‘സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത്..?
അവന്‍ചോദിച്ചു.
മാതാവു പറഞ്ഞു
നിനക്ക് എന്നോട് ഒരു കടമുണ്ട്
എന്റെ ഹൃദയത്തിലൂടെ കടന്ന
ആ വാളിന്റെ കടം….’
ഒരു കാലഘട്ടത്തിലെ യുവമനസുകളെ ഹരംപിടിപ്പിച്ച കവിതകളെഴുതിയ ചങ്ങമ്പുഴ കൃഷ്ണപിള്ളയെപ്പോലെ തന്നെ യുവമാനസങ്ങളെ ലഹരി പിടിപ്പിച്ച കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ബലാല്‍ക്കാരമായ അതിര്‍ത്തി ലംഘനങ്ങളുടെയും സ്വരവും താളവുമാണ് ആ കാവ്യ ലോകത്തുനിന്ന് മുഴങ്ങികേട്ടത്. ഒരാളെ കവിയാക്കുന്നത് നഷ്ടപ്രണയമോ, നഷ്ടഭവനമോ, നഷ്ടവിപ്ലവമോ ആണെങ്കില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയില്‍ ഇവയുടെ എല്ലാം നഷ്ടബോധമുണ്ട്. ഇതിനെല്ലാം മീതെയായി മരണമെന്ന മഹാനഷ്ടമാണ് അദ്ദേഹത്തെ ഭാവതീവ്രമായ കാവ്യങ്ങളിലേക്ക് എത്തിക്കുന്നത്. ഭാഷയിലെ കാവ്യ പാരമ്പര്യത്തെക്കുറിച്ചുള്ള അനുഭവാസ്പദമായ അറിവ്, പ്രചോദിതമായ ഭാവന, വാഗ്‌സമ്പത്ത്, നവസ്വാതന്ത്ര ചിന്ത, ശില്പബോധം, സ്‌നേഹം, വിശപ്പ, ജീവിതവാഞ്ഛ, മരണവാഞ്ഛ എന്നിങ്ങനെയുള്ള അടിസ്ഥാന പ്രേരണകളെ സംബോധന ചെയ്യാനുള്ള സാമര്‍ത്ഥ്യം എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അത്തരത്തിലുള്ള ഒരു കവിതാ സമാഹാരമാണ് പ്രതിനായകന്‍…
ത്രിത്വം, മണിനാദം, സമുദ്രതാര, പരുന്ത്, പകര്‍ച്ച, ചുവന്നപുഴ, തിരിപ്പിറവി, ഭയം, അപൂര്‍ണ്ണം തുടങ്ങി മുപ്പത്തി രണ്ട് കവിതകാളാണ് പ്രതിനായകനില്‍ സമാഹരിച്ചിരിക്കുന്നത്. വാക്കുകളുടെ ധാരാളിത്തമില്ലെന്നും വളരെ ലളിതമെന്നും തോന്നാമെങ്കിലും ഇതിലെ ഓരോ കവിതയും ഒരു വലിയ ആശയത്തെ വഹിക്കുന്നവയാണ്. ബിംബങ്ങളിലൂടെ പലതും പറയാതെ പറയുന്ന രീതിയാണ് ചുള്ളിക്കാട് ഈ കവിതകളിലും സ്വീകരിച്ചിരിക്കുന്നത്. പലതുള്ളി, ത്രിത്വം, ഉറവിടം തുടങ്ങിയ കവിതകളിലെല്ലാം ഇത് പെട്ടന്ന് കണ്ടെത്താനാകും. എന്നാല്‍ ‘പ്രതിനായകന്‍‘ എന്ന കവിതയാകട്ടെ അഭിനേതാവും നാടകാചാര്യനുമായിരുന്ന നരേന്ദ്ര പ്രസാദിനെ സ്മരിച്ചുകൊണ്ടുള്ളതാണ്.
ബാലചന്ദ്രന്റെ മറ്റുകവിതകളില്‍ നിന്നും വ്യത്യസ്തമായ ഒരു കാവ്യമീമാംസയാണ് പ്രതിനായകനിലെ കവിതകളില്‍ ദര്‍ശിക്കാനാവുക. ചിതറിപ്പോയതിനാല്‍ ലോഹതന്തുക്കള്‍ കൊണ്ട് വരിഞ്ഞുമുറുക്കികെട്ടിയ അസ്തിത്വത്തിന്റെ വ്യവസ്ഥയ്ക്കുള്ളില്‍ രൂപപ്പെടുന്ന കാവ്യമീമാംസയാണത്. കവിയ്ക്കുള്ളില്‍ തിളച്ചുമറിയുന്ന രണ്ട് ലോകങ്ങളെ ആ കാവ്യമീമാംസ അടയാളപ്പെടുത്തുന്നു.സമീപാവസ്ഥയുടെയും വിദൂരാവസ്ഥയുടെയും രണ്ടുലോകങ്ങള്‍; ഭാവതീവ്രതയുടെയും അഭാവത്തിന്റെയും രണ്ടുലോകങ്ങള്‍; ആസക്തിയുടെയും ശമനത്തിന്റെയും രണ്ടുലേകങ്ങള്‍. അവ പരസ്പരാഭിമുഖമായും സംഘര്‍ഷാത്മകമായും ഒറ്റതിരിഞ്ഞുമൊക്കെനിന്ന് ഈ കവിതകളില്‍ വ്യത്യസ്തമായൊരു ഭാവതലം രൂപപ്പെടുത്തുന്നുണ്ട്.
‘ധൂര്‍ത്തജീവിതങ്ങളെപ്പറ്റി നെഞ്ചുകീറിപ്പാടുമെങ്കിലും എഴുത്തില്‍ കരുതലുള്ള വണിക്കാണ് ബാലചന്ദ്രന്‍. കുറച്ചുമാത്രം എഴുതുമ്പോഴും ബാലചന്ദ്രനുവേണ്ടിയുള്ള കാത്തിരിപ്പ് കാവ്യപ്രണയികള്‍ക്കിടയില്‍ എന്നുമുണ്ടായിരുന്നു. ഉത്കടവും കാവ്യനിര്‍ഭരവുമായ ആ കാത്തിരിപ്പിനെ അമ്ലം നിറച്ച വാക്കുകള്‍കൊണ്ട് പൊള്ളിച്ചതാണ് പ്രതിനായകന്‍ പ്രേവേശിക്കുന്നത്. പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പുറത്തുവരുന്ന ഈ സമാഹാരം ബാലചന്ദ്രന്റെ കാവ്യജീവിതത്തിലെ ഒരു പരിവര്‍ത്തനസന്ധിയുടെ അടയാളങ്ങളാല്‍ നിബിഡമാണെന്ന്’ അവതാരികയില്‍ പി കെ രാജശേഖരന്‍ പറയുന്നതും വാസ്തവംതന്നെ..!
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രതിനായകന്റെ നാലാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. പുസ്തകത്തിന്റെ ഇ ബുക്കിനായി ഇവിടെ ക്ലിക് ചെയ്യുക.