ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ എന്ന മലയാളത്തിലെ നോവലിസ്റ്റും ചെറുകഥാകൃത്തുമായ കാക്കനാടന്റെ ഏറ്റവും പ്രിയപ്പെട്ട കഥകളാണ് എന്റെ പ്രിയപ്പെട്ട കഥകൾ പരമ്പരയിലൂടെ ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നത്. മലയാള സാഹിത്യത്തിൽ ആധുനികതയുടെ വിത്ത് വിതച്ച കാക്കനാടന്റെ കാലപ്പഴക്കം, ഒറ്റയാന്‍, കുമിളകള്‍, ഹര്‍കിഷന്‍ ലാല്‍സൂദ്, യൂസഫ്ചരായിയിലെ ചരസ് വ്യാപാരി, ചിതലുകള്‍, ഫിലോമിന, ഭ്രാന്ത്, കണ്ണാടിവീട്, പുറത്തേക്കുള്ള വഴി, അശ്വത്ഥാമാവിന്റെ ചിരി, ശ്രീചക്രം, നിഷാദസങ്കീര്‍ത്തനം, കലാപം, ബാബേല്‍, കാളിയമര്‍ദ്ദനം എന്നീ കഥകളാണ് ഈ സമാഹാരത്തില്‍.
‘‘ഒരു പരിചയക്കാരന്‍ മരിച്ചു. പല പരിചയക്കാരും മരിക്കുന്നു. അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി കരയാന്‍ കണ്ണുനീരില്ല. സമയവുമില്ല. പത്രറിപ്പോര്‍ട്ടര്‍ എഴുതിയിരുന്ന ഒബിച്ച്വറി വായിച്ചപ്പോള്‍ എന്തോ ഒരപാകത തോന്നി. എനിക്കടുത്തു പരിചയമുള്ള ബാലഗോപാലന്‍. ഒന്നുമില്ലാതെ നടന്ന ഒരു മനുഷ്യന്‍ പ്രശസ്തനായ ഒരു ഫുട്‌ബോള്‍ കളിക്കാരനായി ഉയര്‍ന്ന കഥ എനിക്കൊട്ടും രസമായി തോന്നിയില്ല. എനിക്ക് ഫുട്‌ബോള്‍ കളിയില്‍ വലിയ കമ്പമൊന്നുമില്ലല്ലോ. ഫുട്‌ബോള്‍കളി അയാള്‍ക്കു നേടിക്കൊടുത്ത ഏറ്റവും മെച്ചപ്പെട്ട കാര്യം കടുംനീലനിറവും നെഞ്ഞത്തു ക്രൈസ്‌റ്റും ഉള്ള ഒരു ബ്ലയ്‌സറാണെന്നു ഞാന്‍ കരുതി. അതു ധരിച്ചു നടക്കുമ്പോള്‍ അയാളെ കാണാന്‍ കൗതുകം തോന്നിയിരുന്നു..”. കാക്കനാടന്റെ എന്റെ പ്രിയപ്പെട്ട കഥകളിലെ ഒറ്റയാൻ എന്ന കഥയിലെ ഒരു ഭാഗമാണിത്.
മലയാള ഭാഷയ്ക്ക് സർഗ്ഗാത്മകമായ പുതിയ ഭാവം നൽകിയ കാക്കനാടന്റെ ഏറ്റവും പ്രിയപ്പെട്ട പതിനാറു കഥകളാണ് എന്റെ പ്രിയപ്പെട്ട കഥകളിൽ സമാഹരിച്ചിരിക്കുന്നത്. മലയാള സാഹിത്യ രംഗത്ത് കാക്കനാടൻ ശ്രദ്ദിക്കപ്പെടാൻ തുടങ്ങിയത് കാലപ്പഴക്കം എന്ന കഥയോടു കൂടിയാണ്.കുമിളകള്‍, യൂസഫ്ചരായിയിലെ ചരസ് വ്യാപാരി, ചിതലുകള്‍ എന്നിവ കാക്കനാടന്റെ ആഖ്യാനശൈലിയിൽ വഴിത്തിരിവുകൾ സമ്മാനിച്ചു. ഇക്കൂട്ടത്തിലെ ഓരോ കഥകളും കാക്കനാടന്റെ സാഹിത്യ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകൾ തന്നെയാണ്. പുസ്തകത്തിന്റെ നാലാം പതിപ്പാണ് ഇപ്പോൾ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.