അറിവിന്റെ മഹാസമുദ്രമാണ് എം.കെ.സാനുവെന്നും ആ സമുദ്രത്തില്‍നിന്ന് മലയാളിക്ക് ലഭിച്ചതെല്ലാം മുത്തുകളായിരുന്നെന്നും നടന്‍ മധു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന്റെ ശതോത്തര സുവര്‍ണ ജൂലിബി ആഘോഷങ്ങളുടെ ഭാഗമായി കോളജിലെ ഇംഗ്‌ളീഷ് വിഭാഗവും എം.കെ.സാനു ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച എം.കെ.സാനു നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടകത്തെ കുറിച്ചും രംഗഭാഷയെക്കുറിച്ചും ഇത്രയും ഗൗരവമായി പഠിക്കുകയും അതു ജനങ്ങളുമായി പങ്കുവെക്കുകയും ചെയ്ത എഴുത്തുകാരുടെ പട്ടികയില്‍ പ്രഥമസ്ഥാനീയനാണ് എം.കെ.സാനുവെന്നും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചു പ്രസംഗിക്കുവാന്‍ തനിക്ക് അറിവു കുറവാണെന്നും മധു കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നവതി സന്ദേശം നാടകകൃത്ത് ടി.എം.എബ്രഹാം വായിച്ചു. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും മലയാളിക്ക് പുതിയ ഉണര്‍വും ചൈതന്യവും നല്‍കിയ ഈ ഗുരുനാഥനോട് കേരളം ഏറെ കടപ്പെട്ടിരിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഐക്യകേരളത്തിന് പറക്കാനുള്ള ആകാശം സൃഷ്ടിച്ചുകൊണ്ട് മുമ്പേ പറന്ന പക്ഷിയാണ് സാനുമാഷെന്ന് കവി പ്രഭാവര്‍മ ചൂണ്ടിക്കാട്ടി. യൗവനത്തിന്റെ തീക്ഷ്ണതയുള്ള വാക്കുകളും പ്രഭാഷണങ്ങളുമാണ് സാനുമാഷിന്റേതെന്ന് കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.
നിങ്ങള്‍ പുതുവഴി വെട്ടുമ്പോള്‍ ആരുടെ സഹായവും പ്രതീക്ഷിക്കരുതെന്നും സഹായിക്കാന്‍ വരുന്നവര്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും സാനു മാഷ് പറഞ്ഞു. ഒരുകാലത്ത് മലയാള സാഹിത്യത്തിന് മലയാള അധ്യാപകരെക്കാള്‍ കൂടുതല്‍ സംഭാവന ചെയ്തത് പി.ശങ്കരന്‍നമ്പ്യാര്‍, കെ.അയ്യപ്പപ്പണിക്കര്‍, എം.പി.പോള്‍ തുടങ്ങിയ ഇംഗ്‌ളീഷ് അധ്യാപകരാണെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളജ് 150ാം വാര്‍ഷികാഘോഷ സമിതിക്കുവേണ്ടി ലെനിന്‍ രാജേന്ദ്രനും കോളജിനുവേണ്ടി പ്രിന്‍സിപ്പല്‍ ഡോ. എം.എസ്.വിനയചന്ദ്രനും വിവിധ ഡിപ്പാര്‍ട്‌മെന്റ് മേധാവികള്‍, കോളജ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരും സാനുമാഷിനെ ആദരിച്ചു. ഇംഗ്‌ളീഷ് വിഭാഗം സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം എം.കെ.സാനു നിര്‍വഹിച്ചു. വകുപ്പ് മേധാവി ക്രിബുന വിശ്വാസ് സ്വാഗതവും ഫാ. റോബി കണ്ണഞ്ചിറ നന്ദിയും പറഞ്ഞു. സാനുമാഷിന്റെ ഭാര്യ രത്‌നമ്മ, ഡോ. അയ്യപ്പപ്പണിക്കരുടെ മകള്‍ മീരാകുമാരി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
The post എം.കെ.സാനു അറിവിന്റെ മഹാസമുദ്രമെന്ന് നടന്‍ മധു appeared first on DC Books.