ഇംഗ്ലീഷ് ഭാഷയുമായുള്ള സംസര്‍ഗ്ഗംകൊണ്ടു നമുക്കു ലഭിച്ചതാണ് ഉപന്യാസം എന്ന സാഹിത്യശാഖ. വിനോദം, വിജ്ഞാനം എന്നിങ്ങനെ ഏന്തും ഒരു ഉപന്യാസത്തിനു വിഷയമാകാം. പക്ഷേ ഉപന്യാസം എഴുതുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിരീക്ഷണം, അപഗ്രഥനം, ഭാഷ, സര്‍ഗ്ഗാത്മകത എന്നിവയുടെ ആകത്തുകയാണ് ഒരു മികച്ച ഉപന്യാസം. ഈ ഘടകങ്ങളെ മുന്‍നിര്‍ത്തി തയ്യാറാക്കിയതും ഉപന്യാനം എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ പറഞ്ഞു തരുന്ന പുസ്തകമാണ് വിദ്യാര്‍ത്ഥികള്‍ക്ക് 50 ഉപന്യാസങ്ങള്‍.
വിദ്യാര്‍ത്ഥികള്‍ എഴുതുന്ന ഉപന്യാസത്തിനു സാഹിത്യകാരന്‍മാരും മറ്റു വൈജ്ഞാനിക മേഖലയില്‍ ഉള്ളവരും എഴുതുന്നവയില്‍ നിന്ന് പ്രകടമായ വ്യത്യാസമുണ്ട്. അവരുടെ ഉപന്യാസങ്ങളില്‍ സാഹിത്യാംശങ്ങള്‍ വളരെ ഉണ്ടാകും. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ എഴുതുന്നവയില്‍ ഉപന്യാസങ്ങളില്‍ ഈ അംശങ്ങള്‍ക്ക് വലിയ പ്രാധാന്യം ഇല്ല. തന്നിരിക്കുന്ന വിഷയത്തെപ്പറ്റി ചിന്തിക്കുവാനും അപഗ്രഥിക്കുവാനും അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ എഴുതുവാനുള്ള കഴിവാണ് പരിശോധിക്കുന്നത്. ഇത്തരത്തില്‍ മികച്ച ഉപന്യാസം എഴുതുവാന്‍ പ്രാപ്തരാക്കുന്നതാണ് വിദ്യാര്‍ത്ഥികള്‍ക്ക് 50 ഉപന്യാസങ്ങള്‍ എന്ന പുസ്തകം.
പുതിയ വിദ്യാഭ്യാസക്രമമനുസരിച്ച് സ്‌കൂള്‍തലം മുതല്‍ പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ 50 ഉപന്യാസങ്ങളാണ് ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. ‘മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യം’, ‘സ്ത്രീവാദസാഹിത്യം, വിദ്യാര്‍ത്ഥിരാഷ്ട്രീയം’, ‘ദേശീയോദ്ഗ്രഥനം’, ‘കേരളീയകലകള്‍’, ‘കാശ്മീരും ഇന്ത്യന്‍ ജനതയും’, ‘ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ ‘സ്ത്രീ-പുരുഷ സമത്വം’ തുടങ്ങി വിഷയവൈവിധ്യംകൊണ്ടും പ്രതിപാദനരീതികൊണ്ടും ഭാഷാപ്രയോഗചാതുര്യംകൊണ്ടും ശ്രദ്ധേയമാണ് ഓരോ ഉപന്യാസങ്ങളും. ഈ മാതൃക പിന്‍തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം രചന നടത്തുന്നതിന് സാധ്യമാകുന്നരീതിയിലാണ് സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ചില പി.എസ്.സി പരീക്ഷകള്‍ക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഇതിലെ ഓരോവിഷയവും തിരഞ്ഞെടുത്തിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസരചനയ്ക്കുതകുന്ന ഈ മികച്ച റഫറന്‍സ് ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത് തൊടുപുഴ (കഞ്ഞിക്കുഴി) ഹയര്‍സെക്കന്ററി അധ്യാപകനായ സി ശ്രീകുമാറാണ്. ഡി സി റഫറന്‍സ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50 ഉപന്യാസങ്ങളുടെ പതിനൊന്നാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.