സരസവും ലളിതവുമായ ആഖ്യാനരീതിയിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനംകവര്‍ന്ന സാഹിത്യകാരനായിരുന്നു അക്ബര്‍ കക്കട്ടില്‍. കാരൂര്‍ നീലകണ്ഠപിള്ളയ്ക്കുശേഷം അധ്യാപകഥകളെഴുതി സാഹിത്യലോകത്ത് ചിരപ്രതിഷ്ഠനേടിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കഥ, ചെറുകഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി എണ്ണമറ്റ എഴുത്തുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന സാധരണക്കാരുടെ ജീവിതാനുഭവങ്ങളാണ് അദ്ദേഹം തന്റെ കാഥാഭൂമികയായി തിരഞ്ഞെടുത്തത്. നാട്ടുഭാഷയില്‍ തന്ന അദ്ദേഹം അവ വളരെ ലളിതവും സരസവുമായി അവതരിപ്പിച്ചു. ആധുനികതയുടെ സ്വാധീനത്തില്‍ നിന്നകന്ന് വേറിട്ട വഴി തുറന്ന എഴുത്തുകാരുടെ മുന്‍നിരയിലാണ് മലയാള സാഹിത്യത്തില്‍ അക്ബര്‍ കക്കട്ടിലിന്റെ സ്ഥാനം.
ക്ലാസ് മുറി അനുഭവങ്ങളെ ഇത്ര ലളിതമായും സരസമായും ആവിഷ്‌കരിച്ച മറ്റൊരു എഴുത്തുകാരന്‍ മലായളത്തിലില്ല എന്ന് തന്നെ പറയാം. വര്‍ഷങ്ങള്‍ നീണ്ട അധ്യാപക ജീവിതത്തില്‍ നിന്ന് കണ്ടെടുത്ത അനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്റെ പല കഥകളിലും നിറഞ്ഞുനിന്നത്. ഗ്രാമീണതതുളുമ്പുന്ന വാമൊഴിവഴക്കം തന്നയാണ് അദ്ദേഹത്തിന്റെ കഥകളെ കൂടുതല്‍ ജനപ്രിയമാക്കിയത്. കഥകളുടെ വലിയ ലോകത്തേക്ക് വഴി വെട്ടിക്കൊടുത്തത് അദ്ദേഹത്തിന്റെ പിതാവുതന്നയാണ്. വാപ്പയില്‍നിന്ന് പകര്‍ന്നുകിട്ടിയ നര്‍മ്മവും അകക്കാഴ്ചയുടെ വിശാലതയും ഉമ്മയിയില്‍ നിന്നും ലഭിച്ച ജീവിത നൈര്‍മല്യവും സ്‌നേഹവും കഥകളില്‍ മാത്രമാല്ല ജീവിതത്തിലും പകര്‍ത്താന്‍ അക്ബര്‍ കക്കട്ടിലിനു സാധിച്ചു. അതുതന്നെയാണ് അദ്ദേഹത്തിലെ അധ്യാപകനേയും കഥാകൃത്തിനേയും സുഹൃത്തിനേയും വേറിട്ടുനിര്‍ത്തുന്നത്.
അദ്ദേഹത്തിന് ആത്മപ്രകാശനമായിരുന്ന കഥകളെ തിരഞ്ഞെടുത്തു ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ പ്രിയപ്പെട്ട കഥകള്‍ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കുന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് അക്ബര്‍ കക്കട്ടിലിന് പ്രിയപ്പെട്ട കഥകളും പ്രസിദ്ധീകരിച്ചത്. 2016 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പും ഇപ്പോള്‍ പുറത്തിറങ്ങി.
ശമീലാ ഫഹ്മി, ആറാംകാലം, പടക്കളത്തിലെ അഭിമന്യു, വടകരയില്‍ നിന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള വിളിക്കുന്നു, പൂച്ചക്കണ്ണ്, നാരായണീ യം തുടങ്ങി അക്ബര്‍ കക്കട്ടിലിന്റെ ഏറ്റവും പ്രിയപ്പെട്ട പതിനഞ്ച് കഥകളാണ് എന്റെ പ്രിയപ്പെട്ട കഥകള്‍ എന്ന ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.