ഗസല്‍ എന്ന കാവ്യശാഖയെ മലയാളത്തിന്റെ മനസ്സിലേക്ക് പകര്‍ന്നുതന്ന കേരളത്തിന്റെ പ്രിയപ്പെട്ട ഗസല്‍ഗായകന്‍ ഉമ്പായിയുടെ ജീവിത കഥ രാഗം ഭൈരവി പ്രകാശിപ്പിക്കുന്നു. ഇന്ത്യയിലും അറബി നാടുകളിലുമായി ലക്ഷക്കണക്കിനു സംഗീതാസ്വാദകരുടെ മനസ്സ്‌കീഴടക്കിയ ഉമ്പായിയുടെ സംഗീതസപര്യ നാല്പതിറ്റാണ്ട് പിന്നിടുന്ന സാഹാചര്യത്തിലാണ് കേരള ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശനവും ഗസല്‍ സന്ധ്യയും സംഘടിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 21ന് വൈകിട്ട് 6ന് എറണാകുളം കേരള ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി ഹാളിലാണ് പരിപാടികള്‍.
കെവി തോമസ് എംപി അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പുസ്തകം പ്രകാശനം ചെയ്യും. ആബാദ് ഗ്രൂപ്പ് എംഡി റിയാസ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങും. മുന്‍ എംപി പി രാജീവ് ആശംസകളറിയിക്കും. ഉമ്പായി മറുപടി പ്രസംഗം നടത്തും. കേരള ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി പ്രസിഡന്റ് പിഎസ് സുകുമാരന്‍, സെക്രട്ടറി ടി പി രമേശ് എന്നിവര്‍ സ്വാഗതവും കൃതജ്ഞതയും അറിയിക്കും. തുടര്‍ന്ന് ഉമ്പായിയും സംഘവും ഗസല്‍ അവതരിപ്പിക്കും.
സവിശേഷമായ സംഗീത പാരമ്പര്യംകൊണ്ട് പ്രശസ്തമായ മട്ടാഞ്ചേരിയില്‍ പടിഞ്ഞാറെ വീട്ടില്‍ അബുവിന്റെയും പാത്തുമ്മയുടെയും മകനായി ജനിച്ച ഇബ്രാഹിമാണ് പില്ക്കാലത്ത് ഉമ്പായി എന്ന പേരില്‍ അറിയപ്പെട്ടത്. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ആഴക്കടല്‍ നീന്തിത്തുടിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പിന്നീട് ഫീനിക്‌സ് പക്ഷിയേപ്പോലെ ഉയര്‍ത്തെഴുന്നേറ്റ് ഇന്ന് ദക്ഷിണേന്ത്യയില്‍ മുഴുവന്‍ അറിയപ്പെടുന്ന ഗായകരില്‍ ഒരാളായി മാറി. 1988 ല്‍ വിഖ്യാത കവി ഹസ്രത്ത് ജയ്പൂരി സാബിന്റെ ഉറുദു കവിതകള്‍ക്ക് ഈണം നല്‍കി ആബദ് എന്ന പേരില്‍ ആദ്യ ഗസല്‍ ആല്‍ബം പുറത്തിറക്കി. തുടര്‍ന്ന് യൂസഫലി കേച്ചേരി, പ്രൊഫ.ഒഎന്‍വി, കെ സച്ചിദാനന്ദന്‍, പ്രദീപ് അഷ്ടച്ചിറ, വേണു വി ദേശം, ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവരുമായി ചേര്‍ന്ന് 19 ആല്‍ബങ്ങള്‍ ചെയ്തു. ഇപ്പോള്‍ ഉമ്പായിയുടെ സംഗീതസപര്യ നാല്പതിറ്റാണ്ട് പിന്നിടുകയാണ്.
മലയാള സംഗീതപ്രേമികളെ ഗസല്‍ മഴയില്‍ നനയിച്ച ഉമ്പായിയുടെ ജീവിത കഥപറയുന്ന പുസ്തകമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രാഗം ഭൈരവി. അന്യൂനവും അനന്യവും അസാധാരണവുമായ ആ ആലാപത്തിനു പിന്നില്‍ കെടുതികളുടെയും ദാരിദ്രത്തിന്റെയും ജീവിതാനുഭവങ്ങളുടെയും ചൂടും ചൂരുമുള്ള സിനിമാക്കഥയെപ്പോലും അതിശയിപ്പിക്കുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആ ജീവിതം അക്ഷരങ്ങളിലേക്കാവാഹിച്ചിരിക്കുകയാണ് അദ്ദേഹം തന്റെ ആത്മകഥയായ രാഗം ഭൈരവിയിലൂടെ.
The post ഉമ്പായിയുടെ ജീവിത കഥ ‘രാഗം ഭൈരവി’ പ്രകാശിപ്പിക്കുന്നു appeared first on DC Books.