വ്യത്യസ്തമായ രചനാശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം വെട്ടിപ്പിടിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അസാമാന്യമായ ജീവിതാവബോധവും മനുഷ്യമനസ്സിനെക്കുറിച്ചുള്ള അറിവും സ്വതസിദ്ധമായ നര്‍മ്മവും അദ്ദേഹത്തിന്റെ രചനകളെ ജനപ്രിയങ്ങളാക്കി. പുനത്തില്‍ കുഞ്ഞബ്ദുള്ളയക്ക് ഏറ്റവും പ്രിയപ്പെട്ട കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍: പുനത്തില്‍ കുഞ്ഞബ്ദുള്ള.
അതിവിശാലമായ തന്റെ സാഹിത്യസൃഷ്ടികളില്‍ നിന്ന് ഏറ്റവും പ്രിയപ്പെട്ട 19 കഥകളാണ് അദ്ദേഹം വായനക്കാര്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. നസൂഹ, നവാബ്, മായന്‍കുട്ടി, സീതി, കൊലച്ചോറ്, ചിരുത, എന്നെ ശ്മാശാനത്തിലേക്കു നയിക്കുന്ന ഞാന്‍, സതി, കുന്തി, മനുഷ്യന്‍ ഒരു സാധുമൃഗം, കഥാപാത്രങ്ങളില്ലാത്ത വീട്, ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു, കക്കയത്തെ ക്ഷുരകന്‍, പുത്രകാമന, ക്ഷേത്രവിളക്കുകള്‍, ദൈവത്തിന്റെ താക്കോല്‍, മുയലുകളുടെ നിലവിളി, പതിനാലാം വയസ്സില്‍ അന്വേഷണത്തിന്റെ ആരംഭം എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
മലയാളസാഹിത്യത്തിലെ പ്രമുഖരായ എം ടി, സി.വി ശ്രീരാമന്‍, എം.പി നാരായണപിള്ള, പത്മരാജന്‍, കാക്കനാടന്‍, സേതു, ആനന്ദ്, സക്കറിയ, എം. മുകുന്ദന്‍, വത്സല, എന്‍.എസ് മാധവന്‍, ചന്ദ്രമതി എന്നിവരുടെ പ്രിയപ്പെട്ട കഥകള്‍ സമാഹരിച്ച് ‘എന്റെ പ്രിയപ്പെട്ട കഥകള്‍’ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ സമാഹാര പരമ്പരയുടെ ഭാഗമായാണ് എന്റെ പ്രിയപ്പെട്ട കഥകള്‍: പുനത്തില്‍ കുഞ്ഞബ്ദുള്ള പ്രസിദ്ധീകരിച്ചത്. 2008ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ അഞ്ചാമത് പതിപ്പ് പുറത്തിറങ്ങി.
കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ പുനത്തിലിന്റെ മിനിക്കഥകള്‍, നോവലുകള്‍, നോവലെറ്റുകള്‍, കഥകള്‍ ഓര്‍മ്മക്കുറിപ്പുകള്‍, യാത്രാവിവരണം എന്നിവ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.