“ജീവിതമെന്നാല്‍ മരണത്തിന് മുമ്പൊരു വെപ്രാളം മാത്രമാണെന്ന് ചുരുക്കി എഴുതുന്ന ഉണ്ണിയുടെ എഴുത്തിന്റെ വാതിലുകള്‍, കാര്യത്തില്‍ പിടയുന്ന കളിയുടെ സഹനക്രമത്തിലേക്ക് തുറക്കുന്നു. ആഘോഷവും ഭയവും ശ്വസിക്കുന്ന കഥകള്‍” – കെ ജി ശങ്കരപിള്ള
“കലാശക്തി കുറഞ്ഞ, എഴുത്തുകാര്‍ക്ക് ഒരു രശ്മി മാത്രമേ അന്തരംഗത്തില്‍ കാണൂ. ആ രശ്മി ബഹിഃപ്രകാശം കൊള്ളുമ്പോള്‍ പ്രഭാമണ്ഡലമുണ്ടാകില്ല. ഉണ്ണി ആര്‍ അന്തരംഗത്തിലെ ശോഭയെ പുറത്തേക്കു പ്രകാശിപ്പിച്ച കഥാകാരനാണ്” – എം കൃഷ്ണന്‍നായര്‍
ഇങ്ങനെ മലയാളത്തിലെ പ്രമുഖ എഴുത്തുകാരും വായനക്കാരും ഒരു പോലെ പ്രശംസിക്കുന്ന കഥകളാണ് ഉണ്ണി ആറിന്റെ തൂലികയില്‍ നിന്നും അടര്‍ന്നുവീണിട്ടുള്ളത്. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍ നിന്ന് മാറി പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന പൂര്‍വ്വമാതൃകകളില്ലാത്ത ഉണ്ണിയുടെ കഥകള്‍, കഥകള്‍; ഉണ്ണി ആര്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴിതാ ഈ പുസ്തകത്തിന്റെ പ്രത്യേക പതിപ്പ് ( സ്‌പെഷ്യല്‍ എഡിഷന്‍) പുറത്തിറങ്ങി.
ഒഴിവുദിനത്തിന്റെ ആലസ്യമകറ്റാന്‍ രാജാവും മന്ത്രിയും കള്ളനും പൊലീസും കളിച്ച സുഹൃത്തുക്കളില്‍ ഒരാള്‍ രാജാവായി സ്വയം അവരോധിക്കുകയും കള്ളനായി കളിക്കുന്നവനെ കൊല്ലുകയും ചെയ്യുന്ന’ഒഴിവുദിവസത്തെ കളി‘, കൊമ്പനാനയുടെ തുമ്പിക്കൈയില്‍ ഒരു പെണ്ണിനെ ചേര്‍ത്തുനിര്‍ത്തി ഭോഗിക്കണം എന്നാഗ്രഹിക്കുന്ന കുട്ടിയപ്പന്റെ കഥപറഞ്ഞ ‘ലീല‘, കവലയിലെ കപ്പേളയിലെ ഉണ്ണീശോ മഴ നനയുന്നത് കണ്ട് സഹിക്കാനാവാതെ അവനെ വീട്ടിലേക്ക് എടുത്ത കുഞ്ഞ് എന്നയാളുടെ കഥപറഞ്ഞ ‘കോട്ടയം 17, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെപ്പോലും ലൈഗിക വ്യാപാരത്തിനുപയോഗിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കുന്ന വ്യവസ്ഥിതിക്കു നേരേ വിരല്‍ ചൂണ്ടുന്ന ‘ആലീസിന്റെ അത്ഭുതലോകം‘ തുടങ്ങി ഈ ലോകം നേരിടുന്ന അനുഭവസമസ്യകളെ തുറന്നുകാട്ടുന്ന ഇരുപത്തിയഞ്ച് കഥകളാണ് കഥകള്‍; ഉണ്ണി ആര്‍ എന്ന സമാഹാരത്തിലുള്ളത്.
മലയാള ചെറുകഥാപ്രസ്ഥാനത്തിലെ പ്രതിഭാശാലികളായ കഥാകൃത്തുക്കളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഉണ്ണി ആറിന്റെ കഥകള്‍ 2012 ലാണ് ഡി സി ബുക്‌സ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്., കോട്ടയം 17, കാളീ നാടകം, ഒരു ഭയങ്കര കാമുകന്‍ തുടങ്ങിയ കൃതികളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.