2016 കഥകള്‍കൊണ്ട് സമ്പന്നമായ വര്‍ഷമായിരുന്നു. വിവാദങ്ങള്‍ക്കും ഏറെചര്‍ച്ചകള്‍ക്കും വഴിതെളിച്ച ചെറുകഥകള്‍ പിറവിയെടുത്തതും ഈ വര്‍ഷം തന്നെ. മലയാളികള്‍ വായിക്കുകയും മികച്ചതെന്ന് വിലയിരുത്തുകയും ചെയ്ത ആറ് ചെറുകഥകള്‍ നമ്മള്‍ കഴിഞ്ഞദിവസം പരിചയപ്പെട്ടു. ഇനി മലയാളത്തിലെ പ്രശസ്തരായ ചെറുകഥാകൃത്തുക്കളുടെ തൂലികയില്‍ നിന്നും പിറവിയെടുത്ത ചെറുകഥകളെ പരിചയപ്പെടാം.
നിത്യസമീല്‍- സുസ്‌മേഷ് ചന്ദ്രോത്ത്
ആവിഷ്‌കാര ലാളിത്യത്തിലും അനുഭവതീക്ഷ്ണതയിലും നിമഗ്‌നമായ പുതുകഥയുടെ അടയാളവാക്യങ്ങളാകുന്ന സുസ്‌മേഷ് ചന്ത്രോത്തിന്റെ പുതിയ സമാഹാരമാണ് നിത്യസമീല്‍. വരുന്ന ഓരോ മഴയും, തുടര്‍ച്ച, താളവാദ്യഘോഷങ്ങളോടെ മൃതശരീരം കടന്നുപോകുന്നു, പുലിമൃത്യു, നാമം, പതിനെട്ടു വര്‍ഷങ്ങള്‍, മത്തങ്ങാവിത്തുകളുടെ വിലാപം’. തുടങ്ങി 16 കഥകളാണ് നിത്യസമീല്‍ എന്ന സമാഹാരത്തിലുള്ളത്. ഈ കഥകളില്‍ ഭൂരിഭാഗത്തിന്റെയും സവിശേഷത അവയെല്ലാം തന്നെ ഏതെങ്കിലും ഒരു വിധത്തിലുള്ള കാത്തിരിപ്പിന്റെ കഥകളാണെന്നുള്ളതാണ്.
കഥകള്‍ എം നന്തകുമാര്‍
എം നന്തകുമാറിന്റെ അമ്പരിപ്പിക്കുന്നതും അസാധാരണവും ശക്തിമത്തുമായ് 15 കഥകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകമാണ് കഥകള്‍: എം.നന്ദകുമാര്‍. നിരവധി ലോകങ്ങളും സാധ്യതകളും ഒത്തുചേരുന്ന കഥാലോകമാണിത്. സൈബര്‍ സ്‌പേസ് എന്ന പുതിയ ലോകം തീവ്രമായി ആവിഷ്‌കരിക്കുന്ന കഥയാണ് ‘വാര്‍ത്താളി: സൈബര്‍ സ്‌പേസില്‍ ഒരു പ്രണയനാടകം’. പറയിപെറ്റ പന്തിരുകുല കഥയുടെ തനിയാവര്‍ത്തനം ആധുനിക കാലഘട്ടത്തില്‍ കടമ്പഴിപ്പുറം പഞ്ചായത്തിലെ വായില്യാംകുന്ന് വാര്‍ഡില്‍ സംഭവിക്കുന്നതിന്റെ ആഖ്യാനമായ് ‘വായില്യാക്കുന്നിലപ്പന്‍‘. യുദ്ധഭൂമിയിലുള്ള ഭര്‍ത്താവിനെക്കുറിച്ചുള്ള ഗര്‍ഭിണിയായ അമീറുന്നീസയുടെ ഓര്‍മ്മകളിലൂടെയും സംഭവിക്കുന്ന ദുരന്തത്തിലൂടെയും കടന്നുപോകുന്ന് ‘ലക്ഷ്മണരേഖ’. യാഥാര്‍ത്ഥ്യത്തെപ്പറ്റിയുള്ള സാമ്പ്രദായിക ധാരണകളെ പ്രശ്‌നവത്കരിക്കുന്ന് ചൊവ്വ, ‘അ’ എന്ന ശ്മശാനത്തിലെ നാരകം, ശൂന്യാസനം, സര്‍ഗാത്മക രോഗസിദ്ധാന്തം, ബുഭുക്ഷുമതം: ഉല്പത്തിയും വളര്‍ച്ചയും, എസ്‌കിമോ തുടങ്ങി കലാപം സൃഷ്ടിക്കുന്ന കഥകളാണ് കഥകള്‍: എം.നന്ദകുമാര്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവ ഓരോന്നും. സക്കറിയ, പി.കെ.രാജശേഖരന്‍ എന്നിവരുടെ അവതാരികകള്‍ എം.നന്ദകുമാറിന്റെ കഥാലോകത്തെ കൂടുതല്‍ അടുത്തറിയാന്‍ സഹായകമാണ്.
മനസ്സുപോകുന്ന വഴിയേ- പ്രഭാകാരന്‍
കഥ ജീവിതത്തിന്റെ ഏറ്റവും മികച്ച ഫലങ്ങളിലൊന്നാണെന്നും അത് ജീവിതത്തെ കവിഞ്ഞുനില്‍ക്കുന്ന അത്ഭുതമാണെന്നും വിശ്വസിക്കുന്ന എഴുത്തുകാരനാണ് എന്‍.പ്രഭാകരന്‍. ഒരു അപകടത്തില്‍ പെട്ട് മരണത്തിന്റെ ഗുഹാകവാടത്തിലെത്തിയ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്ന ഘട്ടത്തില്‍ ഒരുപാട് കഥകള്‍ മനസ്സില്‍ എഴുതി. അവയില്‍ പലതും മറവിയുടെ ഇരുള്‍ക്കയത്തില്‍ അമര്‍ന്നെങ്കിലും, അഞ്ചെണ്ണം അതിജീവിച്ചു. ആ അഞ്ച് കഥകളും പിന്നീട് എഴുതിയ രണ്ട് കഥകളും ചേര്‍ത്ത് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരമാണ് മനസ്സ് പോകുന്ന വഴിയേ. പേര് സൂചിപ്പിക്കുന്നതുപോലെ മനുഷ്യമനസ്സ് സഞ്ചരിക്കുന്ന വിചിത്രപാതകളിലൂടെ യാത്രചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തില്‍ ഏറെയും. മനസ്സിനെ മനനം ചെയ്യുന്ന മനശാസ്ത്രജ്ഞരും, ജ്യോത്‌സ്യനുമൊക്കെയാണ് ഓരോ കഥകളിലും ആഖ്യാതാവായി എത്തുന്നതും. ഇളനീര്‍, ഞാന്‍ പിന്നെയും ഞാന്‍, ശരീരപാഠം, ഭൂതം ഭാവി വര്‍ത്തമാനം, ഓര്‍മ്മകളുടെ ശ്മശാനം, ദൃശ്യം ഒന്ന്, ഡുണ്ടറുടും ഡുണ്ടറുടും എന്നീ കഥകളാണ് പുസ്തകത്തിലുള്ളത്.
ഒരോ പുഴയിലും -എബ്രഹാം മാത്യു
സമകാലിക മലയാളകഥയുടെ ആഖ്യാനപരവും പ്രമേയപരവുമായ വികസ്വരതയിലേക്ക് സഞ്ചരിക്കുന്ന 13 കഥകള്‍ അടങ്ങിയ സമാഹാരമാണ് ഏബ്രഹാം മാത്യുവിന്റെ ഓരോ പുഴയിലും. തീക്ഷ്ണവും യാഥാസ്ഥിതികവുമായ ജീവിതമുഹൂര്‍ത്തങ്ങളെയും ആത്മസംഘര്‍ഷങ്ങളെയുമാണഹ് ഓരോ കഥയിലും ആവിഷ്‌കരിക്കുന്നത്. കഥാകാലത്തിന് ഉള്ളുലയ്ക്കുന്ന ഒരുപലബ്ധിയാണ് ഈ സമാഹാരം. ഓരോ പുഴയിലും, പശുവും പുലിയും, മരത്തിന്‍ കൊമ്പില്‍, അമ്മ, ലെനിനും കര്‍ഷകനും, സലിം നീ വിളക്കാകുന്നു, മനുഷ്യരും മൃഗങ്ങളും, കൃഷിക്കാരന്‍, തോക്കിന്‍ കുഴലിലൂടെ, റെഡ് ഇന്ത്യന്‍, പോസ്റ്റ്‌മോര്‍ട്ടം, സുഖകരവും ചുവന്നതുമായ ജീവിതം എന്നിങ്ങനെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട കാലത്തുതന്ന ശ്രദ്ധേയമായ കഥകളാണ് ഓരോന്നും.
ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍ – കെ.വി.മണികണ്ഠന്‍
2014ല്‍ നടന്ന ഡി സി കിഴക്കെമുറി ജന്മശതാബ്ദി സ്മാരക നോവല്‍ മത്സരത്തില്‍ പുരസ്‌കാരം നേടിയ മൂന്നാമിടങ്ങള്‍ എന്ന നോവലുമായി കടന്നുവന്ന കെ.വി.മണികണ്ഠന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണ് ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍. വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച എട്ട് കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന കഥാഫെസ്റ്റ് എന്ന പരമ്പരയില്‍ എട്ട് കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് ഡി സി ബുക്‌സ്. ഇതില്‍ ഒന്നാണ് കെ.വി.മണികണ്ഠന്റെ ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍. ജലകന്യക, ട്രിവാന്‍ഡ്രം മെയില്‍, വിമര്‍ശനം ഒരു സര്‍ഗാത്മക പ്രവര്‍ത്തനമാണ്, പരോള്‍, ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍, പരമപദം, ഡോക്ടര്‍ ഞാന്‍ ഒരു ലെസ്‌കിയന്‍ ആണോ?, അച്ഛന്‍ മരം എന്നീ കഥകള്‍ അടങ്ങിയ പുസ്തകമാണ് ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍. സമകാലിക മലയാളകഥയുടെ ദീപ്തവും വൈവിധ്യപൂര്‍ണ്ണവുമായ മുഖം അനാവരണം ചെയ്യുകയാണ് ഓരോ കഥയും.
അവന്‍(മാര്‍)ജാരപുത്രന്‍- മധുപാല്‍
നടനും തിരക്കഥാകൃത്തും സംവിധായകനുമായ മധുപാല്‍ എഴുതിയ കഥകളുടെ സമാഹാരമാണ് അവന്‍ മാര്‍ജാരപുത്രന്‍. അയല്‍പ്പക്കങ്ങള്‍ വേവുന്ന മണം, ബാലഗംഗാധരതിലകന്‍ ഒരു നല്ല പേരല്ല, താഴ് വരയില്‍നിന്നും മലയിലേക്ക് കയറുന്നവര്‍, അവന്‍ (മാര്‍)ജാരപുത്രന്‍, അവള്‍ക്ക് കഥപറയാനറിയാം, ചുവപ്പ് ഒരു നീല നിറമാണ്. മരണക്കളി, ആകാശച്ചുവരിലെ അരൂപികള്‍, പ്രണയകഥ, രണ്ടറ്റം എന്നീ പതിനൊന്നുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. മനുഷ്യന്റെ വൈചിത്രിയങ്ങളിലേക്കും അനേകം അടരുകളായി ചിതറിക്കിടക്കുന്ന ജീവിതാവസ്ഥകളിലേക്കും ശ്രദ്ധക്ഷണിക്കുന്ന മധുപാലിന്റെ അവന്‍ (മാര്‍)ജാരപുത്രന് അവതാരിക എഴിതിയിരിക്കുന്നത് സാഹിത്യകാരി അഷിതയാണ്.
2016 ലെ മറ്റ് മികച്ച ചെറുകഥകളേതെന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക