വായനാസമൂഹത്തെ സാഹിത്യലോകത്തുനിന്നും അകന്നുപോകാതിരിക്കാന്‍ സഹായിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് ചെറുകഥകളാണ്. ലോകസാഹിത്യത്തിലെ കഥകള്‍ക്കൊപ്പം നില്‍ക്കാന്‍ കെല്പുള്ള ചെറുകഥകള്‍ നമ്മുടെ സാഹിത്യത്തിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചെറുകഥാകൃത്തുക്കളുടെ പെരുപ്പത്തിനനുസരിച്ച് കാമ്പുള്ള കഥകള്‍ ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തിലാണ് ചെറുകഥാരംഗത്തെ പുതുചുവടുവെപ്പായ വി എച്ച് നിഷാദിന്റെ ആതിരാ സൈക്കിള്‍ എന്ന കഥാസാഹാരത്തിന് പ്രസക്തിയേറുന്നത്.
ഡി സി ബുക്‌സിന്റെ കഥാഫെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ആതിര സൈക്കിളില്‍ ഇന്നത്തെ സമൂഹം നേരിടുന്ന ചിലപ്രശ്‌നങ്ങള്‍ സൗന്ദര്യപരമായ അംശത്തിന് കോട്ടംതട്ടാത്തവിധം അവതരിപ്പിച്ചിരിക്കുന്നു. ദല്‍ഹി 2013, രണ്ട് ഏകാന്തതകള്‍, ജീവിതം ദേ ഇതുവഴി, ഞാന്‍ ഒരു സ്ത്രീയായി മാറിയ ദിവസം, ഷൈലജയും ശൈലജയും, ആതിര സൈക്കിള്‍, കണ്ണൂര്‍ സെന്‍്ട്രല്‍ ജയിലില്‍ നിന്ന് പോസ്റ്റ് ചെയ്ത ഒരു ചപ്പാത്തിക്കഥ തുടങ്ങി പന്ത്രണ്ട് കഥളുടെ സമാഹാരമാണ് പത്രപ്രവര്‍ത്തകനായ വി എച്ച് നിഷാദിന്റെ ആതിര സൈക്കിള്‍.
ആതിര സൈക്കിള്‍ എന്ന കഥാസമാഹാരം പേരിന്റെ പുതുമകൊണ്ട് ആകാംഷയുണര്‍ത്തുക മാത്രമല്ല കഥാകൃത്തിന്റെ സ്ത്രീപക്ഷമമത വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വ്രണിത ജീവിതങ്ങളുടെ ദുരവസ്ഥയും, ഒരു പെണ്ണിന്റെ കഠിനമായ ഏകാന്തതയുമാണ് നിഷാദ് വ്യത്യസ്തമാനങ്ങളിലൂടെ ഈ കഥകളിലൂടെ തുറന്നടിക്കുന്നത്. ആതിര സൈക്കിള്‍, ഷൈലജയും ശൈലജയും, ജീവിതം ദേ ഇതുവഴി എന്നീകഥകളിലെല്ലാം സ്ത്രീപക്ഷമമത കണ്ടെത്താം. എന്നാല്‍ മലയാളത്തിലെ ചെറുകഥകളുടെ മുന്‍നിരയിലേക്ക് കടന്നിരിക്കാന്‍ വരെ അര്‍ഹതയുള്ള ഈ കഥ പ്രണയത്തിന്റെ നൈതികതയെക്കുറിച്ചും ഫലശ്രുതിയെക്കുറിച്ചും ഒരു പുനര്‍വിചിന്തനത്തിനു പ്രേരിപ്പിക്കുന്നതാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പോസ്റ്റ് ചെയ്ത ഒരു ചപ്പാത്തിക്കഥ. എം മുകുന്ദന്റെ ദല്‍ഹി കഥയ്ക്കു ശേഷം മലയാളവായനക്കാരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന..മനസ്സിനെ അലട്ടുന്ന മറ്റൊരു ദല്‍ഹിക്കഥയാണ് ദല്‍ഹി 2013.
പത്രപ്രവര്‍ത്തകനായ വി എച്ച് നിഷാദ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. ചെറുകഥയ്ക്ക് മുട്ടത്തുവര്‍ക്കി കലാലയ കഥാ അവാര്‍ഡ്, എം പി നാരായണപിള്ള ചെറുകഥാ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഷോക്ക്, മൂന്ന്, പേരയ്ക്ക, വാന്‍ഗോഗിന്റെ ചെവി, മിസ്ഡ് കോള്‍, മരമാണ് മറുപടി തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്.
The post സ്ത്രീപക്ഷ കഥകളുമായി ആതിര സൈക്കിള്‍ appeared first on DC Books.