വിശ്വസാഹിത്യത്തിലെ പ്രൗഢരചനകള്‍ ആസ്വദിക്കാന്‍ നാം മലയാളികള്‍ ഒരിക്കലും മടിച്ചിട്ടില്ല. ഇംഗ്ലിഷിലും തര്‍ജ്ജമകളിലൂടെ മലയാളത്തിലും എത്തുന്ന പുതിയ രചനകളെയും ഇവിടുത്തെ വായനക്കാര്‍ നെഞ്ചേറ്റാറുണ്ട്. എന്നാല്‍ ഇതിനേക്കാളപ്പുറം, വിശ്വസാഹിത്യത്തിലേക്ക് സ്വന്തമായ ഒരു പാത വെട്ടിത്തുറക്കുകയാണ് ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ഡോ. സി.വി.ആനന്ദബോസ്. മനുഷ്യകഥാനുഗായിയായ വിശ്വസാഹിത്യത്തിലെ അമൂല്യകഥകളെ മലയാളത്തനിമയോടെ അദ്ദേഹം പുനരാവിഷ്‌കരിക്കുന്ന കഥാസമാഹാരമാണ് ചെഖോവും ചെക്കന്മാരും.
വിശ്വസാഹിത്യത്തിലെ അനശ്വരമായ കഥകളെ മലയാളമണ്ണിലേക്കും ഗ്രാമത്തുടിപ്പുകളിലേക്കും പറിച്ചുനട്ട് ലളിതമായി പുനരാവിഷ്‌കരിക്കുന്ന പുസ്തകമാണ് ചെഖോവും ചെക്കന്മാരും. അറിനും ആനന്ദവും തേടുന്ന പുതുതലമുറയ്ക്ക് വിശ്വകഥാസാഹിത്യത്തിന്റെ വിശാലലോകത്തേക്കുള്ള വാതില്‍ തുറക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഗ്രന്ഥകാരന്‍ പറയുന്നു.
കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും മാറിയാലും മനുഷ്യസ്വഭാവത്തിനും മാനുഷിക വികാരങ്ങള്‍ക്കും മാറ്റമില്ല. ഓരോ കഥയിലും വിലീനമായ സര്‍ഗ്ഗബിന്ദുവിലേക്കുള്ള പ്രയാണമാണ് സാഹിത്യത്തിന് സാര്‍വ്വ ലൗകികഭാവം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഈ വേറിട്ട പുസ്തകം വായനക്കാര്‍ക്ക് ഏറെ പ്രിയങ്കരമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ചെഖോവിന്റെ ദി ബോയ്‌സ് എന്ന കഥയുടെ വിവര്‍ത്തനമാണ് ചെഖോവും ചെക്കന്മാരും എന്ന കഥ. എന്നാല്‍ ആധുനിക കഥാസാഹിത്യത്തിന് പുതിയ ദിശാബോധം നല്‍കിയ ആന്റണ്‍ ചെഖോവിന്റെയും അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് സാഹിത്യത്തെ പുഷ്‌കലമാക്കിയ പേള്‍ എസ് ബക്ക്, മോപ്പസാങ്, ജോര്‍ജ്ജ് എലിയട്ട്, ഒ.ഹെന്റി, ഓസ്‌കര്‍ വൈല്‍ഡ് തുടങ്ങിയവരുടെയും കഥകളുടെ പുനരാഖ്യാനമാകയാല്‍ പുസ്തകത്തിന് ചെഖോവും ചെക്കന്മാരും എന്ന പേര് കൂടുതല്‍ യോജിക്കുന്നു.
തന്റെ മക്കള്‍ക്ക് വിശ്വസാഹിത്യത്തില്‍ അഭിരുചി വര്‍ദ്ധിക്കാനായാണ് സി.വി.ആനന്ദബോസ് ഇത്തരമൊരു കഥനരീതി ആദ്യം സ്വീകരിച്ചത്. ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറം ആ കഥകളാണ് അദ്ദേഹം ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. പുസ്തകം വായിക്കുന്ന ഒരാളെങ്കിലും ഇതുവഴി വിശ്വസാഹിത്യത്തിലേക്ക് കടന്നാല്‍ തനിക്ക് ചാരിതാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം പറയുന്നു.
ഗവണ്മെന്റ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, വൈസ് ചാന്‍സലര്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ജില്ലാ കളക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള ഡോ. സി.വി.ആനന്ദബോസ് മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലായി 20 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നോട്ടം തെറ്റാതെ, നോക്കിയും കണ്ടും, നാളികേരത്തിന്റെ നാട്ടില്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പുസ്തകങ്ങളില്‍ ചിലതാണ്.
The post മലയാളത്തനിമയോടെ വിശ്വോത്തര കഥകള്‍ appeared first on DC Books.