‘ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
ഒരു മാത്ര നിൻ നേർക്ക് നീട്ടിയില്ല…”
കാവ്യാസ്വാദകരല്ലാത്ത മലയാളികൾ പ്രഭാവർമ്മയെ നെഞ്ചേറ്റിയത് ഈ വരികളിലൂടെയാണ്. സംഗീതാസ്വാദകരുടെ മനം കവർന്ന ഈ ഗാനം മലയാളിക്ക് സമ്മാനിച്ച ബഹുമുഖ പ്രതിഭയാണ് പ്രഭാവർമ്മ. കലയിലും , സാഹിത്യത്തിലും , പത്രപ്രവർത്തനത്തിലും , ചലച്ചിത്ര ഗാനരചനയിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രേഷ്ഠൻ. കവിതയുടെ ഭാവസൗന്ദര്യം ‘ശ്യാമമാധവം‘ എന്ന ഖണ്ഡകാവ്യത്തിലൂടെ പകർത്തി കാവ്യാസ്വാദകരെ അത്ഭുതപ്പെടുത്തിയ ശ്രേഷ്ഠകവി.
മലയാളത്തിൽ കൃഷ്ണനെ പറ്റിയുള്ള കവിതകൾക്ക് കണക്കില്ല. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു ദൈവീക പരിവേഷത്തെക്കാൾ മനുഷ്യനോടുള്ള അടുപ്പം കൊണ്ട് കുറ്റബോധത്തോടെ തന്റെ ഭൂതകാലത്തേക്ക് നോക്കുന്ന കൃഷ്ണനെയാണ് ‘ശ്യാമമാധവത്തിൽ പ്രഭാ വർമ്മ അവതരിപ്പിച്ചിരിക്കുന്നത്. അന്ത്യനിമിഷങ്ങളില്‍ ശ്രീകൃഷ്ണന്റെ മനസിലൂടെ പോകുന്ന വിചാരങ്ങളാണ് ശ്യാമമാധവത്തിന്റെ പ്രമേയം. നിരവധി പുരസ്‌ക്കാരങ്ങള്‍ക്കൊപ്പം 2016 ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും കരസ്ഥമാക്കിയ ഈ ഖണ്ഡകാവ്യം കാവ്യപുനഃസൃഷ്ടിക്ക് ഒരു മാതൃകയാണ്.
മലയാളത്തിൽ പ്രഭാവർമ്മയ്‌ക്കൊപ്പം മറ്റ് 23 ഇന്ത്യൻ ഭാഷകളിലെ സാഹിത്യ പ്രതിഭകൾ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡിന് അർഹരായി. എട്ടു ഭാഷകളിൽ കവിതകൾക്കും ഏഴു ഭാഷകളിൽ ചെറുകഥകൾക്കും അഞ്ചു ഭാഷകളിൽ നോവലുകൾക്കും പഞ്ചാബിയിൽ നാടകത്തിനുമാണ് ഇത്തവണ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്.
അവാർഡ് ലഭിച്ച മറ്റു കവികൾ, കൃതികൾ, ഭാഷ:
ജ്ഞാൻ പൂജാരി – മേഘമലർ ബ്രഹ്മൻ (അസമീസ്), അഞ്ജു – ആംഗ് മാബോറോയി ദോങ് ദസോങ് (ബോഡോ), കമൽ വോറ – അനേകേക് (ഗുജറാത്തി), സീതാനാഥ് ആചാര്യ – കാവ്യനിർഝരി (സംസ്കൃതം), ഗോവിന്ദ ചന്ദ്ര മാജി – നൽഹ (സന്താളി), നന്ദ് ജാവേരി – അഖർ കഥ (സിന്ധി), പാപിനേനി ശിവശങ്കർ – രജനീഗന്ധ (തെലുങ്ക്).
∙ ചെറുകഥ: വണ്ണദാസൻ – ഒരു ശിരു ഇശൈ (തമിഴ്), പരാമിതാ സത്പതി – പ്രാപ്തി (ഒഡിയ), അസാറാം ലോമതേ ആലോക് (മറാഠി), ശ്യാം ധരിഹരേ – ബർകി കാക്കി അറ്റ് ഹോട്ട്മെയിൽ ഡോട്ട് കോം (മൈഥിലി), ഛത്രപാൽ – ചേത (ഡോഗ്രി).
നോവൽ: ജെറി പിന്റോ – എം ആൻഡ് ദ ബിഗ് ഹൂം ( ഇംഗ്ലിഷ്), നസീറ ശർമ – പാരിജാത് (ഹിന്ദി), എഡ്വിൻ ഡിസൂസ – കാലേ ബങ്കാർ (കൊങ്കണി), ഗീത ഉപാധ്യായ് – ജന്മഭൂമി മേരോ സ്വദേശ് (നേപ്പാളി), ബൊലുവാരു മുഹമ്മദ് കുഞ്ഞി – സ്വാതന്ത്ര്യാദ ഓട (കന്നഡ). ∙ നാടകകൃത്ത്: സ്വരാജ് ബീർ – മസിയ ദി രാത് (പഞ്ചാബി).
ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക .പുരസ്‌കാര വിതരണം 2017 ഫെബ്രുവരി 22 ന് ന്യൂഡൽഹിയിൽ നടക്കും.