” ബെറ്റർ ബി ലേറ്റ് ദാൻ നെവർ ” തമ്പി ആന്റണി ഓർമ്മയിൽ സൂക്ഷിക്കുന്ന തത്വ ശാസ്ത്രമാണിത്. തന്റെ ആദ്യ കഥാസമാഹാരമായ വാസ്‌ക്കോഡഗാമ യുടെ ആമുഖത്തിൽ ഒരു നടനും എഴുത്തുകാരനുമായുള്ള തന്റെ അരങ്ങേറ്റം വളരെ വൈകിയാണ് സംഭവിച്ചതെന്നും ആ കാലതാമസം ഒരു എഴുത്തുകാരനെന്ന തന്റെ പുതിയ കർത്തവ്യത്തിന് കൂടുതൽ പ്രചോദനം നൽകുന്നുവെന്നും തമ്പി ആന്റണി അഭിപ്രായപ്പെടുന്നു.
മാറിയകാലത്തിന്റെ അടയാളപ്പെടുത്തലുകളാണ് ചലച്ചിത്രരംഗത്തെ നിറസാന്നിദ്ധ്യമായ തമ്പി ആന്റണിയുടെ വാസ്‌കോഡഗാമ എന്ന കഥാസമാഹാരത്തിലെ ഒരോ കഥയും. മെട്രോയുടെ ബഹുസ്വരതയില്‍ നിന്ന് ജീവിക്കുന്ന മനുഷ്യരുടെ കഥയാണിതിലുള്ളത്. കേരളത്തിലിരുന്നുകൊണ്ട് എത്ര ശ്രമിച്ചാലും കിട്ടാത്ത ചില കാഴ്ചകള്‍ മെട്രോ ജീവിതം നമുക്ക് നേടിത്തരുന്നുണ്ട് എന്നത് സത്യമാണ്. ആ സൗഭാഗ്യം അനുഭവിക്കുന്നതിന്റെ വ്യത്യസ്തതയും കരുത്തും ഈ കഥകള്‍ക്കുമുണ്ട്. മെട്രോയിലേക്ക് ചേക്കേറുന്നവരെ മാത്രമല്ല, അവിടെ നിന്ന് തിരിച്ച് കേരളത്തില്‍ സ്ഥിരതാമസമാക്കുന്നവരെയും നമുക്ക് ഈ കഥകളില്‍ കാണാം. ചുരുക്കത്തില്‍ കുലവേരുകള്‍ നഷ്ടപ്പെടുന്നതിന്റെ ആകുലതകള്‍ കടന്നുവരുന്ന ഒരു ഡസന്‍കഥകളാണ് വാസ്‌കോഡഗാമ
മെട്രോയുടെ സൗഭാഗ്യത്തിൽ ജീവിക്കുന്ന ഒരാൾ കേരളത്തിലേക്ക് നോക്കുമ്പോൾ അനുഭവപ്പെടുന്ന വക്രതപ്പെടൽ നമ്മെ ഏറെ ചിരിപ്പിക്കുന്നതാണ്.ബഷീറിനും വികെഎന്നിനും കേരളത്തിനുള്ളിൽ ഇരുന്നുകൊണ്ടു തന്നെ ആ വക്രതകളെ കാണാൻ കഴിഞ്ഞു എന്നുള്ളത് അവരുടെ പ്രത്യേകതയാണ്. വാസ്കോഡഗാമയിലെ കഥാപാത്രങ്ങളുടെ പേരിന് ഒരു ബഷീറിയൻ ലാളിത്യമുണ്ട്. ഈനാശു പട്ടക്കാരൻ ,ഡോക്ടർ ദൈവസഹായം , ശവുരി കുറുക്കൻ , രാജു കോടനാടൻ ,ക്യാപ്റ്റൻ ഇത്താക്ക്…… അങ്ങനെ പോകുന്നു കഥയിലെ കഥാപാത്രങ്ങൾ. ഈ കഥാപാത്രങ്ങളിലെല്ലാം ഹാസ്യത്തിന്റെ വിത്തുകൾ പാകിയിട്ട് എഴുത്തിൽ തന്റേതായ ഒരു ശൈലി കണ്ടെത്തുകയാണ് തമ്പി ആന്റണി എന്നാണ് ബെന്യാമിൻ വാസ്കോഡഗാമ എന്ന കഥയെ കുറിച്ച് അഭിപ്രായപ്പെട്ടത്.
അമേരിക്കയിൽ എൻജിനീയറാണ് തമ്പി ആന്റണി. തെക്കേക്കുറ്റ് ആന്റണിയുടെയും മറിയാമ്മയുടെയും മൂന്നാമത്തെ മകൻ. ഇളയ സഹോദരൻ നടൻ ബാബു ആന്റണി. മൂത്ത സഹോദരൻ സ്റ്റേറ്റ് വോളിബോൾ താരം ജോസഫ് ആന്റണി. മൂത്ത സഹോദരി ലീലയാണെന്ന് തമ്പി ആന്റണി എന്ന എഴുത്തുകാരനെ വായനയുടെ ലോകത്തേക്ക് എത്തിച്ചത്.ബ്ലെസ്സിയുടെ പളുങ്ക് , സൂഫി പറഞ്ഞ കഥ , എം.ജെ ശശിയുടെ ജാനകി , സിദ്ദിഖ് ലാലിന്റെ ഇൻ ഗോസ്റ് ഹൗസ് , അപ്പോത്തിക്കിരി , സംവിധായകനും എഡിറ്ററുമായ ഡോൺ മാക്സിന്റെ പത്ത് കൽപനകൾ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയനായ നടൻ കൂടിയാണ് തമ്പി ആന്റണി.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വാസ്കോഡഗാമയുടെ ആദ്യപതിപ്പ് ഇപോൾ വിപണിയിൽ ലഭ്യമാണ്. തമ്പി ആന്റണിയുടെ കവിത , മലചവിട്ടുന്ന ദൈവങ്ങൾ എന്നീ പുസ്തകങ്ങളും ഡി ബുക്സ് നേരത്തത്തെ പ്രസിദ്ധീകരിച്ചിരുന്നു