അത്രയൊന്നും അറിയപ്പെടാത്തവളെങ്കിലും വ്യത്യസ്തതയാര്‍ന്ന കഥകളെഴുതുന്ന മാലിനി നാരായണന്‍ എന്ന കഥാകാരിയെ തിരഞ്ഞുപോകുന്ന ഒരു പത്രപ്രവര്‍ത്തകയുടെ കണ്ടെത്തലുകള്‍ ഏറെ വിചിത്രമായിരുന്നു. സ്ത്രീസ്വത്വബോധത്തിന്റെ കഥകള്‍ എഴുതിയ കഥാകാരി പുരുഷാധിപത്യത്തിന്റെ നീതിയുടെ നിയമാവലികളില്‍ നീറി ജീവിക്കുകയാണ്!. എഴുത്ത് അവള്‍ വീട്ടില്‍ ചെയ്യുന്ന ഏറ്റവും രഹസ്യാത്മകമായ പ്രവര്‍ത്തിയായിരുന്നു. ജീവിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് അവള്‍ കഥകള്‍ എഴുതുന്നത്….
കനലില്‍ എഴുതിയ കഥകള്‍ കൊണ്ട് സമ്പന്നമാണ് ഷീബ ഇ.കെയുടെ ഏറ്റവും പുതിയ കഥാസമാഹാരമായ കനലെഴുത്ത്. അതേ പേരിലുള്ള കഥയിലാണ് നൊമ്പരപ്പെടുത്തുന്നതും മനസ്സിനെ പൊള്ളിക്കുന്നതുമായ കഥാപാത്രമായി മാലിനി നാരായണനെ ഷീബ ചിത്രീകരിക്കുന്നത്. ഇത്തരത്തില്‍ നമ്മുടെ കാലത്തിന്റെയും ലോകത്തിന്റെയും നേരേ പിടിച്ച ഒരു കണ്ണാടിയാണ് കനലെഴുത്തിലെ 22 കഥകളും.
ഒരു സ്ത്രീ സ്വന്തം ഓഫീസിലും സഹപ്രവര്‍ത്തകരുടെ ഇടയിലും എങ്ങനെയൊക്കെ ക്രൂശിക്കപ്പെടുന്നു എന്ന കാട്ടിത്തരുന്നതാണ് കഥാന്തരം എന്ന കഥ. ദുരന്തമായി തീര്‍ന്ന ഒരു പ്രണയകഥയിലെ നായിക അണിഞ്ഞൊരുങ്ങി നടക്കുന്നത് സമൂഹത്തെ ചൊടിപ്പിക്കുന്ന കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് ഈ കഥ. നവനീത എന്ന കഥാന്തര നായികയുടെ ജീവിതവും മുന്നോട്ട് പോകുന്നതും അവസാനിക്കുന്നതും കനല്‍ വഴികളില്‍ തന്നെ.
രോഗാവസ്ഥയില്‍ കിടക്കുന്ന ആള്‍ക്ക് സഹപ്രവര്‍ത്തകരുടെ സഹായങ്ങള്‍ എങ്ങനെ ഉപദ്രവമാകുന്നു എന്നാണ് ‘ഇറച്ചി വേവുന്ന മണം’ എന്ന കഥ കാട്ടിത്തരുന്നത്. ശരീരങ്ങളുടെ കച്ചവടം മികച്ച വരുമാനമാര്‍ഗ്ഗമായി മാറുന്ന കേരളീയ അവസ്ഥയെ പരിഹസിക്കുകയാണ് ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’. ചികിത്സാവ്യവസായത്തിന്റെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യുകയാണ് ‘സര്‍ജന്‍’.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഉദ്യോഗസ്ഥയാണ് പെരിന്തല്‍മണ്ണ സ്വദേശിയായ ഷീബ. വനിത കഥാപുരസ്‌കാരം, മലയാള മനോരമ കഥപുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം, പൊന്‍കുന്നം വര്‍ക്കി നവലോകം, അങ്കണം ഇ.പി.സുഷമ എന്‍ഡോവ്‌മെന്റ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നീലലോഹിതം എന്ന കഥാ സമാഹാരത്തിന് അവനീബാല പുരസ്‌കാരവും ലഭിച്ചു. ദുനിയ എന്ന നോവലും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബുദ്ധസന്ന്യാസിയും കവിയും സെന്‍ഗുരുവും സാമൂഹ്യപ്രവര്‍ത്തകനുമായ തിയാങ് ങ്യാച് ഹാന്‍ രചിച്ച നോവലായ ദി നോവിസിന്റെ മലയാള പരിഭാഷ ബ്രഹ്മചാരി(ണി), ഇസ്ലാമിക ഫെമിനിസ്റ്റായ ഫാത്വിമ മര്‍നീസിയുടെ പ്രശസ്തമായ ‘ബിയോണ്ട് ദ് വെയില്‍‘ (മുഖപടത്തിനപ്പുറത്തെ നേരുകള്‍ : ആണ്‍ പെണ്‍ ബന്ധം മുസ്‌ലിം സമൂഹത്തില്‍) തുടങ്ങിയവടക്കം ശ്രദ്ധേയമായ കൃതികളുടെ വിവര്‍ത്തനവും അവര്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.
The post കനലില്‍ എഴുതിയ കഥകള്‍ appeared first on DC Books.