പാഠപുസ്തകത്തില്‍ പ്രസിദ്ധീകരിച്ച കഥയുടെ പ്രതിഫലം രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം കഥാകൃത്തിനെ തേടിയെത്തി. പ്രതിഫലമായ 5000 രൂപയ്ക്കു വേണ്ടി ടി പത്ഭനാഭന്‍വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് അധികൃതരുടെ കണ്ണ് തുറന്നത്. അടുത്ത സുഹൃത്തായ സി.പി.എം എംഎല്‍എ വഴി വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിട്ടും അദ്ദേഹം ഇടപെടാഞ്ഞതില്‍ തെല്ല് പരിഭവവും ടി പത്ഭനാഭന്‍ പങ്കുവെയ്ക്കുന്നു. ഇനി ഒരെഴുത്തുകാരനും ഇങ്ങനൊരു അനുഭവം ഉണ്ടാകാതിരിക്കാനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2014ലാണ് പത്ഭനാഭന്റെ ‘അശ്വതി‘ എന്ന കഥ 7-ാം ക്ലാസ്സിലെ പാഠപുസ്തകത്തിലുള്‍പ്പെടുത്തിയത്. പ്രതിഫലമായി 5000 രൂപ നല്‍കാമെന്ന് വിദ്യാഭ്യാസ വകുപ്പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും പ്രതിഫലതുക കിട്ടാതിരുന്ന പത്മനാഭന്‍ കഴിഞ്ഞ ദിവസമാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിക്കും (എസ്‌സിഇആര്‍ടി), വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനും വക്കീല്‍ നോട്ടീസ് അയച്ചത്. പ്രതിഫലമായ 5000 രൂപയും അന്നുമുതല്‍ ഇന്നുവരെയുളള പലിശയും പത്തുദിവസത്തിനുള്ളില്‍ നല്‍കണമെന്നും നല്‍കിയില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യുമെന്നു കാട്ടി അഡ്വ. കെ.കെ.രമേഷ് മുഖേനയാണ് ടി പത്ഭനാഭന്‍ നോട്ടീസ് അയച്ചത്.
ടി പത്ഭനാഭന്‍ സര്‍ക്കാരിന് അയച്ച വക്കീല്‍നോട്ടീസ് കഴിഞ്ഞ ദിവസമാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും ഇതുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ഇതുവരെ കണ്ടില്ലെന്നും താന്‍ ഈ അടുത്തനാളുകളിലാണ് എസ്‌സിഇആര്‍ടിയുടെ ചുമതല ഏറ്റതെന്നും എസ്‌സിഇആര്‍ടി ഡയറക്ടര്‍ ജെ പ്രസാദ് പറഞ്ഞു. പത്മനാഭനെപോലെ വലിയൊരു എഴുത്തുകാരന് പരാതി അയക്കേണ്ട സാഹചര്യം ഉണ്ടാകാന്‍പാടില്ലായിരുന്നുവെന്നും അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് എസ്‌സിഇആര്‍ടി ആസ്ഥാനത്ത് പരിശീലനത്തിനുപോയ കണ്ണൂര്‍ മൊറാഴ ഗവണ്മെന്റ് സ്‌കൂളിലെ അധ്യാപികയുടെ കൈവശമാണ് പത്മനാഭന്റെ പ്രതിഫലം കൊടുത്തയച്ചത്. ആഗസ്റ്റ് 21 ഞായറാഴ്ച ഉച്ചയോടെ അവര്‍ കണ്ണൂര്‍ പള്ളിക്കുന്നിലുള്ള കഥാകൃത്തിന്റെ വസതിയിലെത്തി തുക കൈമാറി.
The post ടി.പത്മനാഭന് കഥയുടെ പ്രതിഫലം കിട്ടി appeared first on DC Books.