മലയാളത്തിൽ ഏറ്റവുമധികം വായനക്കാരുള്ള എഴുത്തുകാരിയാണ് കെ.ആര്‍.മീര. ആരാച്ചാർ എന്ന ഒറ്റ പുസ്തകത്തിലൂടെ വായനയുടെ ഒരു ബൃഹദ് ലോകം തന്നെ ചുറ്റുമുള്ള എഴുത്തുകാരി പുതിയ കാലത്തിന്റെ വായനയിൽ നിറഞ്ഞു നിൽക്കുന്ന പ്രിയങ്കരിയാണ്. ആരാച്ചാർ എന്ന നോവലിന്റെ റെക്കോർഡ് വില്പനയ്ക്ക് ശേഷം കെ ആർ മീരയുടെ പെണ്ണിടപെടലുകളിലെ പഴയകാല പഞ്ചതന്ത്രങ്ങളുടെ പുതിയ ആഖ്യാനമാണ് പെണ്‍പഞ്ചതന്ത്രം മറ്റു കഥകളും.
ആക്‌ഷേപഹാസ്യത്തില്‍ ചാലിച്ച് കടുത്ത സാമൂഹ്യ വിമര്‍ശനമാണ് പെണ്‍പഞ്ചതന്ത്രത്തിലൂടെ മീര നടത്തുന്നത്. ബിനിമോള്‍ പി നായരെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഷിജിമോന്‍ ജേക്കബിലൂടെയും അയാളുടെ സഹചാരികളിലൂടെയും സമീപകാലത്തെ ചില വിവാദങ്ങളിലേയ്ക്കാണ് മീര വിരല്‍ ചൂണ്ടുന്നത്. പഞ്ചതന്ത്രത്തിന്റെ മാതൃകയില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കടന്നുകൊണ്ട് 14 കഥകളാണ് പെണ്‍പഞ്ചതന്ത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെണ്‍പഞ്ചതന്ത്രത്തിനൊപ്പം അച്ചാമ്മയ്ക്ക് സംഭവിച്ചത് , പ്രണയാന്ധി, അറവുകല്ല് എന്നീ കഥകളും ചേര്‍ത്ത് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ് പെണ്‍പഞ്ചതന്ത്രം മറ്റ് കഥകളും. 2014 നവംബറില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ അഞ്ചാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയവ കരസ്ഥമാക്കിയ ആരാച്ചാരിന് ശേഷം 2014ല്‍ കെ.ആര്‍.മീരയുടേതായി മൂന്ന് പുസ്തകങ്ങളാണ് പുറത്തിറങ്ങിയത്. പുരുഷാധിപത്യ സമൂഹത്തില്‍ പുരുഷനെ ഉയര്‍ത്തിക്കാട്ടിയും സ്ത്രീയെ ഇകഴ്ത്തിയും രചിക്കപ്പെട്ടതാണ് പഞ്ചതന്ത്രം എന്ന് അഭിപ്രായമുള്ള കൂട്ടത്തിലാണ് എഴുത്തുകാരി കെ.ആര്‍.മീര. അതിലുള്ള മീരയുടെ പ്രതിഷേധം എന്ന് വിശേഷിപ്പിക്കാവുന്ന രചനയാണ് അവരുടെ പെണ്‍പഞ്ചതന്ത്രം. സുമംഗല മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പഞ്ചതന്ത്രത്തിന്റെ ഭാഷയും ആഖ്യാനശൈലിയും കടമെടുത്ത് കെ.ആര്‍.മീര രചിച്ച പെണ്‍പഞ്ചതന്ത്രത്തെ പുതിയ കാലത്തിന്റെ പഞ്ചതന്ത്രം എന്ന് വിശേഷിപ്പിക്കാം. ആരാച്ചാര്‍, കഥകള്‍:കെ.ആര്‍.മീര , മീരയുടെ നോവെല്ലകള്‍ എന്നീ പുസ്തകങ്ങള്‍ ഡി സി ബുക്സ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഗീതാ ഹിരണ്യന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം സ്മാരക അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി സ്മാരക അവാര്‍ഡ്, പി.പത്മരാജന്‍ സ്മാരക അവാര്‍ഡ്, വി.പി.ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് തുടങ്ങിയവ മീരയ്ക്ക് ലഭിച്ചിട്ടുണ്ട്. ആരാച്ചാര്‍ വയലാര്‍ അവാര്‍ഡിനും ഓടക്കുഴല്‍ അവാര്‍ഡിനും നൂറനാട് ഹനീഫ അവാര്‍ഡിനും അര്‍ഹമായി.