ഒരു കഥാകാരനെ സംബന്ധിച്ചിടത്തോളം എഴുത്ത് ഒരു പൊള്ളിക്കുന്ന ആത്മാനുഭവമാണ്. ഒരു നല്ല എഴുത്തുകാരന്റെ രചനകളില്‍ മാനവികതയുടെ വെളിച്ചവും കാരുണ്യത്തിന്റെ നനവും അന്തര്‍ലീനമായിരിക്കും. അവയില്‍ വിശ്വസിക്കാത്ത ഒരാള്‍ക്കും എഴുത്തുകാരനാവാന്‍ കഴിയില്ല എന്നാണ് മലയാളിയുടെ പ്രിയപ്പെട്ട കഥാകാരന്‍ എം മുകുന്ദന്റെ അഭിപ്രായം.
സമകാലിക സമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷമമായി അടയാളപ്പെടുത്തുന്ന കഥകളാണ് എം . മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥാ സമാഹാരം. ഈ വർഷം ഏറെ ചർച്ച ചെയ്യപ്പെട്ട 7 കഥകളാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമകാലീക സംഭവങ്ങളുടെ വളരെ ലളിതമായ ആവിഷ്കരണമാണ് കഥകളിൽ നമുക്ക് കാണാൻ കഴിയുന്നത്.
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ , അച്ചൻ , അമ്മമ്മ , രക്ഷിതാക്കൾ , മലയാളി ദൈവങ്ങൾ , ചാർളി സായ്‌വ് , സന്ത്രാസം എന്നീ ചെറു കഥകളുടെ സമാഹാരമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ഈ പുസ്തകം. ചെറു കഥകളുടെ രസവും ആകാംക്ഷയും കഥകളിൽ ആവോളമുണ്ട്. പെൺമക്കളുള്ള അച്ഛനും അമ്മയും എത്രമാത്രം കരുതലോടെയാവണം അവരെ വളർത്തേണ്ടതെന്നും , വളർച്ചയുടെ ഓരോ ഘട്ടത്തിലും അവളുടെ മാനസികവും ശാരീരികവുമായ പരിണാമങ്ങൾ അച്ഛനേക്കാളുപരി ‘അമ്മ അല്ലെങ്കിൽ ഇരുവരും തുല്യരായി മനസിലാക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ‘ അച്ചൻ’.
ഔദ്യോഗീക ജീവിതം മുഴുവൻ നഗരത്തിന്റെ ദ്രുത താളത്തിനൊത്ത് ജീവിച്ചിട്ടും നാട്ടിലെ പരിണാമങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താൻ ഒരായുഷ്കാലം മുഴുവൻ ഗ്രാമത്തിന്റെ വിശുദ്ദിയും നന്മയും കൈവിടാതെ കാത്ത അമ്മമ്മയുടെ വരവ് കാരണമായി എന്ന കൃപാകരന്റെ തിരിച്ചറിവിനെ ലളിതമായി ആഖ്യാനിച്ചു കൊണ്ടാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ യിലെ അമ്മമ്മ എന്ന കഥ അവസാനിക്കുന്നത്.
മലയാളിയുടെ കലാചിന്തയെയും സൗന്ദര്യ സങ്കല്പങ്ങളെയും പരിഷ്‌കരിച്ചവരില്‍ പ്രമുഖനായ എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥാ സമാഹാരത്തിന്റെ ആദ്യ പതിപ്പാണ് ഡി സി ബുക്സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വ്യത്യസ്തമായ പ്രമേയങ്ങളുടെ ഒരു പ്രദര്‍ശനശാലയാണ് എം മുകുന്ദന്റെ കൃതികളെല്ലാം. ഒന്നിനൊന്നു വ്യത്യസ്തമാണ് ഓരോ കൃതിയും. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ നിന്നുതൊട്ടുള്ള കാലത്തിന്റെ ഗതിവിഗതികളെ പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തവും വിസ്മയകരവുമാക്കി പുതുമയോടെ കൂടുതൽ വായനക്കാർക്കു മുന്നിൽ എത്തിക്കുകയാണ് എം മുകുന്ദൻ.