം.
സൂര്യജന്യം, ശ്രീചക്ര ഗീത, അപൂര്‍ണം, ഡയറിക്കുറിപ്പുകള്‍, അമൃതോസ്മി തുടങ്ങി എട്ടോളം കവിതാ സമാഹാരങ്ങള്‍, വൈലോപ്പിള്ളിക്കവിത, അക്ഷരത്തിന്റെ ആത്മാവ് തുടങ്ങിയ നിരൂപണ ഗ്രന്ഥങ്ങള്‍, രണ്ട് നോവലുകള്‍ എന്നിവയടക്കം 24 ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് മേലത്ത് ചന്ദ്രശേഖരന്‍. മൂടാടി ദാമോദരന്‍ കവിതാ അവാര്‍ഡ്, മഹാകവി കുട്ടമത്ത് അവാര്‍ഡ്, നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി കുറ്റിപ്പുഴ സ്മാരക എന്‍ഡോവ്‌മെന്റ്, 2016ലെ മയില്‍പീലി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
എ. നാരായണിയാണ് ഭാര്യ. ജ്യോതി സൂര്യന്‍, സ്‌നേഹ ചന്ദ്രന്‍, ശക്തിമയി എന്നിവര്‍ മക്കളും അമര്‍ മരുമകനുമാണ്. മൃതദേഹം എടാട്ട് ശ്രീനഗര്‍ ഹൗസിങ് കോളനിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം വൈകീട്ട് നാലു മണിയോടെ കുഞ്ഞിമംഗലം കണ്ടീകുളങ്ങര സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
The post പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍ അന്തരിച്ചു appeared first on DC Books.