കഥകളിലൂടെ കുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ നവലോകം തുറന്നു കൊടുക്കുന്ന പുസ്തകമാണ് പ്രൊഫ.എസ്. ശിവദാസ് രചിച്ച അറിവേറും കഥകള്‍. നന്മയുള്ള ഈ കഥകള്‍ കുട്ടികളെ രസിപ്പിക്കുക മാത്രമല്ല, അറിവിന്റെ വിശാലമായ ചക്രവാളത്തിലേയ്ക്ക് അവരെ നയിക്കുകയും ചെയ്യുന്നു. കൂടുതല്‍ മനോഹരമായ സ്വപ്‌നങ്ങള്‍ നെയ്യാനും അവ നടപ്പിലാക്കാനും കുഞ്ഞുങ്ങള്‍ക്ക് ഒരു വഴികാട്ടി കൂടിയാണ് ഈ പുസ്തകം.
സ്വപ്‌നങ്ങളില്ലെങ്കില്‍ ജീവിതമില്ല. സ്വപ്‌നങ്ങളും ഭാവനകളുമാണ് ജീവിതത്തെ മനോഹരമാക്കുന്നത്. അതുകൊണ്ടു തന്നെ കുട്ടികളുടെ സ്വപ്‌നങ്ങള്‍ക്കും ഭാവനകള്‍ക്കും അതിരുകളില്ല. കുഞ്ഞുങ്ങളുടെ ഭാവനാലോകത്തെ വളര്‍ത്തുന്നതിനാവശ്യമായ സാരോപദേശകഥകളും ഇതിഹാസങ്ങളിലെ ലഘുകഥകളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കുട്ടികളില്‍ മൂല്യബോധമുണര്‍ത്തുന്നവയാണ് ഓരോ കഥകളും. കൂടുതല്‍ ചിന്തിക്കാനും പ്രചോദിപ്പിക്കാനും കുട്ടികളെ സഹായിക്കുന്ന പുസ്തകമാണ് അറിവേറും കഥകള്‍.
കുട്ടികള്‍ക്ക് രസകരമായ വായനാനുഭവം സമ്മാനിക്കുന്ന അറിവേറും കഥകള്‍ എന്ന പുസ്തകത്തില്‍ കുട്ടികളുടെ പ്രിയപ്പെട്ട ശിവദാസ് മാമന്റെ അറിവൂറും കഥകള്‍, ബുദ്ധിയുണര്‍ത്തും കഥകള്‍, സ്‌നേഹക്കഥകള്‍ സ്വപ്നക്കഥകള്‍, സ്വപ്നക്കുട്ടി എന്നീ പുസ്തകങ്ങള്‍ ഒന്നിച്ചവതരിപ്പിച്ചിരിക്കുന്നു. കഥകളോടൊപ്പം കുട്ടികളെ പഠിപ്പിക്കാന്‍ അദ്ധ്യാപകരെയും രക്ഷിതാക്കളെയും സഹായിക്കുന്ന വിശദമായ ആക്ടിവിറ്റി കോര്‍ണറും ചേര്‍ത്തിട്ടുണ്ട്. പുസ്തകത്തിന്റെ മൂന്നാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.
1940 ഫെബ്രുവരി 19ന് കോട്ടയം ജില്ലയിലെ ഉല്ലല ഗ്രാമത്തിലാണ് പ്രൊഫ. എസ്. ശിവദാസ് ജനിച്ചത്. കോട്ടയം സി.എം.എസ്. കോളേജില്‍ അദ്ധ്യപകനായിരുന്ന പ്രൊഫ. എസ്.ശിവദാസ് യുറീക്ക, ശാസ്ത്രകേരളം, ബാലശാസ്ത്രം, എങ്ങനെ? എങ്ങനെ? എന്നിവയുടെ എഡിറ്റര്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലാ സ്ഥാപക സെക്രട്ടറി, പരിഷത് പ്രസിദ്ധീകരണ സമിതി ചെയര്‍മാന്‍, വിശ്വവിജ്ഞാനകോശം കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഥകള്‍, നാടകങ്ങള്‍, നോവലുകള്‍, ശാസ്ത്രലേഖനങ്ങള്‍, പഠനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ ശാഖകളിലുള്ളവയാണ് ശിവദാസിന്റെ രചനകള്‍. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള പ്രൊഫ.എസ്.ശിവദാസിന് 2015ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിക്കുകയുണ്ടായി.
The post കഥകളിലൂടെ അറിവിന്റെ നവലോകം appeared first on DC Books.