മലയാളിയുടെ പ്രവാസജീവിതത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. ഈ പ്രവാസ ജീവിതത്തെ ഹൃദയസ്പര്‍ശിയായ വാക്കുകളില്‍ അവതരിപ്പിച്ച എഴുത്തുകാരനാണ് ബെന്യാമിന്‍. അദ്ദേഹത്തിന്റെ ആടുജീവിതം, മുല്ലപ്പൂ നിറമുള്ള പകലുകള്‍ തുടങ്ങിയ നോവലുകളും കഥകളുമെല്ലാം അതിന് ഉത്തമതെളിവാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്ന കുടിയേറ്റം എന്ന ലേഖന സമാഹാരവും അതുതന്നെ ചൂണ്ടിക്കാട്ടുന്നു. ഭൂലോകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ഉപജീവനത്തിനായി മലയാളി നടത്തിയ കുടിയേറ്റത്തിന്റെചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന പുസ്തകമാണ് കുടിയേറ്റം .
കുടിയേറിപ്പോയവരും കുടിയിറങ്ങി വന്നവരും, ഇരട്ട വീട്, പുതിയ കുടിയിറക്കങ്ങള്‍, പഴയ ഭൂമി പുതിയ ആകാശം, തല നരച്ചവര്‍ ഉറങ്ങുന്ന വീട് തുടങ്ങി പ്രവാസജീവിതവുമായി ബന്ധപ്പെട്ട തന്റെ കാഴ്ചപ്പാടുകളും ചിന്തകളും, അനുഭവങ്ങളും ചേര്‍ത്തെഴുതിയ പതിനഞ്ച് ലേഖനങ്ങളാണ് ബെന്യാമിന്‍ കുടിയേറ്റം എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന കേരളം 60 എന്ന പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവാസത്തിന്റെ ആത്മകഥ എന്നു വിശേഷിപ്പിക്കാവുന്ന കുടിയേറ്റം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ കുളനടയിലാണ് ബന്യാമിന്‍ ജനിച്ചത്. യുത്തനേസിയ എന്ന ആദ്യ കഥാസമാഹാരം അബുദാബി മലയാളി സമാജം പ്രവാസി വായനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് അര്‍ഹമായി. ബ്രേക്ക്‌ന്യൂസ് എന്ന കഥ ചെരാത് സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായി. ആടുജീവിതം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. അര്‍ക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, അംബീശഗിന്‍, മഞ്ഞവെയില്‍ മരണങ്ങള്‍ എന്നിവയാണ് മറ്റ് പ്രധാന നോവലുകള്‍.