ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എഴുത്തില്‍നിന്ന് പിന്‍തിരിയേണ്ടി വന്ന പെരുമാള്‍ മുരുകന്‍ ഇപ്പോള്‍ എഴുത്തു ജീവിതത്തില്‍ സജീവമാകുകയാണ്. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം ഡല്‍ഹി തീന്‍മൂര്‍ത്തി ഭവനില്‍ നടന്ന ചടങ്ങ്. ചടങ്ങില്‍ അദ്ദേഹത്തിന്റെ പുതിയ കവിതാസമാഹാരം “കോഴയിന്‍ പാടര്‍കള്‍” (ഭീരുവിന്റെ പാട്ടുകള്‍) പ്രകാശനംചെയ്തു. പ്രശസ്ത കവി അശോക് വാജ്‌പേയിയാണ് പുസ്തകം പ്രകാശനംചെയ്തത്. ജാതി സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് എഴുത്തു ജീവിതത്തില്‍നിന്ന് വിട്ടുനിന്ന കഴിഞ്ഞ ഒന്നരക്കൊല്ലത്തിനിടെ കുറിച്ച ഇരുന്നൂറ് രഹസ്യ കവിതകളുടെ സമാഹാരമാണ് കോഴയിന്‍ പാടര്‍കള്‍ (ഭീരുവിന്റെ പാട്ടുകള്‍). ഈ സമയത്തെ ജീവിത അനുഭവങ്ങളാണ് കവിതകളുടെ പ്രമേയം. അദ്ദേഹത്തിന്റെ രചനകളുടെ സ്ഥിരം പ്രസാധകരായ കാലച്ചുവട് തന്നെയാണ് കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുരുകന്റെ വിവാദ നോവല്‍ അര്‍ദ്ധനാരീശ്വരന്‍, വണ്‍ പാര്‍ട്ട് വുമണ്‍ എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പെന്‍ഗ്വിനാണ് ഡല്‍ഹിയില്‍ ചടങ്ങ് സംഘടിപ്പിച്ചത്.
നെഹ്‌റു സ്മാരക മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ തിങ്കളാഴ്ച വൈകുന്നേരം നടന്ന ചടങ്ങ് ‘അതിജീവന പോരാട്ടമെന്നാണ്’ സാഹിത്യകാരന്മാര്‍ വിശേഷിപ്പിച്ചത്. പെരുമാള്‍ മുരുകനും ഭാര്യ ഏഴിലരസിയും അദ്ദേഹത്തിനായി നിയമപോരാട്ടം നടത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള പൗരാവകാശ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ലോകത്ത് ചെറിയ ചില മാറ്റങ്ങളുണ്ടാക്കാനാണ് എഴുത്തിലൂടെ ശ്രമിക്കുന്നതെന്നും താന്‍
സാഹിത്യ ജീവിതം പുനരാരംഭിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. സദസ്സുമായി അദ്ദേഹം സംവദിച്ചു.
മാതൊരു ഭഗന്‍ (അര്‍ദ്ധനാരീശ്വരന്‍) എന്ന നോവലിനെതിരെ ഹിന്ദു ജാതി സംഘടനകള്‍ ഉയര്‍ത്തിയ ഭീഷണികളെത്തുടന്നാണ് 2015 ജനുവരി 13ന് പെരുമാള്‍ മുരുകന് എഴുത്തുജീവിതത്തില്‍ നിന്ന് പിന്‍തിരിയേണ്ടിവന്നത്. തമിഴ്‌നാട്ടിലെ പുരോഗമന ചിന്താഗതിക്കാരുടെയും എഴുത്തുകാരുടെയും സംഘടനയായ തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ മുരുകന്‍ എഴുത്തുജീവിതം തുടരണമെന്ന് കഴിഞ്ഞമാസം മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. ‘മാതൊരു ഭഗന്‍’ പിന്‍വലിക്കേണ്ടെന്നും ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍ അടങ്ങിയ ബെഞ്ച് വിധിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ബലമേകിയ ഈ വിധിയെത്തുടര്‍ന്നാണ് പെരുമാള്‍ മുരുകന്‍ സാഹിത്യ ലോകത്തേക്ക് തിരിച്ചെത്തിയത്.
The post ലോകത്ത് ചെറിയ ചില മാറ്റങ്ങളുണ്ടാക്കാനാണ് എഴുത്തിലൂടെ ശ്രമിക്കുന്നത്; പെരുമാള്‍ മുരുകന്‍ appeared first on DC Books.