ഭാരതീയ ജ്യോതിശ്ശാസ്ത്രത്തില്‍ അതീവപ്രധാന്യമുള്ള വിഭാഗമാണ് ലക്ഷണശാസ്ത്രം. സാമുദ്രികശാസ്ത്രം എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ത്രീപുരുഷ ലക്ഷണശാസ്ത്രം. പുരുഷലക്ഷണം രചിച്ചത് സ്കന്ദഭഗവാനും സ്ത്രീലക്ഷണം രചിച്ചത് വരുണ ഭഗവാനുമാണ്. ഈ അംഗവിദ്യയിലൂടെ ശരീരത്തിന്റെ ലക്ഷണങ്ങള്‍ അവലോകനം ചെയ്ത് ഭൂത-ഭാവി-വര്‍ത്തമാന ഫലങ്ങള്‍ സൂക്ഷ്മതയോടെ ഗ്രഹിക്കാന്‍ കഴിയും. പ്രാചീന ഋഷിമഹര്‍ഷിമാര്‍ നിര്‍മ്മിച്ചിട്ടുള്ള അംഗവിദ്യയെ ജ്യോതിഷ ബുദ്ധ്യാല്‍ സമഗ്രമായി അപഗ്രഥിക്കുന്ന പുസ്തകമാണ് സര്‍വാംഗ ലക്ഷണശാസ്ത്രം.
ഭാരതത്തിലെ സര്‍വ്വപ്രാചീന ഗ്രന്ഥമായ വേദത്തില്‍ നിന്നാണ് ജ്യോതിശാസ്ത്രം, ജ്യോതിഷ ശാസ്ത്രം തുടങ്ങി വിവിധ ശാസ്ത്രങ്ങളുടെ ഉല്പത്തി. അതുപോലെതന്നെയാണ് അംഗവിദ്യ, സര്‍വ്വാംഗലക്ഷണ ശാസ്ത്രം, സാമുദ്രിക ശാസ്ത്രം എന്നൊക്കെ പേരുള്ള ലക്ഷണശാസ്ത്രത്തിന്റെയും പിറവി. മാനവശരീരത്തിന്റെ ഭാഷ മനസ്സിലാക്കി ശരീരം പറയുന്നത് കേള്‍ക്കാന്‍ ഈ ശാസ്ത്രം കൊണ്ട് ഉപകരിക്കുമെന്ന് പുസ്തകം പറയുന്നു. ആയുസ്സ്, ഭാഗ്യം, കര്‍മ്മഫലം, സുഖദു:ഖങ്ങള്‍, ഹാനിലാഭങ്ങള്‍, തുടങ്ങിയവ അറിയാന്‍ സമര്‍ത്ഥമായി അംഗവിദ്യയെ ഉപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് സര്‍വാംഗ ലക്ഷണശാസ്ത്രം എന്ന പുസ്തകം കാട്ടിത്തരുന്നു.
അതിബൃഹത്തായ ലക്ഷണശാസ്ത്രത്തെ സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന വിധത്തില്‍ മൂലശ്ലോകങ്ങളും അവയുടെ ലളിതമായ വ്യാഖ്യാനവും വിശദീകരണങ്ങളും സമ്പൂര്‍ണ്ണമായി പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ജ്യോതിഷകുതുകികള്‍ക്കും ഗവേഷകര്‍ക്കും ജ്യോതിഷ പഠിതാക്കള്‍ക്കും ഈ പുസ്തകം ഏറെ ഉപകാരപ്രദമാണ്.
ഡി സി ബുക്‌സ് സാധന ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച സര്‍വാംഗ ലക്ഷണശാസ്ത്രത്തിന്റെ രചയിതാവ് എന്‍. പീതാംബരനാണ്. അദ്ദേഹത്തിന്റെ മറ്റ് കൃതികൾ ലോക പരിജ്ഞാനം ജാതകത്തിലൂടെ , നാഡി ജ്യോതിഷ രഹസ്യം , സർവ്വാംഗലക്ഷണ ശാസ്ത്രം , അത്ഭുതരമായണം എന്നിയും ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.